തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസില്‍ അവശ്യ വിഭാഗങ്ങള്‍ക്ക് യാത്രാനുമതി. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രമായിരുന്നു കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ് നടത്തിയിരുന്നത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള അവശ്യ വിഭാഗങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും സ്പെഷ്യല്‍ സര്‍വീസ് ബസുകളില്‍ യാത്ര ചെയ്യാം. കൂടാതെ പോലീസ് ജില്ലാ ഭരണകൂടം ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള വോളണ്ടിയര്‍മാര്‍ക്കും കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസില്‍ യാത്ര ചെയ്യാനാകുമെന്നും സിഎംഡി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ജില്ലകളിലേക്ക് ദിവസേന ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അത്തരം ഉദ്യോഗസ്ഥര്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷന് സിഎംഡിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: