കൊല്‍ക്കത്ത : നാരദ കേസില്‍ സിബിഐ കേസെടുത്ത് അന്വേഷണം നടത്തുന്നത് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം. കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി എത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ ഹൈക്കോടതി.
രാഷ്‌ട്രീയനേതാക്കള്‍ പ്രതികളാകുമ്പോള്‍ ജനക്കൂട്ടത്തെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. ഇതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസമാണ് തകരുന്നത്. അതിന് അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. നാരദ കേസില്‍ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഹൈക്കോടതി അടിയന്തിരമായി പരിഗണിക്കവേയാണ് ഇത്തരത്തില്‍ വിമര്‍ശിച്ചത്.
കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതില്‍ മമത ബാനര്‍ജി ധര്‍ണ്ണ നടത്തുകയും സിബിഐ നടപടിക്കെതിരെ പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ജനക്കൂട്ടത്തെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന ഇത്തരത്തിലുള്ള നടപടികളെ അംഗീകരിക്കാനാവില്ല. അത് ജനങ്ങള്‍ക്ക് കോടതിക്ക് മേലുള്ള വിശ്വാസമാണ് ഇല്ലാതാക്കുകയെന്നും ഹൈക്കോടതി അറിയിച്ചു.
നാരദ ന്യൂസ് പോര്‍ട്ടല്‍ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂല്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കീം, സുബ്രദാ മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. നേതാക്കളുടെ അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെയും അറസ്റ്റ് ചെയ്യു എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലെത്തി കുത്തിയിരുന്ന് മമത പ്രതിഷേധിക്കുകയായിരുന്നു. പുറത്ത് തൃണമൂല്‍ പ്രവര്‍ത്തകരും തടിച്ചുകൂടി. ബാരിക്കേഡുകള്‍ തകര്‍ത്ത ഇവര്‍ സിബിഐ ഓഫീസിന് നേരെ കല്ലേറും നടത്തി. മണിക്കൂറുകള്‍ സംഘര്‍ഷം നീണ്ടു. ആറുമണിക്കൂറിലധികം സിബിഐ ഓഫീസിനുള്ളില്‍ മമത പ്രതിഷേധവുമായി തുടര്‍ന്നു.
2016ല്‍ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാരദ ന്യൂസ് പോര്‍ട്ടല്‍ വീഡിയോ പുറത്തുവിടുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്എംഎച്ച് മിര്‍സയടക്കമുള്ള ബംഗാളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. ബര്‍ദ്വാന്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു അന്ന് മിര്‍സ. കേസില്‍ അന്വേഷണം നടത്താന്‍ 2017-ലാണ് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: