ആയൂര്‍: ഇളമാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മദര്‍തെരേസ പാലിയേറ്റീവ് കെയറിന്റെ സാമ്പത്തിക തട്ടിപ്പിന് തെളിവുകള്‍ പുറത്ത്. ഇടതുനേതാക്കള്‍ ഭാരവാഹികളായി രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് പാലിയേറ്റീവ് കെയറിന്റെ പേരില്‍ ഒരു വര്‍ഷം മുമ്പ് ധനശേഖരണം തുടങ്ങിയത്.
ആംബുലന്‍സ് വാങ്ങാനെന്ന പേരിലാണ് നിരവധി ആളുകളില്‍ നിന്നും പണം പിരിച്ചത്. വര്‍ഷം ഒന്നായിട്ടും ആംബുലന്‍സ് വാങ്ങിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഇളമാട് പഞ്ചായത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഒരു രാഷ്‌ട്രീയ പാര്‍ട്ടി യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റാണ്. സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ ആളുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക-ജില്ലാ നേതാക്കളാണ്. കൂടാതെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി പ്രദേശത്തെ പ്രധാന വ്യക്തികളുമുണ്ട്. എന്നാല്‍ പ്രവര്‍ത്തനങ്ങളിലുള്ള അപാകത മൂലം ചില പ്രശ്‌നങ്ങള്‍ ട്രസ്റ്റില്‍ ഉടലെടുക്കുകയും ഈ പാലിയേറ്റീവ് യൂണിറ്റിന് രൂപം കൊടുക്കാനും ഉപദേശകരായും മുന്നില്‍ നിന്നിട്ടുള്ള പ്രധാനപ്പെട്ട ആളുകള്‍ ട്രസ്റ്റ് പൂര്‍ണ്ണമായും ഉപേക്ഷിച്ചുപോയി. 2020 ജൂലൈ മാസം മുതല്‍ ആംബുലന്‍സ് വാങ്ങാനായി ഇളമാട് മദര്‍ തെരേസ പാലിയേറ്റീവിന്റെ പ്രധാന പ്രവര്‍ത്തകര്‍ ജനങ്ങളുടെ ഇടയില്‍ നിന്നും പിരിച്ചെടുത്ത പണം എന്ത് ചെയ്തു എന്നത് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.
പണം പിരിച്ചിട്ട് ഒരു വര്‍ഷമായിട്ടും ആംബുലന്‍സ് വാങ്ങിയില്ലെന്ന് മാത്രമല്ല എന്ന് വാങ്ങുമെന്നോ എന്ത് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നോ പൊതുജനങ്ങളെ അറിയിക്കുന്നുമില്ല. പണം പിരിക്കുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചായിരുന്നു കൂടുതല്‍ ധനശേഖരണം പാര്‍ട്ടി നേതാക്കള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: