ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി മെയ് 19ലേക്ക് മറ്റി.
ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്നും അവധിക്കാല ബെഞ്ചിന് വേറെ ഒരുപാട് കേസുകള്‍ പരിഗണിക്കേണ്ടതുള്ളതിനാല്‍ വിശമായ വാദം കേള്‍ക്കാന്‍ ഇപ്പോള്‍ സമയമില്ലെന്നും കോടതി വ്യക്തമാക്കി.
ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അതിനാല്‍ അടിയന്തരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗുരുകൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും നല്‍കണമെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ പ്രധാന വാദം.
ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് കള്ളപ്പണമല്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇത് പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണെന്നും കേസിലെ പ്രതിയായ അനൂപ് മുഹമ്മദില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ വിശദമായ വാദം കേള്‍ക്കാതെ ഹര്‍ജിയില്‍ വിധി പറയാനാകില്ലെന്ന് അറിയിച്ച കോടതി കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. നേരത്തെ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
ഏഴ് വര്‍ഷത്തിനുള്ളില്‍ 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തിയ ബിനീഷ്, 1.22 കോടി രൂപയ്‌ക്ക് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്‌ടോബര്‍ 29നാണ് ബിനീഷിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. നവംബര്‍ 11 മുതല്‍ പരപ്പന അഗഹ്രാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷിന്റെ സ്വത്തുക്കളെല്ലാം ഇഡി കണ്ടുകെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: