തുറവൂര്‍: കോവിഡ് രോഗികള്‍ക്ക് വളരെയേറെ ആശ്വാസകരമാണ് ആംബുലന്‍സുകള്‍.എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ പുതിയൊരു ആംബുലന്‍സ് തുറവുര്‍ താലൂക്ക് ആശുപത്രിയില്‍ നിരത്തിലിറങ്ങാനാവാതെ നോക്കുകുത്തിയായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. വാഹന രജിസ്ട്രേഷന് നടത്താന്‍ വൈകുന്നതാണ് കാരണം.
ഷാനിമോള്‍ ഉസ്മാന് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 33 ലക്ഷം രൂപ വിനിയോഗിച്ചാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കായി ആംബുലന്‍സ് വാങ്ങിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് ഫെബ്രുവരി മാസത്തില്‍ ഫ്ളാഗ് ഓഫ് നടത്തിയതുമാണ്.
കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആംബുലന്‍സ് സേവനത്തിനായി നട്ടം തിരിയുമ്പോഴാണ് ആശുപത്രി കോമ്പൗണ്ടില്‍ പുതിയ ആംബുലന്‍സ് ഒരു പ്രയോജനവുമില്ലാതെ കിടക്കുന്നത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുളളതാണ് തുറവുര്‍ താലൂക്ക് ആശുപത്രി. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ആംബുലന്‍സ് സര്‍വീസിന് സജ്ജമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. സര്‍ക്കാരും, തദ്ദേശസ്ഥാപനങ്ങളും ഇടപെട്ട് കൂടുതല്‍ ആംബുലന്‍സ് സജ്ജമാക്കുന്നതിനിടെയാണ് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ആംബുലന്‍സിന്റെ ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: