രാജ്യത്തിന്റെ മതപരമായ അന്തരീക്ഷത്തിന് പൊതുവെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് വളരെ സുപ്രധാനമായ ചില നിരീക്ഷണങ്ങളാണ് ഇക്കഴിഞ്ഞ മെയ് എട്ടിന് മദ്രാസ് ഹൈക്കോടതി നടത്തിയിട്ടുള്ളത്. എന്തിനും ഏതിനും മതേതരത്വത്തിന്റെ പേരില്‍ ഊറ്റംകൊള്ളുകയും, ഭൂരിപക്ഷ മതവിഭാഗത്തെ അടിക്കാനുള്ള വടിയായി അത് ഉപയോഗിക്കുകയും ചെയ്യുന്നത് എത്ര അയഥാര്‍ത്ഥമാണെന്ന് കാണിച്ചു തരുന്നതാണ് കോടതിയുടെ വാക്കുകള്‍. തമിഴ്നാട്ടിലെ വികളത്തൂരില് ഹിന്ദുക്കളുടെ ക്ഷേത്രോത്സവവും ഘോഷയാത്രയും സ്ഥലത്തെ സംഘടിത മുസ്ലിങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി അസാധാരണമായ സാഹചര്യത്തിലേക്ക് വിരല്‍ചൂണ്ടുകയും, ചില അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തത്. ഹിന്ദുക്കള്‍ ഘോഷയാത്ര നടത്തുന്നത് പ്രദേശത്തെ മുസ്ലിങ്ങള്‍ 2012 മുതല്‍ തടയുകയാണ്. ഹിന്ദു ഉത്സവം തങ്ങള്‍ക്ക് ഹറാമാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരന് പോലീസിനെ സമീപിക്കുകയും നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയുമായിരുന്നു. ഇതാണ് കോടതിയുടെ മുന്നിലെത്തിയത്. പരാതി പരിഗണിച്ച ഡിവിഷന് ബഞ്ച് മതപരമായ അസഹിഷ്ണുത രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് വ്യക്തമാക്കുകയുണ്ടായി.
വളരെ കര്‍ക്കശമായ ഭാഷയിലാണ് കോടതി സംസാരിച്ചത്. ഒരു വിഭാഗത്തിന്റെ മതപരമായ ഉത്സവങ്ങളെ ഇപ്രകാരം എതിര്‍ക്കുകയും, മറുവിഭാഗം അത് ആവര്‍ത്തിക്കുകയും ചെയ്താല്‍ കുഴപ്പങ്ങളിലേക്കും കലാപങ്ങളിലേക്കുമാണ് നയിക്കുകയെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കുകയാണ് കോടതി ചെയ്തത്. 2012 മുതലാണ് പ്രദേശത്ത് ഉത്സവഘോഷയാത്രയ്ക്ക് മുസ്ലിങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതിന് മുന്‍പ് ഒരു തടസ്സവുമില്ലാതെ പതിറ്റാണ്ടുകളായി ഇത് നടന്നിരുന്നതാണ്. 2012 നുശേഷവും രണ്ട് തവണ കോടതിയുടെ അനുമതിയോടെ ഘോഷയാത്ര നടന്നിരുന്നു. ഇത് ഓര്‍മപ്പെടുത്തിയ കോടതി അനുമതി നല്‍കിയിട്ടും എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍ എതിര്‍പ്പുയര്‍ത്തുന്നതെന്ന് ചോദിച്ചു. ഒരു പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗത്തിന് ആധിപത്യമുണ്ടെന്നുള്ളത് അവിടുത്തെ റോഡിലൂടെ മറ്റൊരു മതവിഭാഗം ഉത്സവഘോഷയാത്ര നടത്തുന്നത് തടയാന്‍ കാരണമാകുന്നില്ല. ഈ മതപരമായ അസഹിഷ്ണുത അനുവദിക്കപ്പെട്ടാല്‍ അത് നമ്മുടെ മതേതര സമൂഹത്തിന് നല്ലതായിരിക്കില്ല. ഏത് മതവിഭാഗത്തിന്റെയും ഏതൊരുതരം അസഹിഷ്ണുതയും നിരോധിക്കപ്പെടേണ്ടതുണ്ട് എന്നൊക്കെ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.
വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഉത്സവം തങ്ങള്‍ ഭൂരിപക്ഷമായിരിക്കുകയാണെന്ന കാരണം പറഞ്ഞ് തടയണമെന്ന ആവശ്യത്തെ കോടതി ശക്തമായാണ് വിമര്‍ശിച്ചത്. മുസ്ലിം ഭൂരിപക്ഷമാണെന്ന കാരണത്താല്‍ ഇത് അനുവദിക്കപ്പെട്ടാല്‍ രാജ്യത്ത് ബഹുഭൂരിപക്ഷം പ്രദേശത്തും ന്യൂനപക്ഷങ്ങള്‍ക്ക് മതപരമായ ആഘോഷങ്ങള്‍ നടത്താനാവില്ലെന്ന് താക്കീതിന്റെ സ്വരത്തില്‍ തന്നെ കോടതി പറഞ്ഞിരിക്കുന്നു. മദ്രാസ് ഹൈക്കോടതിയുടെ മുന്നിലെത്തിയ ഈ പ്രശ്നം ഒറ്റപ്പെട്ടതല്ല. തമിഴ്നാട്ടില്‍ തന്നെ രാമനാഥപുരം പോലുള്ള ജില്ലകളില്‍ ഹിന്ദുക്കള്‍ക്ക് ഇത്തരം വിലക്കുകളുണ്ട്. ഒരു പ്രദേശത്തെ മുസ്ലിം ആധിപത്യത്തിന് അവര്‍ ഭൂരിപക്ഷം നേടണമെന്നില്ല. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗമായാല്‍ മതപരമായ സ്വഭാവംകൊണ്ടു തന്നെ ആധിപത്യം നിലവില്‍വരുന്നു. അവര്‍ ആധിപത്യം നേടുന്നതോടെ മറ്റു മതസ്ഥര്‍ അരക്ഷിതാവസ്ഥയിലാവും. ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും പേരില്‍ പൊതുനിരത്തുകള്‍ കയ്യേറുന്നത് തങ്ങളുടെ അവകാശമാണെന്ന് കരുതി അങ്ങനെ പ്രവര്‍ത്തിക്കുന്നവരാണ് അധികൃതരുടെ അനുമതിയോടെ മറ്റുള്ളവര്‍ മതാഘോഷങ്ങള്‍ നടത്തുന്നത് ബലപ്രയോഗത്തിലൂടെ തടയുന്നത്. മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ളിടത്ത് മതേതരത്വവും ജനാധിപത്യവുമൊക്കെ പ്രഹസനമാകുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ബംഗാളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവാണല്ലോ. വളരെ ആപല്‍ക്കരമായ ഇത്തരം സ്ഥിതിവിശേഷത്തെ അനുവദിക്കാനാവില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പലരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: