കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലി തിങ്കഴാഴ്ച പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഇതോടെ ഭൂരിപക്ഷം നഷ്ടമായ ഓലി പ്രധാനമന്ത്രി പദവി ഒഴിയേണ്ടി വരും.
പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നിര്‍ദേശപ്രകാരമാണ് ജനപ്രതിനിധിസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്. ശര്‍മ്മ ഓലിയ്‌ക്ക് 93 വോട്ടുകളാണ് ലഭിച്ചത്. വിശ്വാസവോട്ട് നേടാന്‍ 275 അംഗ സഭയില്‍ ജയിക്കാന്‍ 136 വോട്ടുകളാണ് വേണ്ടത്. 124 അംഗങ്ങള്‍ എതിരായ വോട്ട് ചെയ്തു. 15 പേര്‍ നിഷ്പക്ഷത പാലിച്ചതായും സ്പീക്കര്‍ അഗ്നി സപ്‌കോട പ്രഖ്യാപിച്ചു. 232അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പില്‍ സംബന്ധിച്ചു.
പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡയുടെ സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) ഒലിയുടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇതോടെ ഓലി സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 100(3) പ്രകാരം പ്രധാനമന്ത്രി ഒലി അദ്ദേഹത്തിന്റെ പദവിയില്‍ നിന്നും ഒഴിവാകും. ഓലിയുടെ എതിരാളികളായ മാധവ് നേപ്പാള്‍ ജാല നാഥ് ഖനാല്‍ വിശ്വാസവോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രധാന പ്രതിപക്ഷങ്ങളായ 61 വോട്ടുകളുള്ള നേപ്പാളി കോണ്‍ഗ്രസും 49 വോട്ടുകളുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) ഓലിയ്‌ക്ക് എതിരായി വോട്ട് ചെയ്തു. 32അംഗങ്ങളുള്ള ജനത സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുകള്‍ ഭിന്നിച്ചു.
ഭൂരിപക്ഷം നഷ്ടമായതോടെ ഓലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെടുമെന്നും പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് നേതാവ് പ്രകാശ് മാന്‍സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: