വെങ്ങപ്പള്ളി: കൊവിഡ് മഹാമാരിയുടെ മറപിടിച്ച് വെങ്ങപ്പള്ളിയിലെ ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് കൊവിഡ് കാലത്ത് വന്‍തോതിലുള്ള സ്ഫോടനവും ഖനനവുമാണ് നടത്തിവരുന്നത്.
ഖനന പ്രദേശത്ത് മണ്ണ് നീക്കം ചെയ്യാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തി ക്വാറി സ്ഥലത്ത് വന്‍തോതില്‍ മണ്ണ് നീക്കം നടത്തുന്നുണ്ട്. ഇത് വലിയ ശേഖരമായി ക്വാറി പ്രദേശത്ത് നിക്ഷേപിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭം സംഭവിച്ചാല്‍ ഈ മണ്ണ് കുത്തിയൊഴുകി പ്രദേശത്ത് വന്‍ ദുരന്തം സൃഷ്ടിക്കാന്‍ കാരണമാകും.
സമീപത്തെ മഞ്ഞിലേരി വനവാസി കോളനിക്കാര്‍ ആശങ്കയിലാണ് കഴിയുന്നത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അനുമതി ലഭിക്കാതെയാണ് ക്വാറി ഉടമകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൊവിഡ് മാനദണ്ഡം നിലനില്‍ക്കുന്നതിനാല്‍ സമര പരിപാടികള്‍ ആക്ഷന്‍ കമ്മിറ്റി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. ഈ ആനുകൂല്യം ചൂഷണം ചെയ്ത് വന്‍ സ്ഫോടക വസ്തുക്കളുപയോഗിച്ച് തീവ്രമായ സ്ഫോടനമാണ് ക്വാറിയില്‍ നടത്തുന്നത്.
പ്രദേശത്തെ ചില സ്ഥലങ്ങള്‍ വന്‍ തുക കൊടുത്ത് ക്വാറി മാഫിയ വാങ്ങിക്കൂട്ടുന്നുണ്ട്. ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന ക്വാറിക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ഇതുവരേയു തയ്യാറായിട്ടില്ല. ക്വാറി ഉടമകള്‍ വ്യാജമായി ഉണ്ടാക്കിയ രേഖകള്‍ ജില്ലാ കളക്ടര്‍ക്ക് ആക്ഷന്‍ കമ്മിറ്റി നേരിട്ട് നല്‍കിയിട്ടും അത് പരിശോധിക്കാന്‍ പോലും കളക്ടര്‍ തയ്യാറായിട്ടില്ല. പാസുകളില്‍ കൃത്രിമം കാണിച്ച് അളവില്‍ കൂടുതല്‍ കല്ലുകള്‍ ജില്ലയുടെ പലഭാഗങ്ങളിലേക്ക് കടത്തിക്കൊണ്ട് പോകുന്നുണ്ട്.
ജില്ലാ മൈനിംഗ് ആന്റ് ജിയേളജി വകുപ്പിന്റെ നിസംഗതയാണ് ഇത്തരം നിയമലഘനങ്ങള്ക്ക് കാരണം. ക്വാറി കേന്ദ്രീകരിച്ച് കൊണ്ട് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും പ്രദേശത്ത് നടക്കുന്നുണ്ട്. പണം വെച്ചുള്ള ചീട്ട് കളി സംഘം പ്രദേശത്ത് യഥേഷ്ടം വിഹരിക്കുന്നു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര നടപടി ഉണ്ടാവണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയര്മാന് പി. കുഞ്ഞമ്മദ്, കണ്‍വീനര്‍ സലീം ബാവ, സി. ഷൈജല്‍, ഹക്കീം അത്തോളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: