മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിക്കുന്ന അനുഷ്ഠാനങ്ങളാണ് വ്രതങ്ങള്‍. ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്ക്ക് സഹായകമായ പ്രായോഗിക പദ്ധതികളെന്നും വ്രതങ്ങളെ വ്യാഖ്യാനിക്കാം. വ്രതാനുഷ്ഠാനത്തില്‍, സ്നാനത്തിലൂടെയും ക്രമീകൃതമായ ആഹാരത്തിലൂടെയും അല്ലെങ്കില്‍ ആഹാരം പൂര്‍ണമായി വര്‍ജിച്ചും ശരീരശുദ്ധി കൈവരിക്കാം. പൂജാദികര്മങ്ങളിലൂടെയും ക്ഷേത്രദര്‍ശനത്തിലൂടെയും മനസ്സിനെ ഏകാഗ്രമാക്കി ഈശ്വരാനുഗ്രഹം നേടി മനഃശുദ്ധിയും നേടാം. കാലവുമായി ബന്ധപ്പെട്ടതാണ് നമ്മുടെ വ്രതങ്ങളെല്ലാം. സംവല്‍സരം, അയനം, ഋതു, മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം എന്നിവയെ ആധാരമാക്കിയാണ് വ്രതങ്ങള്‍ പാകപ്പെടുത്തിയിരിക്കുന്നത്.
ആഴ്ച(വാരം)യിലെ ഓരോ ദിനത്തിലും അനുഷ്ഠിക്കുന്ന വ്രതങ്ങള്‍ക്ക് പ്രാധാന്യമേറെയുണ്ട്. ഒരിക്കലൂണ്, പ്രഭാതസ്നാനം, ക്ഷേത്രദര്‍ശനം എന്നിവയെല്ലാം ആഴ്ചവ്രതങ്ങള്ക്ക് പൊതുവേ അനുഷ്ഠിക്കേണ്ടവയാണ്.
സൂര്യനെ ഉദ്ദ്യേശിച്ച് അനുഷ്ഠിക്കുന്നതാണ് ഞായറാഴ്ച വ്രതം. സൂര്യപ്രീതിക്ക്, രക്തവര്‍ണത്തിലുള്ള പൂക്കള്‍ കൊണ്ട് പൂജ ചെയ്ത് രക്തചന്ദനം പ്രസാദമായി നെറ്റിയിലണിയണം. ഞായറാഴ്ചകളില്‍ ഉപ്പ്, എണ്ണ എന്നിവ വര്‍ജിച്ച് ഒരിക്കലൂണ് എടുക്കുന്നതും ദാനം ചെയ്യുന്നതും നല്ലതാണ്.
ശിവപുരാണപാരായണവും, പഞ്ചാക്ഷരീമന്ത്രജപവുമായി പരമശിവനെ ഭജിച്ച് വ്രതമെടുക്കേണ്ടത് തിങ്കളാഴ്ചകളിലാണ്.
ചൊവ്വാഴ്ചകളില്‍ ഹനുമാന് ക്ഷേത്രങ്ങളും ദേവീക്ഷേത്രങ്ങളും സന്ദര്‍ശിച്ച് വ്രതമനുഷ്ഠിക്കാം. ദുര്‍ഗ, കാളി, ഹനുമാന് എന്നീ ദേവതകളെ പ്രീതിപ്പെടുത്താനാണ് ചൊവ്വാഴ്ച വ്രതം. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍, രക്തവര്‍ണത്തിലുള്ള പുഷ്പങ്ങള്‍ എന്നിവയാണ് പൂജാദ്രവ്യങ്ങളായി ഈ ദിവസങ്ങളില്‍ ഉപയോഗിക്കേണ്ടത്.
വിധി പ്രകാരം അനുഷ്ഠിച്ചാല്‍ ആഗ്രഹിച്ചതെന്തും സാധ്യമാക്കുന്നതാണ് ബുധനാഴ്ച വ്രതത്തിന്റെ ഫലസിദ്ധി. ദാനം നല്‍കലാണ് ഈ വ്രതത്തില്‍ അനിവാര്യമായുള്ളത്. ബുധ പൂജ ചെയ്യുന്നതും ഉത്തമമാണ്.
ഭാഗവതകഥാ പാരായണത്തിനും, പാരായണം ശ്രവിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതാണ് വ്യാഴാഴ്ചകളിലെ വ്രതാനുഷ്ഠാനം. മഹാവിഷ്ണു, ശ്രീരാമന്, ബൃഹസ്പതി, എന്നീ ദേവന്മാരെ പ്രീതിപ്പെടുത്താനാണ് വ്രതമെടുക്കുന്നത്. പാല്, നെയ്യ് എന്നിവ കൊണ്ടുള്ള നിവേദ്യങ്ങള്‍ ആ ദിവസം ഭക്ഷിക്കണം.
മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി എന്നീ ദേവതകളുടെ നാമമുരുവിട്ട് ദേവീക്ഷേത്രസന്ദര്ശനം നടത്തുന്നതാണ് വെള്ളിയാഴ്ച വ്രതത്തിന്റെ മഹത്വം. അത്താഴം മുടക്കാന്‍ പാടില്ലെന്നതാണ് ഈ വ്രതത്തിന്റെ മറ്റൊരു പ്രത്യേകത.
ശനി പൂജയിലൂടെ ശനിഭഗവാനെ പ്രീതിപ്പെടുത്താനുള്ള വ്രതമാണ് ശനിയാഴ്ചകളില്‍ എടുക്കുന്നത്. അന്ന് ശനീശ്വരക്ഷേത്രങ്ങളിലോ ശാസ്താക്ഷേത്രങ്ങളിലോ ദര്‍ശനം നടത്തുന്നത് ശ്രേഷ്ഠമാണ്. കറുത്ത വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നതാണ് കൂടുതല്‍ ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: