തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യം പോലെ ആംബുലന്‍സുകള്‍. പക്ഷെ അത്യാവശ്യത്തിന് കിട്ടില്ല. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആംബുലന്‍സുകളുടെ ക്രമീകരണം പാളി. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സുകളെ ഉപയോഗിക്കുന്നില്ല.
സംസ്ഥാനത്ത് 315 കനിവ് ആംബുലന്‍സുകളുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ള ആംബുലന്‍സുകളുടെ എണ്ണം അഞ്ഞൂറോളം വരും. പോരാത്തതിന് പതിനായിരത്തിലധികം സ്വകാര്യ ആംബുലന്‍സുകള്‍. ഇവയെ എല്ലാം ക്രമീകരിക്കാന്‍ സംവിധനവും ഉണ്ടാക്കി. കൊവിഡിന്റെ തുടക്കത്തില്‍ത്തന്നെ ഇതിനായി സിറ്റിസന്‍ ആംബുലന്‍സ് റിക്വസ്റ്റ് സംവിധാനം ആരംഭിക്കുകയും ചെയ്തു. ആംബുലന്‍സുകള്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അന്ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗമെത്തിയിട്ടും ആംബുലന്‍സുകളുടെ ഏകീകരണം പോലും കൃത്യമായി നടന്നില്ലെന്ന് ആലപ്പുഴയിലെ കൊവിഡ് രോഗിയുടെ ഇരുചക്ര വാഹനത്തിലെ യാത്ര വ്യക്തമാക്കുന്നു.
315 കനിവ് ആംബുലന്‍സുകളെ ഇപ്പോഴും സിറ്റിസന്‍ ആംബുലന്‍സ് റിക്വസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവയുടെ പ്രവര്‍ത്തനം ഇപ്പോഴും കെഎംഎസ് സിഎല്‍ ആണ് നിയന്ത്രണം. സര്‍ക്കാര്‍ ആശുപത്രികളിലെ ആംബുലന്‍സുകള്‍ പലതും കട്ടപ്പുറത്താണ്. ഓടുന്നവയാകട്ടെ ഏത് നിമിഷവും നിലയ്ക്കും. 5407 സ്വകാര്യ ആംബുലന്‍സുകള്‍ സിറ്റിസന്‍ ആംബുലന്‍സ് റിക്വസ്റ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ 1971 ആംബുലന്‍സുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. ഇതില്‍ സിറ്റിസന്‍ ആംബുലന്‍സ് റിക്വസ്റ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത് 164 എണ്ണം മാത്രമാണ്.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍(സിഎഫ്എല്‍ടിസി)-117, സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍(സിഎസ്എല്‍ടിസി)-67 കളും ഡൊമിസിലറി കെയര്‍ സംവിധാനത്തില്‍ 220 സെന്ററുകളുമാണ് ഉള്ളത്. ഇവയെല്ലാം കൂടി ചേര്‍ത്താലും 404 സെന്റുകളാണ് ഉള്ളത്. ആംബുലന്‍സുകളെ കൃത്യമായി ഏകീകൃത സംവിധാനത്തില്‍ ക്രമീകരിച്ചാല്‍ എല്ലാ സെന്ററുകളിലും വാഹനം സ്ഥിരമായി തന്നെ നല്‍കാനാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
ഓക്സിജനും ക്രമീകരണമായില്ല
കൊവിഡ് രോഗികള്‍ക്ക് ശ്വാസ തടസ്സം ഉണ്ടാകും എന്ന് വ്യക്തമായിട്ടും സിഎഫ്എല്‍ടിസി സെന്ററുകളില്‍ ഓക്സിജന്‍ സംവിധാനം ഒരുക്കിയിട്ടില്ലെന്നും ആലപ്പുഴ സംഭവം വ്യക്തമാക്കുന്നു. 117സിഎഫ്എല്‍ടിസികളിലായി 132 ഓക്സിജന്‍ ബെഡുകള്‍ മാത്രമാണ് ഉള്ളത്. 67 സിഎസ്എല്‍ടിസികളിലാകട്ടെ 910 ഓക്സിജന്‍ ബഡുകളും 220 ഡൊമിസിലറി കെയര്‍ സംവിധാനത്തില്‍ 8 ഓക്സിജന്‍ ബഡുകളുമാണ് ഉള്ളത്. അധികം സംവിധാനങ്ങള്‍ ഇതുവരെയും തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടില്ല.
കൊവിഡ് രോഗിയുടെ ബൈക്ക് യാത്രയ്ക്കും ക്യാപ്സ്യൂള്‍
അവശ നിലയിലായ കൊവിഡ് രോഗിയെ സിഎഫ് എല്‍ടിസി സെന്ററില്‍ നിന്നും ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തിലും ക്യാപ്സ്യൂള്‍ പ്രചരണവുമായി സൈബര്‍ സഖാക്കള്‍. സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വീഴ്ച മറച്ച് വച്ചുള്ള പ്രചരാണവുമായി രംഗത്ത് എത്തിയത്. ആംബുലനസ് വിളിച്ചിട്ടും കിട്ടാത്തതിനാല്‍ എന്ന ആരോപണത്തെ 10 മിനിട് എടുക്കും എന്നതിനാല്‍ ബൈക്കില്‍ എത്തിച്ചു എന്നാണ് പ്രധാന പ്രചാരണം. പിന്നാലെ സംഭവത്തെ കനിവിന്റെ പ്രതീകമായി ചിത്രീകരിച്ച് സര്‍ക്കാരിന്റെ വീഴ്ചയും മറച്ചിട്ടുണ്ട്.
‘കോവിഡ് രോഗി ശ്വാസം കിട്ടാതെ പിടയുന്നു. ആംബുലന്‍സ് വിളിച്ചു, അങ്ങോട്ട് പുറപ്പെട്ടു, കേന്ദ്രത്തിലെത്താന്‍ 10 മിനുട്ട് എങ്കിലും എടുക്കും. ഭക്ഷണം നല്‍കാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ ഈ രംഗം കാണുന്നു, ശ്വാസത്തിനായി പിടയുന്ന ആളുമായി പത്ത് മിനുട്ട് കാത്തിരിക്കാന്‍ അവര്‍ തയ്യാറായില്ല. അനന്തുവും രേഖ എന്ന പെണ്‍കുട്ടിയും പിപിഇകിറ്റ് ധരിച്ച് ബൈക്കില്‍ കയറുന്നു. അവര്‍ക്ക് ഇടയില്‍ ആ രോഗിയെ ഇരുത്തുന്നു, ആശുപത്രിയില്‍ എത്തിക്കുന്നു. ആ 37കാരന് ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നു. ആംബുലന്‍സിന് പോലും കാക്കാതെ, സ്വന്തം സുരക്ഷ പോലും പണയം വെച്ച്, ഓരോ മിനുട്ടും നിര്‍ണ്ണായകമെന്ന് തിരിച്ചറിഞ്ഞ് ആ യുവാക്കളുടെ മനുഷ്യത്വപരമായ ഇടപെടല്‍….
അവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എന്നതില്‍ കൂടുതല്‍ സന്തോഷം, ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു…’ ഈ സന്ദേശം ആണ് അതേപടി പകര്‍ത്തി വ്യാപകമായി എല്ലാ സാമൂഹിക മാധ്യമങ്ങളിലും സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: