മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രം കുറിച്ചു. ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടാന്‍ ഒരു ജയം മാത്രം മതി. സെമിയുടെ ആദ്യ പാദത്തിലും രണ്ടാം പാദത്തിലും ഫ്രഞ്ച് കരുത്തന്മാരും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളുമായ പിഎസ്ജിയെ തകര്‍ത്താണ് സിറ്റി ചരിത്ത്രിലാദ്യമായി ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ പാദത്തില്‍ 2-1ന്റെ ജയം നേടിയ പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ ജയവും ആഘോഷിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 4-1ന്റെ ആധികാരിക ജയം നേടിയാണ് സിറ്റി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
എത്തിഹാദ് സ്റ്റേഡിയത്തില്‍ ഇന്നലെ രണ്ടാം പാദത്തില്‍ അള്‍ജീരിയന്‍ മിഡ്ഫീല്‍ഡര്‍ റിയാദ് മെഹ്റസ് നേടിയ ഇരട്ടഗോളാണ് സിറ്റിയുടെ ഫൈനല്‍ പ്രവേശം എളുപ്പമാക്കിയത്. പതിനൊന്ന്, 63 മിനിറ്റുകളിലായിരുന്നു മെഹ്റസിന്റെ ഗോളുകള്‍. പരിക്കേറ്റ എംബാപ്പെയെ കൂടാതെയാണ് പിഎസ്ജി രണ്ടാംപാദ സെമിക്ക് ഇറങ്ങിയത്. നെയ്മറും ഡി മരിയയും ഇകാര്‍ഡിയും മുന്നേറ്റ നിരയില്‍ ഇറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. ആര്‍ക്കും അവസരത്തിനൊത്തുയര്‍ന്ന് മികച്ച പ്രകടനം നടത്താനായില്ല. 69-ാം മിനിറ്റില്‍ ഡി മരിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും പിഎസ്ജിക്ക് തിരിച്ചടിയായി. പന്ത് കൈവശം വയ്ക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും പിഎസ്ജി മുന്നിലായിരുന്നെങ്കിലും ഗോളടിക്കാന്‍ മാത്രം അവര്‍ക്ക് പറ്റിയില്ല. കളിയിലുടനീളം 14 ഷോട്ടുകള്‍ പായിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒരെണ്ണം പോലുമുണ്ടായില്ല.
കളിയുടെ 13-ാം മിനിറ്റിലാണ് സിറ്റി ആദ്യം ഗോളടിച്ചത്. ഗോള്‍കീപ്പര്‍ എഡേഴ്സണ് കൊടുത്ത ഒരു ലോങ്ബോളാണ് ആദ്യ ഗോളിന് വഴിവച്ചത്. പന്ത് കിട്ടി സിന്‍ചെങ്കോ അത് കെവിന് ഡിബ്രൂയന് നല്കി. ഡിബ്രൂയ്ന്റെ ഷോട്ട് പിഎസ്ജി ക്യാപ്റ്റന്‍ മാര്‍ക്യുനോസ് തടഞ്ഞെങ്കിലും റീബൗണ്ട് കിട്ടിയ മെഹ്റസ് അവസരം പാഴാക്കിയില്ല. മെഹ്റസിന്റെ ഷോട്ട് പിഎസ്ജി ഗോളി കെയ്ലര് നവാസിനെ മറികടന്ന് വലയില്‍ കയറി. ആറു മിനിറ്റിനുശേഷം പിഎസ്ജിക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. എയ്ഞ്ചല്‍ ഡി മരിയയുടെ ഒരു ക്രോസ് ഉയര്‍ന്നുചാടി മാര്‍ക്കിനോസ് കുത്തിയിട്ടെങ്കിലും പന്ത് ക്രോസ് ബാറില്‍ ഇടിച്ചുമടങ്ങി. ഇതോടെ ആദ്യ പകുതിയില്‍ സിറ്റി 1-0ന് മുന്നിട്ടുനിന്നു.
ഒരു ഗോള്‍ ലീഡിന്റെ ആവേശത്തില്‍ രണ്ടാം പകുതിയില്‍ മൈതാനത്തിറങ്ങിയ സിറ്റി മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 63-ാം മിനിറ്റില്‍ ഡിബ്രൂയ്നും ഫോഡെനും ചേര്‍ന്ന് നടത്തിയ നീക്കമാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. മുന്നേറ്റത്തിനൊടുവില്‍ പന്ത് കിട്ടിയ മെഹ്റസ് ഇക്കുറിയും ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു. രണ്ടാം ഗോള്‍ വീണ് തോല്‍വി ഉറപ്പായതോടെ നിലമറന്ന മട്ടിലായി പിഎസ്ജി. പിന്നീട് കടുപ്പമുള്ള കളിയാണ് അവര്‍ പുറത്തെടുത്തത്. സിറ്റി ക്യാപ്റ്റന്‍ ഫെര്‍ണ്ടീഞ്ഞോയെ ചവിട്ടി വീഴ്ത്തിയതിന് ഏയ്ഞ്ചല്‍ ഡി മരിയയ്ക്ക് അറുപത്തിയൊന്‍പതാം മിനിറ്റില്‍ ചുവപ്പ് കണ്ട് പുറത്തു പോകേണ്ടി വന്നു. പിന്നീട് പലപ്പോഴും കളി കൈവിടുന്നതാണ് കണ്ടത്. ഒരുവേള രണ്ട് മിനിറ്റിനുള്ളില്‍ മൂന്ന് താരങ്ങള്‍ക്ക് വരെ റഫറിക്ക് മഞ്ഞക്കാര്‍ഡ് കാണിക്കേണ്ടിവന്നു. എഴുപത്തിയെട്ടാം മിനിറ്റില്‍ സിറ്റിക്ക് ലീഡുയര്‍ത്താന്‍ ഒരു അവസരം കൂടി ലഭിച്ചു. എന്നാല്‍, ഫോഡന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ചുമടങ്ങുകയായിരുന്നു.
2015-16 സീസണിലെ സെമിഫൈനല്‍ പ്രവേശമായിരുന്നു ഇതുവരെ ചാമ്പ്യന്‍സ് ലീഗിലെ സിറ്റിയുടെ ഏറ്റവും മികച്ച പ്രകടനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏതാണ്ട് കിരീടത്തോട് അടുത്തുകഴിഞ്ഞു സിറ്റി. ഇനി നാലു മത്സരങ്ങള്‍ കൂടി ശേഷിക്കെ 34 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 80 പോയിന്റുമായി വ്യക്തമായ ആധിപത്യമുണ്ട്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് 33 കളികളില്‍ നിന്ന് 67 പോയിന്റ് മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: