കണ്ണൂര്‍: മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ഡയറക്റ്ററായി നിര്‍മ്മിച്ച വിവാദ ആയുര്‍വേദ റിസോര്‍ട്ടിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗത്തെ പങ്കെടുപ്പിച്ചതില്‍ സിപിഎമ്മിനകത്ത് വിവാദം. ഇ.പി. ജയരാജന്റെ സമീപത്ത് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ വിളക്ക് കൊളുത്തുന്ന ചിത്രവും പുറത്തുവന്നു. 2016ല്‍ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍.
സിപിഎം പാര്‍ട്ടി ഗ്രാമമായ മൊറാഴയിലെ ഉടുപ്പുക്കുന്ന് ഇടിച്ച് നിരത്തി ഇ.പിയുടെ മകന്റെ കൂടി പങ്കാളിത്തത്തില്‍ ആയുര്‍വേദ റിസോര്‍ട്ട് പണിയുന്നതിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് തന്നെ എതിര്‍പ്പുമായി മുന്നോട്ട് വന്ന് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ആന്തൂര്‍ നഗരസഭ ഇതൊന്നും പരിഗണിക്കാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കി. നിര്‍മ്മാണത്തിന് ഇടിച്ചുനിരത്തുന്ന ഭാഗത്തെ മണ്ണ് അവിടെത്തന്നെ നിക്ഷേപിക്കുമെന്ന് കളക്ടര്‍ക്ക് ലഭിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് എതിര്‍പ്പുകളൊന്നുമുണ്ടായില്ല. ശാസ്ത്ര സാഹിത്യ പരിഷത്തും എതിര്‍പ്പില്‍ നിന്ന് പിന്നോട്ട് പോയി.
പ്രതിപക്ഷ അംഗങ്ങളില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യമായ അനുമതികള്‍ റിസോര്‍ട്ട് ഉടമകള്‍ വാങ്ങിയെടുത്തു. 2014ലാണ് അരോളിയില്‍ മൂന്ന് കോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സന്റെ പേരിലാണ് കൂടുതല്‍ ഓഹരി. ചില വ്യവസായികളും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.
കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്താനുമതി നിഷേധിച്ചതില്‍ ആന്തൂര്‍ നഗരസഭയില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു. അതേ മുനിസിപ്പാലിറ്റിയിലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി ഇ.പി. ജയരാജന്റെ കൂടെ കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഇ.പി. ജയരാജന്‍ ഇനി മത്സരത്തിനില്ലെന്ന് വാര്‍ത്താസമ്മേളനംവിളിച്ച് പരസ്യമായി പ്രഖ്യാപിച്ചതിന്
പിന്നാലെ കോണ്‍ഗ്രസ് നേതാവിനെ കൂടി റിസോര്‍ട്ട് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിച്ചത് സിപിഎമ്മില്‍ ചര്‍ച്ചയാകും. ബന്ധുനിയമന വിവാദമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ പിണറായിയുടെ അപ്രീതിക്ക് പാത്രമായ നേതാവാണ് ഇ.പി. ജയരാജന്‍. കണ്ണൂരില്‍ കെ. സുധാകരന്റെ കടുത്ത വിമര്‍ശകനായ മമ്പറം ദിവാകരന്റെ നിലപാട് മാറ്റം കോണ്‍ഗ്രസിലും ഗ്രൂപ്പ് പോരിന് കളമൊരുക്കും.
















