ആലപ്പുഴ: ജില്ലയിൽ സൗജന്യ കൊവിഡ് വാക്സിൻ വിതരണം അട്ടിമറിച്ച് രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള സി.പി.എമ്മിന്റെയും പിണറായി സർക്കാരിന്റെയും നീക്കം അവരുടെ രാഷ്‌ട്രീയ പാപ്പരത്വമാണ് വെളിപ്പെടുത്തുന്നതെന്ന് ബി.ജെ.പി ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും സൗജന്യ വാക്സിൻ വിതരണം സുഗമമായി നടക്കുമ്പോൾ കേരളത്തിൽ മാത്രമാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഇത് താളം തെറ്റിച്ചത്.
ഓൺലൈനായി വാക്സിൻ ബുക്ക് ചെയ്തവരുടെ രജിസ്ട്രേഷൻ പോലും റദ്ദാക്കി, ഓൺലൈനിൽ ബുക്ക് ചെയ്യാത്ത സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ നൽകി, പ്രായമായവർക്കും സാധാരണക്കാർക്കും അത് ലഭ്യമാകാതെ അവരെ പരിഭ്രാന്തിയിലാക്കി കേന്ദ്ര സർക്കാരിനെതിരെ തിരിക്കാം എന്ന പിണറായിയുടെയും സി.പി.എമ്മിന്റെയും കാഴ്ചപ്പാട് അവരുടെ ആശയ ദാരിദ്രവും രാഷ്‌ട്രീയ പാപ്പരത്വവുമാണ് വെളിപ്പെടുത്തുന്നത്.
കൊവിഡ് ടെസ്റ്റ് ചെയ്യാൻ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ നാലിരട്ടിയിലധികം തുക വാങ്ങുന്നവർ കേന്ദ്രം സൗജന്യമായി നൽകിയ വാക്സിനാണ് നാളിതുവരെ തങ്ങൾ വിതരണം ചെയ്തത് എന്ന സത്യം മറക്കരുത്. നരേന്ദ്രമോദി സർക്കാരിനെ രാഷ്‌ട്രീയമായി എതിരിടാൻ കഴിവില്ലാത്തവർ സാധാരണ ജനങ്ങളുടെ ജീവൻ വെച്ച് അതിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്സിൻ വിതരണത്തിൽ പിണറായി സർക്കാർ നടത്തുന്ന ക്രമക്കേടുകൾക്കും പിൻവാതിൽ വിതരണത്തിനുമെതിരെ ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി.ദാസ് അദ്ധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, മണ്ഡലം സെക്രട്ടറി മുരളീധരൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി തോമസ് കുരിശിങ്കൽ, മണ്ഡലം മീഡിയ കൺവീനർ സുനിൽ കുമാർ, മണ്ഡലം കമ്മറ്റി അംഗം സുരേഷ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: