ഷൊര്‍ണൂര്‍: നൂറ്റാണ്ട് പഴക്കമുള്ള ഒരിക്കലും വറ്റാത്ത പൊതുകിണര്‍ ശുചീകരണപ്രവര്‍ത്തനവുമായി ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ രംഗത്ത്. ചുഡുവാലത്തൂര്‍ എസ്ആര്‍വി സ്കൂളിന് സമീപത്താണ് വറ്റാത്ത കിണറുള്ളത്.
ഏകദേശം മൂന്നര പതിറ്റാണ്ടോളമായി ഈ പ്രദേശത്തുകാരുടെ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ കിണര്‍. കവളപ്പാറ മൂപ്പില്‍നായരാണ് ചുഡുവാലത്തൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്കായി ഇത്തരമൊരു കിണര്‍ കുഴിച്ചത്. വര്‍ഷങ്ങളോളം നിരവധി കുടുംബങ്ങള്‍ക്ക് ഈ കിണറിലെ വെള്ളമായിരുന്നു ആശ്വാസം. പിന്നീട് എസ്ആര്‍വി സ്കൂളിന് ഇതിലെ വെള്ളം ഉപയോഗിച്ചിരുന്നു.
ആള്‍മറയില്ലാതെ കിടക്കുന്ന കിണറ്റില്‍ വറ്റാത്ത ജലശേഖരമാണുള്ളത്. ഇതില്‍ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കിണറിലെ വെള്ളം ഉപയോഗിക്കാതെയായി. ഇതിലെ വെള്ളം ഉപയോഗ യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭരണാധികാരികള്‍ മുഖംതിരിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി ചുടുവാലത്തൂര്‍ വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്നത് സിപിഎം കൗണ്‍സിലര്‍മാരാണ്. അവരും ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തില്ല. എന്നാല്‍ ഇത്തവണ ബിജെപി വാര്‍ഡില്‍ നിന്നും വിജയിച്ചതോടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് കിണറിന്റെ പുനരുധാരണം നടത്തുന്നത്.
നഗരസഭ ഫണ്ടില്‍നിന്നും അഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ് കിണര്‍ ശുചീകരിച്ച് ഉപയോഗപ്രദമാക്കുന്നത്. ഇതുകഴിയുന്നതോടെ നിരവധി കുടുംബങ്ങള്‍ക്ക് ഈ കിണര്‍ ഒരനുഗ്രഹമായിമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: