വിളപ്പിൽ: വഴിതെറ്റി അലഞ്ഞ വയോധികയ്‌ക്ക് വഴികാട്ടിയായി സേവാഭാരതി പ്രവർത്തകർ. വഴിയോരത്ത് അന്തിയുറങ്ങിയിരുന്ന ഗൗരീശപട്ടം സ്വദേശിനി മീനാക്ഷിയമ്മ (80)യെ ആണ് വിളപ്പിൽ സേവാഭാരതി പ്രവർത്തകർ വീട്ടിലെത്തിച്ചത്.
മനസിന്റെ താളംതെറ്റിയ മീനാക്ഷിയമ്മ ഒരു മാസം മുമ്പാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ബന്ധുക്കൾ പലയിടത്തും തിരക്കിയെങ്കിലും അമ്മയെ കണ്ടെത്താനായില്ല. ആഴ്ചകൾക്ക് മുമ്പ് വിളപ്പിൽശാലയിൽ എത്തിയ മീനാക്ഷിയമ്മ കടത്തിണ്ണകളിലും കാത്തിരിപ്പ് കേന്ദ്രത്തിലുമായിരുന്നു അന്തിയുറക്കം.
നാട്ടുകാരിൽ ചിലർ പോലീസിനെ വിവരം അറിയിച്ചെങ്കിലും മീനാക്ഷിയമ്മയുടെ ബന്ധുക്കളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. മീനാക്ഷി എന്നാണ് പേരെന്നും, മെഡിക്കൽ കോളേജ് ഭാഗത്താണ് വീടെന്നും അവ്യക്തമായി മീനാക്ഷിയമ്മ പറഞ്ഞിരുന്നു. വിളപ്പിൽശാല പോലീസ് ദിവസങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളേജ് പോലീസിന് വിവരം കൈമാറി.
ദിവസങ്ങൾ പിന്നിട്ടിട്ടും ബന്ധുക്കളാരും വരാതായതോടെ സേവാഭാരതി പ്രവർത്തകർ സ്വന്തം നിലയ്‌ക്ക് മീനാക്ഷിയമ്മയുടെ വിലാസം തപ്പിയിറങ്ങി കണ്ടെത്തുകയായിരുന്നു. മീനാക്ഷിയമ്മയുടെ മരുമകനുമായി അവർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. തുടർന്ന് അവിടെ നിന്ന് പോലീസുകാരെയും ഒപ്പം കൂട്ടി വിളപ്പിൽശാലയിലെത്തി മീനാക്ഷിയമ്മയെ കൈമാറുകയായിരുന്നു.
വിളപ്പിൽ സേവാഭാരതി ഭാരവാഹികളായ രാജേഷ്, ആകാശ്, ശരത്, വാർഡ് മെമ്പർ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മീനാക്ഷിയമ്മയെ വീട്ടിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: