തവിഞ്ഞാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാലില്‍ തകര്‍ന്ന കലുങ്ക് രണ്ട് വര്‍ഷമായിട്ടും പുനര്‍നിര്‍മിച്ചില്ല. താല്‍കാലികമായി നിര്‍മിച്ച മരപ്പാലവും തകര്‍ന്നതോടെ നാട്ടുകാര്‍ യാത്രാദുരിതം പേറുകയാണ്. 2019 ലെ പ്രളയത്തിലാണ് മാനന്തവാടി തലശ്ശേരി റോഡിനെ ബന്ധിപ്പിക്കുന്ന വരയാല്‍ സ്‌കൂളിന് സമീപമുള്ള കലുങ്ക് പൂര്‍ണമായും തകര്‍ന്നത്.
ശക്തമായ മലവെള്ളപ്പാച്ചിലില്‍ കലുങ്കിന്റെ ഇരുഭാഗത്തേയും കെട്ട് ഇടിഞ്ഞു തകരുകയായിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളോളം നാട്ടുകാര്‍ക്ക് ഇതു വഴി യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് മഴക്കാലം കഴിഞ്ഞതിന് ശേഷം നാട്ടുകാര്‍ തന്നെ മരപ്പലക ഉപയോഗിച്ച് തല്‍കാലിക പാലം നിര്‍മിക്കുകയായിരുന്നു. നിലവില്‍ അതിലൂടെയാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ പാലത്തിന്റെ പലകകള്‍ ജീര്‍ണിച്ച് ഇളകിയതോടെ ഇതിലൂടെയുള്ള യാത്ര പ്രയാസകരമായി മാറി.
ഇതുവരെ ചെറിയ വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണെങ്കിലും ഈ മരപ്പാലത്തിലൂടെ കടന്നിരുന്നു. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പലരും വാഹനവുമായി ഇവിടെ വരെ എത്തി പാലത്തിന്റെ അവസ്ഥ കണ്ട് തിരിച്ചു പോകുകയാണ് ചെയ്യുന്നത്. പേര്യ, തലശ്ശേരി, മാനന്തവാടി എന്നിവിടങ്ങളിലേക്ക് പോകാന്‍ നിത്യേന നിരവധി പേരാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. വരയാല്‍ പ്രദേശത്തേക്ക് വാഹനവുമായി എത്തണമെങ്കില്‍ 43ാം മൈല്‍, പാറത്തോട്ടം എന്നീ വഴികളിലൂടെ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ് ഇപ്പോള്‍.
വരയാല്‍ 41ാം മൈലിലും സ്ഥിതി സമാനമാണ്.ഇവിടെയും കലുങ്ക് തകര്‍ന്നതിന് ശേഷം ചെറിയ മരപ്പാലമാണ് താല്‍ക്കാലികമായി ഉണ്ടാക്കിയത്. വരയാലിലെ തകര്‍ന്ന കലുങ്ക് പുനര്‍നിര്‍മിക്കാനും അനുബന്ധ റോഡ് നവീകരണത്തിനും കൂടി 1.35 കോടിയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കലുങ്ക് എന്ന് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും കലുങ്ക് പുനര്‍നിര്‍മിച്ച് യാത്രാ സൗകര്യം ഒരുക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: