കാട്ടാക്കട: ഗ്രാമീണ മേഖലയിലെ പ്രധാന കെഎസ്ആര്‍റ്റിസി ഡിപ്പോയായ കാട്ടാക്കടയില്‍ ഒട്ടുമിക്ക ഡ്രൈവര്‍മാരും അവധിയിലായതിനാല്‍ സര്‍വീസ് താളം തെറ്റുന്നു. റൂട്ടുകള്‍ റദ്ദാക്കി ഷെഡ്യൂള്‍ മാറ്റാതെ മറ്റ് റൂട്ടുകളിലേക്കാണ് ആനവണ്ടികളുടെ സര്‍വീസ്. ഇത് ഗ്രാമീണ, മലയോര മേഖലയില്‍ യാത്രക്കാരെ വലയ്ക്കുന്നു.
അവധി എടുത്തവരും നാട്ടില്‍ പോയവരുമായി നിരവധിപേരുടെ കുറവാണ് ഡിപ്പോയില്‍ ഉള്ളത്. ഡിപ്പായിലെ നൂറ്റിനാല്പതോളം ഡ്രൈവര്‍മാരില്‍ അറുപതോളം ഡ്രൈവര്‍മാര്‍ കോഴിക്കോട് ഉള്‍പ്പടെ ഇതര ജില്ലകളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞദിവസങ്ങളില്‍ നാട്ടില്‍ പോയവരില്‍ ഏഴോളം പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. പലരുടെയും വീട്ടുകാര്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുമാണ്. കൂടാതെ രോഗവ്യാപന സാധ്യതയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രദേശത്തു നിന്നും അവധി കഴിഞ്ഞു വരാനാകാത്തവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
മുന്‍കാലങ്ങളില്‍ താത്കാലിക ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നത് ഇത്തരം സാഹചര്യങ്ങളില്‍ പ്രശ്നപരിഹാരം കണ്ടുപോന്നിരുന്നു. ഇന്നതിന് സാധിക്കുന്നില്ല. പകരം ഉള്‍പ്രദേശങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ റദ്ദ് ചെയ്ത്, ഈ ഷെഡ്യൂള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ക്രമീകരിക്കുകയാണ് അധികൃതര്‍. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇത്തരം പ്രദേശങ്ങളില്‍ ബസ് റദ്ദാക്കുന്നത് ഇവിടങ്ങളിലെ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദിവസം ബസ് സര്‍വീസ് മുടങ്ങിയത് പ്രദേശങ്ങളില്‍ പലരെയും ജോലിക്ക് സമയത്തിന് ഹാജരാകാനും പിഎസ്സി പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുക്കാനും കഴിയാതെ ബുദ്ധിമുട്ടിലാക്കി. ഗ്രാമീണമേഖലയില്‍ മറ്റു ചില ഡിപ്പോകളിലും ഇതേ സാഹചര്യം ഉള്ളതായി വിവരമുണ്ട്. കാട്ടാക്കടയില്‍ നിന്നും ചീനിവിള തിരുവനന്തപുരം ഷെഡ്യൂള്‍, വിഴിഞ്ഞം പൂവാര്‍ എന്നിവിടങ്ങളിലേക്കുള്ള രണ്ടു ചെയ്ന്‍ സര്‍വീസും ചായ്ക്കുളം സര്‍ക്കുലര്‍ ഉള്‍പ്പെടെ നിരവധി ബസുകളും റദ്ദ് ചെയ്തിട്ടുണ്ട്.
മിക്ക ബസ്സുകളിലും യാത്രക്കാരെ ഇരിപ്പിടങ്ങളില്‍ അകലമില്ലാതെ നിറക്കുന്ന കാഴ്ചയാണുള്ളത്. സാനിറ്റൈസര്‍ ഉപയോഗം, കൈയ്യുറ, ശരിയായ രീതിയില്‍ മാസ്ക് ധരിക്കല്‍ ഇവയൊന്നും കാണാനില്ലാത്ത സ്ഥിതിയാണ്. സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തുകയോ കെഎസ്ആര്‍റ്റിസി അധികൃതരും ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തുകയും വേണ്ടത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: