ആലപ്പുഴ : തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം സംശുദ്ധമായ തന്റെ രാഷ്‌ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന്് മന്ത്രി ജി. സുധാകരന്‍. ഒരു വിവാദവും താനും കുടുംബവും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും ആരോപണങ്ങള്‍ ഉന്നയിച്ച് ആക്ഷേപിക്കാനാണ് ശ്രമം. രാഷ്‌ട്രീയ ധാര്‍മ്മികത ഇല്ലാത്ത ആരോപണങ്ങളാണ് മുന്‍ പേഴ്‌സണല്‍സ്റ്റാഫ് അംഗം തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും ജി. സുധാകരന്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ശരിയായ കമ്യൂണിസ്റ്റാണ്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഒരു ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പല പാര്‍ട്ടിക്കാര്‍ക്കും പങ്കുണ്ട്. തന്റെ ഭാര്യയെ ഫോണ്‍ വിളിച്ച് അവര്‍ ഭീഷണിപ്പെടുത്തി. സ്റ്റേറ്റ് കമ്മിറ്റി അംഗമായ തനിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പരാതിയെത്തി. ഇതിന് പിന്നില്‍ മറ്റ് ചിലരാണ്. ആരോപണം ഉന്നയിച്ചവരെ തനിക്കെതിരെ ഉപയോഗിച്ചതാണ്.
പ്രിന്‍സിപ്പലായി വിരമിച്ചയാളാണ് തന്റെ ഭാര്യ. നല്ലൊരു തുക പെന്‍ഷന്‍ കിട്ടുന്നുണ്ട്. പത്ത് വര്‍ഷമായി മന്ത്രിസ്ഥാനം വഹിക്കുന്ന തനിക്ക് ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട്. 12 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന ജോലിയാണ് മകന്റേത്. ജി സുധാകരന്റെ മകന്‍ എന്ന് എവിടെയും പറയാതെയാണ് അവന്‍ ജോലി നേടിയത്. അവനും ഭാര്യയും ഇത്തവണ വോട്ട് ചെയ്യാന്‍ വന്നത് രണ്ട് ലക്ഷം രൂപ മുടക്കിയാണ. മകന്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനല്ല. പക്ഷേ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുണ്ട്. അതാണ് ഞങ്ങളുടെ കുടുംബം. അങ്ങനെയുള്ള കുടുംബത്തെ പറ്റി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ പേരിലാണ്. മരിക്കുന്നത് വരെ താന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായിരിക്കും.
പേഴ്സണല്‍ സ്റ്റാഫിനെയൊ ഭാര്യയെയൊ താന്‍ ഒന്നും പറഞ്ഞിട്ടില്ല. പരാതി നല്‍കിയവര്‍ നിരപരാധികളാണ്. അവരെ തനിക്കെതിരെ ഉപയോഗിച്ചു. അവരോട് സഹതാപം മാത്രമേയുള്ളു. പരാതി പിന്‍വലിച്ചതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: