തൃശൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമേ പൂരം കാണാന്‍ അനുമതിയുള്ളൂ. 10 മുതല്‍ 45 വയസ് വരെയുള്ളവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് ഇല്ലെന്ന് തെളിയിക്കണം.
72 മണിക്കൂറിനു മുമ്പെങ്കിലും കോവിഡ് നെഗറ്റീവാണെന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ് പൂരം കാണുന്നതിനായി പോലീസിന് നല്‍കേണ്ടത്. കൊവിഡിന്റെ സാഹചര്യത്തില്‍ നിലവിലുള്ള മാസ്ക്, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ക്ക് പുറമെയാണിത്.
45 വയസിന് താഴെയുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെങ്കില്‍ 45 വയസു കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പൂരത്തില്‍ പങ്കെടുക്കാനാകൂ.സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് നടത്താത്ത ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴുമുണ്ട്. നിര്‍ദ്ദിഷ്ട വെബ്സൈറ്റില്‍ രജിസ്ട്രേഷന് നടത്തി പൂരത്തിന് മുമ്പ് വാക്സിനെടുക്കാന്‍ ഇവര്‍ക്കൊന്നും സാധിക്കില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനെടുക്കുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. അതിരാവിലെയെത്തി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് പോലും വാക്സിനെടുക്കാനുള്ള ടോക്കണ്‍ ആശുപത്രികളില്‍ ലഭിക്കുന്നില്ല. മെഗാ ക്യാമ്പുകള്‍ നിര്‍ത്തിയതോടെ പൊതുജനങ്ങള്‍ക്ക് വാക്സിനേഷന് നടത്താനുള്ള സൗകര്യവും ഇല്ലാതായി. വാക്സിനേഷനെടുത്തവര്‍ക്ക് കൊവിഡ് വരില്ലെന്ന വാദം എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യവുമുയരുന്നുണ്ട്.
പൂരനഗരിയിലെ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും. സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ. ഗര്‍ഭിണികള്‍ക്കും 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പൂരത്തിന് പ്രവേശനം അനുവദിക്കില്ല. വടക്കുന്നാഥക്ഷേത്ര മൈതാനത്തേക്കുള്ള 19 ഉപറോഡുകളിലും ചെക്ക് പോയിന്റുണ്ടാകും. പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക. നഗരത്തിലേക്കുള്ള പ്രധാന റോഡുകളും പോലീസ് അടയ്ക്കും.
ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ സാമ്പത്തികശേഷിയില്ലാത്ത പൂരപ്രമികള്ക്ക് പൂരം ആസ്വദിക്കാന്‍ കഴിയാത്ത സ്ഥിതിയായി. നിലവില്‍ 1700 രൂപയാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള ചെലവ്. കൊവിഡിനെ തുടര്‍ന്ന് തൊഴിലും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ വലിയ തുക നല്കി ടെസ്റ്റ് നടത്താന്‍ സാധാരണക്കാര്‍ക്ക് കഴിയാത്ത അവസ്ഥയാണിപ്പോള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള പൂരപ്രേമികളും തൃശൂര്‍ പൂരം കാണാനെത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: