ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ ഭാഗായി വെബ്കാസ്റ്റിങിനായി അക്ഷയകേന്ദ്രം മുഖേന നിയമിക്കപ്പെട്ട യുവാക്കള്‍ക്ക് ഭക്ഷണം പോലും നല്‍കാതെ അധികൃതര്‍ പീഡിപ്പിച്ചതായി പരാതി. ജില്ലയിലുടനീളം വിവിധ പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങിനായി നിയോഗിക്കപ്പെട്ടവരാണ് വെള്ളം പോലും ലഭിക്കാതെ മൂന്ന് ദിവസം ജോലി ചെയ്യിച്ചത്. തെരഞ്ഞെടുപ്പ് ദിവസത്തേക്ക് മാത്രമായിരുന്നു ഡ്യൂട്ടിയെന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച അക്ഷയകേന്ദ്രങ്ങള്‍ പിന്നീട് ട്രയലിനായി രണ്ട് ദിവസം വിളിച്ചു.രണ്ട് മണിക്കൂര്‍ ട്രയല്‍ എന്ന് പറഞ്ഞ് വിളിച്ചവര്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ബൂത്തിലിരുത്തുകയായിരുന്നെന്ന് ഇവര്‍ പരാതിപ്പെടുന്നു.
മോഡം കണക്ട് ചെയ്യാന്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയതുള്‍പ്പെടെ വെറുമൊരു ക്ലാസ് മുറിയെ വെബ്കാസ്റ്റിങ്ങിന് വേണ്ടി സജ്ജീകരിച്ചത് ഇവരായിരുന്നു. തങ്ങളോട് പറഞ്ഞിരുന്ന ഡ്യൂട്ടിയില്‍ ഇതൊന്നും വ്യക്തമാക്കിയിരുന്നില്ലെന്നും എന്നാല്‍ ഏറ്റെടുത്ത ജോലി തങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെ തന്നെയാണ് ചെയ്തതെന്നും യുവാക്കള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കി.
ഇതിന്റെ പൂര്‍ണ ചുമതല അതാതിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്ക്കായിരുന്നെങ്കിലും അവര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. വെബ്ക്യാമറ കൊണ്ടുവരുന്നവര്‍ക്ക് 1600 രൂപയും അക്ഷയകേന്ദ്രം നല്കുന്ന വെബ്ക്യാം തിരികെ ഏല്‍പ്പിക്കുന്നവര്‍ക്ക് 1500 രൂപയുമാണ് നല്‍കുന്നത്. ഇതാകട്ടെ ഒരു ദിവസത്തെ വേതനമാണ്. എന്നാല്‍ ട്രയലിന്റെ പേരില്‍ രണ്ട് ദിവസം പൂര്‍ണമായി ജോലി ചെയ്തതിന് പ്രതിഫലമൊന്നും നല്‍കിയതുമില്ല. അക്ഷയ കേന്ദ്രങ്ങളുടെ കൂട്ടായ്മയാണ് ഇത്തരത്തില്‍ റേറ്റ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: