കണ്ണൂര്‍: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മന്‍സൂര്‍ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം തന്നെ ആരോപണം ഉയര്‍ന്നതാണ്. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു ആരോപിച്ചിരുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ ഡോക്ടര്‍മാരുടെ സംഘത്തിനോട് വിവരങ്ങള്‍ ചോദിച്ചറിയും. ഇതിനായി റൂറല്‍ എസ്പി കോഴിക്കോട് മെഡി.കോളേജിലെത്തി. ഫോറന്‍സിക് പരിശോധന നടത്തിയ ഡോ. പ്രിയതയുടെയും മൊഴിയെടുക്കും.
അതേസമയം മന്‍സൂറിന്റെ കൊലപാതക കേസ് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യാഗസ്ഥന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഇസ്മായില്‍ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് നാളെ കൈമാറും. നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളാണ കേസിലെ പ്രതികള്‍. ഇതുവരെ നാല് പേരാണ് പൊലീസിന്റെ പിടിയില്‍ ആയിരിക്കുന്നത്. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. ബാക്കി പ്രതികള്‍ ഒളിവിലാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
മേല്‍നോട്ട ചുമതലയുള്ള ഐജി യോഗേഷ് അഗര്‍വാള്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടേഷനില്‍ കേരളത്തിന് പുറത്തായതിനാല്‍ ഐജി സ്പര്‍ജന്‍ കുമാറായിരിക്കും അന്വേഷണം താത്കാലികമായി ഏകോപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: