എം.എന്‍. ശ്രീരാമന്
9746079110
രേഷ്മയോട് ചീഫ് എഡിറ്റര്‍ ഇങ്ങനെയൊരു ലേഖനം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടത്, എന്തിലും ഏതിലും തന്റേതായ ഒരു സമീപനരീതിയും ചിന്താരീതിയും എഴുത്തുശൈലിയും രേഷ്മയ്ക്കുള്ളതുകൊണ്ടാണ്. അവളില്‍ ആശയക്കുഴപ്പമുണ്ടാക്കിയത്, ചീഫ് എഡിറ്റര്‍ കൊടുത്ത നാലു ഫോട്ടോകളാണ്. ആ നാലു ഫോട്ടോകള്‍ ഉപജീവിച്ചാവണം സൈദ്ധാന്തികം എന്ന വിഷയം അവതരിപ്പിക്കേണ്ടത്.
എന്റെ മേശപ്പുറത്തു നാലു ഫോട്ടോകളും അവള് നിരത്തി വച്ചു. ഒന്ന് വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുള്ള ഭീകരാക്രമണം. രണ്ട്, ഒരു മുസ്ലിം നാമധാരിയുടെ കൊലചെയ്യപ്പെട്ട ചിത്രം. മൂന്നും നാലും യഥാക്രമം ഒരു ഹിന്ദു നാമധാരിയും ക്രിസ്ത്യന്‍ നാമധാരിയും കുത്തേറ്റു മരിച്ചു കിടക്കുന്നതാണ്.
ഞാന്‍ രേഷ്മയുടെ മുഖത്തേക്ക് നോക്കി. എഴുതാന്‍ പോകുന്ന ലേഖനത്തിന്റെ ചില ആശയങ്ങളുടെ രൂപീകരണം നടക്കുന്ന പ്രതീതി ആ മുഖത്തുണ്ട്. ഈ ചിത്രങ്ങളില്‍ നിന്ന് രേഷ്മ എത്തുന്ന നിഗമനം എന്താണ്, ഞാന്‍ അവളോട് ചോദിച്ചു. അങ്ങനെ ഒരു നിഗമനത്തിലെത്തിച്ചേരുവാനും എത്തിച്ചേരുന്ന നിഗമനങ്ങളെ ശക്തിപ്പെടുത്തുവാനുമുള്ള ഒരു ട്രാക്കിനു വേണ്ടിയാണ് ഞാനിപ്പോ ഈ ഫോട്ടോകള്‍ ഡേവിഡിന്റെ മേശപ്പുറത്തു വച്ചിരിക്കുന്നത് എന്ന് അവളെന്നോട് തിരിച്ചു പറയുമ്പോള്‍, അവളിലേക്കൊരു ചിന്താ പൂമ്പൊടി ഇട്ടുകൊടുക്കേണ്ടതായ ബാധ്യത എനിക്കുമായി.
നമുക്കൊന്ന് നടന്നിട്ടു വന്നെങ്കിലോ, ഞാന്‍ രേഷ്മയോട് ചോദിച്ചു.
ഓ..ഞാന്‍ റെഡി.., അവള് അപ്പോള്‍ത്തന്നെ എഴുന്നേറ്റു..
നഗരത്തിലെ തിരക്കുള്ള ഒരു തെരുവിന്റെ ഓരത്താണ് പത്രമോഫീസ്. കുറച്ചധികം പറമ്പുള്ള ഒരു ക്രിസ്ത്യന്‍ പള്ളി സമീപത്തുണ്ട്. നാലും കൂടിയ ഒരു കവലയാണ് തൊട്ടടുത്തുള്ള ജംങ്ഷന്. ഒരു വഴി റെയില്‍വേ സ്റ്റേഷനിലെക്കു പോകുന്നു. അതിന്റെ ഓരത്താണ് ഞങ്ങള്‍ പത്രക്കാര് സ്ഥിരമായി കാലിയും പരിപ്പുവടയും കഴിക്കുന്ന ചായക്കട. രാത്രി പന്ത്രണ്ടു വരെ ചില ദിവസങ്ങളില്‍ കടയുണ്ടാകും.
ആ ഫോട്ടോകളില്‍ നോക്കി രേഷ്മയെപ്പോലുള്ള കുറച്ചധികം ഇന്റലിജന്റായ ഒരാള്‍ക്ക് ഈസിയായി ഒരു നിഗമനത്തില്‍ എത്താം എന്നാണ് എനിക്ക് തോന്നുന്നത്.., ഞാന്‍ സംസാരത്തിനു തുടക്കമിട്ടു.
അതെ.., രേഷ്മ അത് സമ്മതിച്ചു. പക്ഷെ..അത്തരമൊരു നിഗമനം ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്തിന് എന്നാണ് എനിക്ക് മനസ്സിലാവാത്തത്..
ചായ ഗ്ലാസ് കയ്യില്‍ പിടിച്ചുകൊണ്ടു അവള് എന്നെ നോക്കി. എന്റെ മനസ്സില്‍ ഞാനിതുവരേക്കും കേരളം വിട്ടു നേരില്‍ കണ്ടിട്ടില്ലാത്ത ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഭൂരേഖകള്‍ തെളിഞ്ഞു. ആകാശത്തില്‍ നിന്നുള്ള കാഴ്ച പോലെ ഇന്ത്യന്‍ സമൂഹം ഒരു ജല കണികപോലെ മനസ്സില്‍ ഉരുണ്ടുകൂടി. എന്തിനു ഇപ്പോള്‍ ഇതുപോലുള്ള ഒരു ലേഖനം എന്നതിന്റെ ഉത്തരം ഇനി പറയാന്‍ എനിക്ക് എളുപ്പമാണ്.
അന്നേരം കവലയില്‍ ഒരു കാര്‍ ഹുംകാര ശബ്ദത്തോടെ വന്നുനിന്നു. കാറിനു ചുറ്റിലും നിരവധി ബൈക്കുകള്‍ സഡന്‍ ബ്രേക്കിട്ടു നിന്നു. അനവധി യുവാക്കള്‍ ചാടിയിറങ്ങി കാറിനെ തൊഴിക്കുകയും ഡ്രൈവ് ചെയ്തിരുന്ന മധ്യവയസ്കനെ പുറത്തേക്കു വലിച്ചിട്ടു അടിച്ചു പതംവരുത്തുകയും ചെയ്തു. എല്ലാം കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളില്‍ നടക്കുകയും, യുവാക്കള്‍ വന്നപോലെ സ്ഥലം വിടുകയും ചെയ്തു. അതിനു ശേഷമാണ് പോലീസ് വരുകയും അനന്തര നടപടികളിലേക്ക് കടക്കുകയും ചെയ്തത്.
കടയിലേക്ക് വന്നു കയറിയ ഒരാള്‍ പറഞ്ഞു, ആ ഡ്രൈവര്‍ നല്ല പൂസായി വണ്ടിയോടിച്ചു ആറേഴുപേരെ ഇടിച്ചിട്ടിട്ടാ ഇങ്ങോട്ടു പോന്നേ.. ആളുകള്‍ വെറുതെ വിടൊ?
ആയിക്കോട്ടെ അയാളെ വന്നു ചവിട്ടിക്കൂട്ടി പോയതില്‍ എന്തോ ഒരു പിശക് കാണുന്നുണ്ട്. കാര്യം അയാള്‍ ചെയ്തത് പോക്രിത്തരമാണെങ്കിലും…, മറ്റൊരാള്‍ പറഞ്ഞു..
ഞാന്‍ രേഷ്മയോട് പറഞ്ഞു, ആ ഇന്‍സിഡന്റില്‍ ഒരു തീവ്രവാദത്തിന്റെ എലമെന്റ് ഇല്ലേ?
ഉണ്ടോ?, അവളെന്റെ മുഖത്ത് നോക്കി.
ഡ്രൈവര്‍ തെറ്റ് ചെയ്തു. ആള്‍ക്കൂട്ടം അംഗീകൃത നിയമത്തിന്റെ വഴിയേ പോകാതെ എന്നാല്‍ പൊതു നിയമബോധത്തില്‍ നിന്നുകൊണ്ട് സഡന്‍ ശിക്ഷ കൊടുത്തു-ഇവിടെയൊക്കെ തെറ്റ്-ശരി എന്ന ദ്വന്ദം ഉണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പിന്നില്‍ ഈ ശരി തെറ്റുകളുടെ സാന്നിധ്യം രേഷ്മ കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യ സമൂഹത്തിനുമേല്‍ ചാടിവീഴുന്ന ഒരു കൂട്ടര് കൊന്നൊടുക്കുന്നത് അവര്‍ക്കു ഒരു തരത്തിലും വ്യക്തിവൈരാഗ്യം വരാത്ത നിഷ്ക്കളങ്കരെയാണ്. തീവ്രവാദത്തിന്റെ രസതന്ത്രം കൃത്യമായി ഡിഫൈന്‍ ചെയ്യേണ്ട ഒരു സമയമാണ് ഇപ്പോഴത്തേത് എന്ന് എഡിറ്റര്‍ മനസ്സിലാക്കിയിട്ടുണ്ട്. രേഷ്മക്കതു കഴിയും എന്ന് പുള്ളിക്ക് നല്ല ബോധ്യവുമുണ്ട്.
അവളൊന്നു കണ്ണടച്ചു. ഉവ്വ്, ഈയിടെയുള്ള സമരങ്ങള്‍ പെട്ടെന്ന് അന്താരാഷ്ട്രവല്ക്കരിക്കപ്പെടുന്നുണ്ട്. അത്തരം സമരങ്ങളുടെ ബ്രെയിന്‍ ആയവരില്‍ ഒരു ടെററിസ്റ് ആറ്റിറ്റിയൂഡ് ഇല്ലേയെന്ന് സംശയിച്ചു പോകുന്ന സാഹചര്യവും ഉണ്ട്. അവിടെ ഡേവിഡ് പറഞ്ഞ പോയിന്റ് ആണ് ശരിയെന്നു എനിക്ക് തോന്നുന്നു. വ്യക്തികളോടുള്ള ശത്രുതയും സമൂഹത്തിനോടുള്ള ശത്രുതയും. സമൂഹത്തിനോടുള്ള ശത്രുത കൂട്ടി കൂട്ടി കൊണ്ടുവരുന്ന ഒരു ശൈലിയാണ് ഇന്ന്-റിയല്‍ ടെററിസം.
ഞാനവള്‍ക്കു കൈ കൊടുത്തു.
ഓഫീസിലേക്ക് തിരിച്ചെത്തിയ രേഷ്മ പിന്നെ ഒറ്റയിരുപ്പായിരുന്നു, കംപ്യൂട്ടറിന്റെ മുന്നില്‍. വാക്കുകളും വിശകലനങ്ങളും ആ വിരല്‍ത്തുമ്പിലൂടെ കീ ബോര്‍ഡിലേക്ക് പ്രവഹിച്ചു.. ഞാനപ്പോള്‍ ചിന്തിച്ചത് എന്‍. എസ്. മാധവന്റെ തിരുത്ത് എന്ന കഥയെക്കുറിച്ചാണ്. രേഷ്മയുടെ വിശകലനം വായിച്ചു കഴിയുന്ന എഡിറ്റര്‍ എന്‍.എസ്. മാധവന്റെ കഥയിലേക്ക് ഇറങ്ങിപ്പോകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: