മുംബൈ: ഐപിഎല്ലില്‍ ഇന്ന് ഗുരുവും ശിക്ഷ്യനും മുഖാമുഖം. ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന്് ധോണിയുടെ പിന്‍ഗാമിയായ ഋഷഭ് പന്തിന്റെ ദല്‍ഹി ക്യാപിറ്റല്‍സിനെ എതിരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
പതിനാലാമത് ഐപിഎല്ലില്‍ വിജയത്തോടെ അരങ്ങേറാനുള്ള ഒരുക്കത്തിലാണ് ഇരു ടീമുകളും. ആശാന്റെ ടീമും ശിക്ഷ്യന്റെ ടീമും തമ്മിലുള്ള ഈ പോരാട്ടത്തില്‍ ആരാധകര്‍ക്ക് സൂപ്പര്‍ വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാം.
പോയവര്‍ഷം യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ രണ്ടാം സ്ഥാനം നേടിയ ടീമാണ് ദല്‍ഹി ക്യാപിറ്റല്‍സ്. അന്ന് ശ്രേയസ് അയ്യരാണ് ദല്‍ഹിയെ നയിച്ചത്. പരിക്കേറ്റ അയ്യര്‍ക്ക്് ഈ സീസണില്‍ കളിക്കാനാകില്ല.
അതേസമയം മൂന്ന് തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് കഴിഞ്ഞ സീസണില്‍ തകര്‍ന്ന്് തരിപ്പണമായി. എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരാജയം പഴയകഥയാക്കി പുതിയ സീസണില്‍ വിജയത്തോടെ തുടങ്ങാനുള്ള പുറപ്പാടിലാണ് ധോണിയും സംഘവും.
ശ്രേയ്സ് അയ്യര്‍ക്ക് പകരമാണ് ഋഷഭ് പന്ത് ഇത്തവണ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായത്. ധോണിയില്‍ നിന്ന് പഠിച്ച അടുവകള്‍ എല്ലാം ഐപിഎല്ലില്‍ പ്രയോഗിക്കുമെന്ന് ഋഷഭ് പന്ത് പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ എന്റെ ആദ്യ മത്സരം മഹി ഭായി (ധോണി)െക്കതിരെയാണ്. ധോണിയില്‍ നിന്ന് ഏറെ പാഠങ്ങള്‍ പഠിച്ച തനിക്ക്് ഈ മത്സരം മികച്ചൊരു അനുഭവമാകുമെന്ന്് ഋഷഭ് പന്ത് വെളിപ്പെടുത്തി.
ശക്തമായി ബാറ്റിങ് നിരയാണ് ദല്‍ഹിയുടെത്. പരിചയസമ്പന്നരായ ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, സ്റ്റീവ് സ്്മിത്ത്, ഋഷഭ് പന്ത് എന്നിവര്‍ അണിനിരക്കുന്ന ബാറ്റിങ് നിര ബൗളര്‍മാര്‍ക്ക് പേടിസ്വപ്നമാണ്. 2020 ലെ ഐപിഎല്ലില്‍ 618 റണ്‍സ് നേടി രണ്ടാമത്തെ ഉയര്‍ന്ന സ്കോററായ താരമാണ് ധവാന്. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ മികവ് കാട്ടിയ ധവാന് മിന്നുന്ന ഫോമിലാണ്. വിജയ് ഹസാരെ ട്രോഫിയില്‍ 827 റണ്‍സ് വാരിക്കൂട്ടിയ പൃഥ്വി ഷായും ഫോമിലാണ്. ധവാനും ഷായുമാണ് ദല്‍ഹിയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ക്യാപ്റ്റന്‍ പന്തും ഫോമിലാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മാര്‍ക്കസ് സ്റ്റോയ്നിസ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, സാം ബില്ലിങ്സ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്.
ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കഗിസോ റബഡ, ആന്റിച്ച് നോര്‍ട്ജെ എന്നിവരുടെ സേവനം ആദ്യ മത്സരങ്ങളില്‍ ഉണ്ടാകില്ലെങ്കിലും ഇവര്‍ക്ക് പകരം വയ്ക്കാവുന്ന ബൗളര്‍മാര്‍ ടീമിലുണ്ട്. പേസര്‍മാരായ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ക്രിസ് വോക്സ് എന്നിവരാണവര്‍. സ്്പിന്നര്‍മാരായ ആര്. അശ്വിനും അമിത് മിശ്രയും ടീമിലുണ്ട്.
പരിചയ സമ്പന്നനായ സുരേഷ് റെയ്ന തിരിച്ചെത്തിയതോടെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് നിര ശക്തമായി. ഋതുരാജ് ഗെയ്ക്കുവാദ്, ദക്ഷിണാഫ്രിക്കയുടെ ഫാ ഡുപ്ലെസിസ്, അമ്പാട്ടി റായ്ഡു, ധോണി എന്നിവരാണ് ബാറ്റിങ്ങിലെ മറ്റ് കരുത്തന്മാര്. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ഒറ്റയ്ക്ക് പൊരുതിയ ഓള്‍റൗണ്ടര്‍ സാം കറന് പന്ത് കൊണ്ടും ബാറ്റു കൊണ്ടും കളിയുടെ ഗതിമാറ്റാന്‍ മിടുക്കുള്ള താരമാണ്. ചെന്നൈയുടെ ബൗളിങ്ങിനെ ഷാര്‍ദുല്‍ താക്കുര്‍, ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: