പത്താം നൂറ്റാണ്ട് കര്‍ണാടകത്തിന്റെ ആത്മീയ സാംസ്‌കാരിക വീഥിയില്‍ എഴുതുന്നത് ഐതിഹാസികമായ ചരിത്രമാണ്. പംപാ, ശ്രീപൊന്ന, റണ്ണ എന്നിവര്‍ ചേര്‍ന്ന ‘ത്രിരത്‌നങ്ങള്‍’ ആ കാലത്തിന്റെ ചൈതന്യധന്യമായ നാദമാണ്.
ആത്മീയ സൗഭഗങ്ങളുടെ വിശുദ്ധിയും സങ്കല്‍പ്പവുമുണര്‍ത്തി സമൂഹത്തിന്റെ സമ്പൂര്‍ണമായ ഉന്നതിയാണ് ജനപ്രിയ കവിയായ റണ്ണാ ലക്ഷ്യമിട്ടത്. ഭാരതീയമായ പുരാണേതിഹാസങ്ങളില്‍ നിന്ന് ഊര്‍ജം കൊണ്ടാണ് റണ്ണാ സാഹിതീ സഞ്ചാരത്തില്‍ ശോഭനീയമായ വിജയം നേടുന്നത്.
കര്‍ണാടകത്തിലെ മുഡുവോവണ്‍ ജില്ലയിലാണ് റണ്ണായുടെ ജനനം. വളക്കച്ചവടക്കാരുടെ കുടുംബമായിരുന്നു അത്. പ്രാഥമിക വിഭ്യാഭ്യാസം നേടിയ ശേഷം സംസ്‌കൃതി, ഗ്രന്ഥങ്ങളിലൂടെയും സഞ്ചാരത്തിലൂടെയുമാണ് ആത്മീയമൂല്യങ്ങള്‍ റണ്ണായുടെ ഹൃദയത്തില്‍ വെളിച്ചമാകുന്നത്. തീര്‍ഥങ്കര പരമ്പരയുടെ സൂക്ഷ്മപഠനത്തിലൂടെ ജൈനതത്ത്വസംഹിതയുടെ ജ്ഞാന ബോധത്തില്‍ പ്രവേശിച്ച റണ്ണാ കവിതയുടെ മഹാകാശങ്ങളില്‍ ജ്വലിക്കാന്‍ തുടങ്ങി.
പുരാതന കന്നഡ ഭാഷയായ ‘ഹളേ ഗന്നഡ’ യിലാണ് ആ കൗതുകങ്ങള്‍ ചിറകുവിരിക്കുന്നത്. പടിഞ്ഞാറന്‍ ഗംഗാവംശത്തിന്റെ മന്ത്രിമുഖ്യനായ ചൗണ്ഡരായന്റെ ആശിസ്സും ആശീര്‍വാദവും തേടി റണ്ണാ കവിത്വത്തിന്റെ വിസ്മയ വീഥികളില്‍ ചരിച്ചു. സാമാന്യ ജനങ്ങളുടെയും സഹൃദയരുടെയും അംഗീകാരവും പ്രീതിയും നേടിയ റണ്ണാ കവിതയുടെ സ്‌നേഹപഥങ്ങളില്‍ നന്മയുടെ വിത്തുകളാണ് വിതച്ചത്.
ചാലൂക്യ സാമ്രാജ്യത്തിന്റെ ഉദയത്തോടെ രാജാ സത്യാശ്രയന്റെ പിന്‍ഗാമിയായെത്തിയ തൈലപന്‍ രണ്ടാമന്റെ ആസ്ഥാനകവി പദത്തില്‍ റണ്ണാ അവരോധിതനായി. മാനുഷ്യകത്തിന്റെ സ്‌നേഹബിംബങ്ങളില്‍ ജനമനസ്സില്‍ ഇടം നേടിയ ഗുരു റണ്ണായെ ‘കവി ചക്രവര്‍ത്തി’യെന്ന ബിരുദ നാമധേയം നല്‍കി രാജാവ് ആദരിക്കുകയായിരുന്നു.
രണ്ടാം തീര്‍ഥങ്കരനായ അജിതനാഥന്റെ യോഗാത്മക ജീവനചരിതമാണ് റണ്ണായുടെ പ്രകൃഷ്ട കൃതിയായ ‘അജിത പുരാണം’. പട്ടാളമേധാവിയായ നാഗവര്‍മന്റെ പത്‌നി അത്തിമബെയുടെ നിരന്തരമായ പ്രോത്സാഹനം ചമ്പൂശൈലിയിലെഴുതിയ ഈ രചനയുടെ പിന്നിലുണ്ടെന്ന സൂചന കാണാം. വിഖ്യാതമായ ‘പരശുരാമചരിതം’ എന്ന കൃതി ഗംഗാവംശത്തിന്റെ സചിവ മുഖ്യനും സൈന്യാധിപനുമായ ചാമുണ്ഡരായരെക്കുറിച്ചുള്ള സ്തുതി ഗീതകങ്ങളാണ്.
സാക്ഷാല്‍ പരശുരാമന്റെ വിക്രമധന്യമായ ജീവിതബിംബത്തെ പ്രതീകാത്മകമായി സ്വീകരിച്ചാണ് ചാമുണ്ഡരായരെ പ്രകീര്‍ത്തിക്കുന്നത്. അതിശയോക്തിപരമെങ്കിലും ഭാവസത്യത്തിന്റെ നിലാവിലാണ് കാവ്യം ശോഭിക്കുന്നത്. ‘റണ്ണാ കാണ്ഡ’ എന്ന ‘പദാര്‍ഥ ഗ്രന്ഥ’ത്തിന്റെ പന്ത്രണ്ടു കാണ്ഡം മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്.
വീരചരിതങ്ങളുടെ ഐതിഹ്യപ്പെരുമകള്‍ പാടിപ്പുകഴ്‌ത്തുന്ന ആ കാലഘട്ടത്തിന്റെ സാഹസിക ഗാഥയാണ് ‘സാഹസഭീമ വിജയം’ അഥവാ ‘ഗദായുദ്ധം’. ഈ രചന റണ്ണായുടെ പ്രകൃഷ്ട രചനകളില്‍ പ്രാഥമ്യമര്‍ഹിക്കുന്നു. മാധ്യമപാണ്ഡവനായ ഭീമനുമായി പ്രതീകഭംഗ്യാസമരസപ്പെടുത്തി ചാലൂക്യരാജാവായ സത്യരായന്റെ കര്‍മചരിതത്തെ ഘോഷിക്കുകയാണ് ഗ്രന്ഥം. ‘ചക്രേശ്വര ചരിതെ’ എന്ന വിശിഷ്ട രചന ആത്മീയ വിഭൂതിയുടെ ദിവ്യസന്ദേശവുമായി ജനഹൃദയങ്ങളില്‍ ഇടം നേടുന്നു.
ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന്റെ നാള്‍ വഴികളിലാണ് സുകൃത കവിയായി റണ്ണാ പ്രാമാണ്യം കുറിച്ചത്. കേവലം മുഖസ്തുതികളോ സാഹസിക ചരിതങ്ങളോ മാത്രമായിരുന്നില്ല ആ കാവ്യസമ്പുടങ്ങള്‍.
സാമൂഹ്യ പരിവര്‍ത്തനാഹ്വാനങ്ങളും മാനവത തേടുന്ന മഹാമന്ത്രണങ്ങളും പൈതൃകധാരയുടെ ചിരന്തന സങ്കല്‍പ്പങ്ങളും മഹാകവി റണ്ണായുടെ ഉദാത്തരചനകളുടെ അന്തര്‍നാദമാണ്. സംസ്‌കൃതി സമസ്യകളില്‍ ആ കാവ്യഗംഗ വിലയം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: