ന്യൂദല്‍ഹി: മുന്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും ഇപ്പോഴത്തെ ഗതാഗതമന്ത്രി അനില്‍ പരബും തന്നോട് മാസം തോറും 100 കോടിയിലധികം രൂപ വീതം നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെന്ന് സസ്‌പെന്‍റ് ചെയ്യപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെ എന്‍ഐഎയ്‌ക്ക് നല്‍കിയ കത്തില്‍ വെളിപ്പെടുത്തി. ഇതോടെ അഴിമതി ആരോപണത്തിന്റെ മുന മറ്റൊരു മഹാരാഷ്‌ട്ര മന്ത്രിയിലേക്ക് കൂടി നീളുകയാണ്.
നേരത്തെ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗും ഇതേ ആരോപണം മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം അനില്‍ ദേശ്മുഖ് രാജിവെച്ചിരുന്നു. ഡാന്‍സ് ബാറുകളില്‍ നിന്നും പബ്ബുകളില്‍ നിന്നുമായി മാസം തോറും 100 കോടി വീതം പിരിച്ചെടുക്കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു പരംബീര്‍സിംഗ് പരാതിപ്പെട്ടത്. പക്ഷെ ഇപ്പോള്‍ സച്ചിന്‍വാസെ ഉന്നയിച്ച അഴിമതിയാരോപണത്തില്‍ അനില്‍ പരബ് എന്ന ഗതാഗതമന്ത്രിയുടെ പേര് കൂടി വെളിപ്പെട്ടിരിക്കുകയാണ്. ഇതോടെ വരുംനാളുകളില്‍ അനില്‍ പരബിന്റെ രാജിക്കുള്ള ആവശ്യം ഉയരുമെന്നുറപ്പായി.
മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച കേസില്‍ മുഖ്യപ്രതികളിലൊരാളായ സച്ചിന്‍ വാസെ ഇപ്പോള്‍ എന്‍ ഐഎ കസ്റ്റഡിയിലാണ്. ഇദ്ദേഹം സ്വന്തം കൈപ്പടയില്‍ എന്‍ഐഎക്ക് എഴുതി നല്‍കിയ കത്തിലാണ് ഞെട്ടിപ്പിക്കുന്ന പുതിയ ആരോപണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മഹാരാഷ്‌ട്ര ഗതാഗത മന്ത്രി അനില്‍ പരബ് തന്നോട് മുംബൈ നഗരസഭയിലെ 50 കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് രണ്ട് കോടി ഈടാക്കാന്‍ ആവശ്യപ്പെട്ടതായും സച്ചിന്‍ വാസെ കത്തില്‍ സൂചന നല്‍കിയിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട തന്നെ 2020ല്‍ മുംബൈ പൊലീസില്‍ വീണ്ടും തിരിച്ചെടുത്തതിന് എന്‍സിപി മേധാവി ശരത് പവാര്‍ എതിരായിരുന്നുവെന്നും സച്ചിന്‍ വാസെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പൊലീസിലെടുത്ത നടപടി റദ്ദാക്കാന്‍ ശരത് പവാര്‍ ആഗ്രഹിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു. തന്നെ വീണ്ടും ക്രൈംബ്രാഞ്ചില്‍ ഇന്‍സ്പെക്ടറായി നിയമിക്കുന്നതിന് പിന്നില്‍ ശിവസേനയാണെന്ന ആരോപണമാണ് പരോക്ഷമായി സച്ചിന്‍ വാസെ കത്തില്‍ സൂചിപ്പിക്കുന്നത്.
രണ്ട് കോടി രൂപ അനില്‍ ദേശ്മുഖിന് നല്‍കിയാല്‍ സച്ചിന്‍ വാസെയെ വീണ്ടും പൊലീസിലെടുക്കുന്നതിനെ എതിര്‍ക്കുന്ന ശരത്പവാറിനെ പറഞ്ഞ് ശരിയാക്കാമെന്ന് തനിക്ക് വാക്കുതന്നിരുന്നതായും സച്ചിന്‍ വാസെ കത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: