കോട്ടയം : ശബരിമല വിശ്വാസസംരക്ഷണ വിഷയത്തിലെ നിയമ പോരാട്ടത്തിലും നാമജപ യാത്രകളിലും മുന്‍നിരയില്‍ നിലകൊണ്ട എന്‍എസ്എസ്സിന് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്, വിശ്വാസി സമൂഹത്തിന്റെ പ്രതികരണം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. കാരണം അവരില്‍ ആഴമുള്ള മുറിവാണ് ഉണ്ടായിരിക്കുന്നത്. അത് അത്രവേഗം കരിയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമലയുമായി ബന്ധപ്പെട്ട സ്ത്രീ പ്രവേശന വിഷയം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലും പൊതു സമൂഹത്തിലും സജീവ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞതിലുള്ള സംപ്തൃപ്തിയിലാണ് എന്‍എസ്എസ് നേതൃത്വം.എങ്കിലും, ശബരിമല വിഷയത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അവസരവാദ നിലപാടുകളിലും, ആത്മാര്ത്ഥതയില്ലായ്മയിലുംഎന്എസ്എസിന് കടുത്ത വിയോജിപ്പും, അതൃപ്തിയുമുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലമില്ലാതെ നിയമപോരാട്ടങ്ങളിലൂടെ ശബരിമല ക്ഷേത്രത്തില്‍ നിലനിന്നുവരുന്ന ആചാരങ്ങളെ സംരക്ഷിക്കുവാന്‍ കഴിയുമെന്ന ദൃഢവിശ്വാസമാണ് എന്‍എസ്എസ് നേതൃത്വം പ്രകടിപ്പിക്കുന്നത്.
വിശ്വാസ സംരക്ഷണത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടതു മുതല്‍ അണുവിട മാറാതെയുള്ള നിലപാട് കൈക്കൊണ്ടത് എന്‍എസ്എസ് മാത്രമാണെന്ന് സമീപ കാലങ്ങളില്‍ എന്‍എസ്എസിന്റെ പ്രസ്താവനകളില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്‍എസ്എസ് കൈക്കൊണ്ട നിയമ പോരാട്ടങ്ങള്‍ അതിന് തെളിവായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രചാരണത്തിന്റെ അവസാനഘട്ടമെത്തിയപ്പോള്‍ മുന്നണികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളും വാഗ്ദാനങ്ങളും അപ്രസക്തമാക്കി ശബരിമല ഒരു വൈകാരിക വിഷയമായി നാടൊട്ടുക്കും ഉയര്‍ന്നുവന്നു കഴിഞ്ഞു. ഭരണ കക്ഷികളില്‍ നിന്ന് ഭിന്നാഭിപ്രായങ്ങളും പുറത്തുവന്നു. വിശ്വാസ സംരക്ഷണത്തെ അടക്കിവെക്കാന്‍ കഴിയില്ലെന്ന് വന്നതോടെയാണ് മുന്നണി നേതൃത്വങ്ങള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായെന്ന നിലപാടാണ് എന്‍എസ്എസ്സിനുള്ളത്.
2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധിക്ക് എതിരായി എന്‍എസ്എസിനു വേണ്ടി മുന്‍ അറ്റോര്‍ണിജനറലും സീനിയര്‍ അഭിഭാഷകനുമായ കെ. പരാശരന് മുഖേന റിവ്യൂഹര്‍ജി ഫയല്‍ ചെയ്തു.
നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രത്തില്‍ നിലനിന്നുവരുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തു ന്നതിനു വേണ്ടി ഇന്ത്യന്‍ യെങ് ലോയേഴ്സ് അസോസിയേഷന് കേസ് ഫയല്‍ ചെയ്തപ്പോള്‍ ശബരിമല ക്ഷേത്രത്തില്‍ നിലനിന്നു പോരുന്ന കീഴ്വഴക്കങ്ങള് കോടതിയെ ബോധിപ്പിക്കുന്നതിന് വേണ്ടി നായര്‍ സര്‍വീസ് സൊസൈറ്റി അതില്‍ കക്ഷിചേര്‍ന്നു. അന്നു മുതല്‍ നിലവില്‍ റിവ്യൂ ഹര്‍ജി നല്കിയതുവരെയുള്ള നിയമ പോരാട്ടങ്ങളുടെ എല്ലാ രംഗത്തും എന്‍എസ്എസിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. വിശ്വാസസം രക്ഷണം ഉറപ്പാകുന്നതുവരെ ഏതറ്റം വരെയും പോകുമെന്നും എന്‍എസ്എസ് അര്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടി യുഡിഎഫ് നിയമസഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചില്ല. അതിന് പകരം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിയമ നിര്‍മാണം നടത്തുമെന്നാണ് പറയുന്നത്. ഈ പ്രഖ്യാപനത്തിന് ആത്മാര്തഥയില്ല. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്ന ഇടതുപക്ഷത്തിന് സുപ്രീംകോടതിയില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തി കൊടുക്കാനോ ഒരു നിയമ നിര്‍മാണ ത്തിലൂടെ ഈ വിഷയം പരിഹരിക്കാനോ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: