ആൽബനി: ന്യൂയോർക്കിൽ മരിവാന (കഞ്ചാവ്) നിയമവിധേയമാക്കി. ഇതു സംബന്ധിച്ച ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇനി മുതൽ 21 വയസ്സ് മുതൽ പ്രായമുള്ളവർക്ക് മരിവാന ഉപയോഗിക്കാം. ഈ സുപ്രധാന നിയമനിർമ്മാണത്തിലൂടെ ദീർഘകാലമായി പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് നീതി നൽകാനും സമ്പദ്‌വ്യവസ്ഥയെ വളർത്തുന്ന ഒരു പുതിയ വ്യവസായത്തെ സ്ഥാപിക്കാനും സാധിക്കുന്നത്-ഗവർണർ ആൻഡ്രൂ കോമോ പ്രസ്താവനയിൽ പറഞ്ഞു.
നിയന്ത്രിത മരിവാന വിൽപ്പന അനുവദിക്കുന്ന യുഎസിലെ പതിനാറാമത്തെ സംസ്ഥാനമായി ന്യൂയോർക്ക്. ഡെമോക്രാറ്റിക്ക് നിയന്ത്രണത്തിലുള്ള സെനറ്റും അസംബ്ലിയും ബിൽ പാസാക്കിയതോടെ, നിയന്ത്രിത വസ്തുക്കളുടെ പട്ടികയിൽ നിന്ന് കഞ്ചാവിനെ നീക്കം ചെയ്തു. 40-23 വോട്ടുകൾക്ക് സെനറ്റ് അംഗീകരിച്ച ബിൽ, പിന്നീട് അസംബ്ലി 100-49 വോട്ടുകൾക്ക് പാസാക്കി. 21 വയസ്സിനു മുകളിലുള്ളവർക്ക് മരിവാന വിനോദത്തിനായി നിയമവിധേയമാക്കുകയും നികുതി ഏർപ്പെടുത്തുകയും ചെയ്യും. മരിവാന കൈവശം വച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കുന്നവർ കുറ്റവിമുക്തരാകും.
സെനറ്റിലും അസംബ്ലിയിലും മണിക്കൂറുകളോളം നടന്ന സംവാദങ്ങളിൽ റിപ്പബ്ലിക്കൻമാരിൽ പലരും ബില്ലിനെ എതിർത്തു . മരിവാന നിയമവിധേയമാക്കൽ കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും, അനുവദനീയമായ പരിധിക്ക് അപ്പുറം ഒരാൾ ഉപയോഗിച്ചോ എന്ന് നിർണ്ണയിക്കാൻ പോലീസുകാർക്ക് പ്രയാസമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അവസാന നിമിഷത്തെ എതിർപ്പ് അവഗണിച്ച്, നിയമനിർമ്മാതാക്കളും കോമോ ഭരണകൂടവും മരിവാന നിയമവിധേയമാക്കുന്ന ധാരണയിലെത്തി.
പൂർണമായി നടപ്പാക്കാൻ രണ്ട് വർഷമെടുക്കുന്ന ഈ പദ്ധതിയിലൂടെ 350 മില്യൺ ഡോളർ വാർഷിക നികുതി വരുമാനം നേടാൻ കഴിയുമെന്ന് കണക്കാക്കുന്നു. നിയമപരമായ മരിവാന ന്യൂയോർക്കിൽ 4 ബില്യൺ ഡോളറിന്റെ വ്യവസായമായി മാറിയേക്കാം. ബില്ലിന് കീഴിൽ, ന്യൂയോർക്കിൽ മരിവാനയ്‌ക്ക് 9% വിൽപ്പന നികുതിയും കൗണ്ടിയും പ്രാദേശിക സർക്കാരും തമ്മിൽ 4% അധിക നികുതിയും ഏർപ്പെടുത്തും.
മരിവാന ഉൽപാദനത്തിനും വിൽപ്പനയ്‌ക്കും മേൽനോട്ടം വഹിക്കുന്നതിനായി ‘ ഓഫീസ് ഓഫ് ക്യാനബി മാനേജ്മെൻറ് ‘ സ്ഥാപിക്കുകയും ചെയ്യും. മരിവാന വിൽക്കുന്നതിനും വളർത്തുന്നതിനും ഡെലിവറിക്കുമുള്ള ലൈസൻസുകളുടെ പകുതി ന്യൂനപക്ഷ, വനിതാ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്ക് നൽകും. സംസ്ഥാന അസംബ്ലിയും ഗവർണറും നിയോഗിച്ച അഞ്ച് ബോർഡ് അംഗങ്ങളായിരിക്കും പുതിയ ഓഫീസിന് മേൽനോട്ടം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: