കൊച്ചി: ഇനി തെരഞ്ഞെടുപ്പിനും സജീവ രാഷ്ട്രീയത്തിനുമില്ലെന്നു പറഞ്ഞ് ഇ.പി. ജയരാജന് പിന്മാറിയതിനു പിന്നാലെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവധിയെടുത്തതും സിപിഎമ്മിനുള്ളിലെ വിമതക്കലാപത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പാര്‍ട്ടിയിലെ കരുത്തരായ പല ‘സീനിയേഴ്സും’ പ്രചാരണമടക്കമുള്ള സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയില്‍ മാത്രമല്ല വോട്ടര്‍മാരിലും വലിയ ചര്‍ച്ചയായി.
എം.എ. ബേബി, പി.കെ. ഗുരുദാസന്, പി. ജയരാജന്, ഇ.പി. ജയരാജന്, ജി. സുധാകരന് എന്നിവരെല്ലാം തികഞ്ഞ മൗനത്തിലാണ്. ആരും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവവുമല്ല. പാര്‍ട്ടിക്കുള്ളില്‍ വിമതരുടെ നിശ്ശബ്ദ കലാപമാണെന്നാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതു മുതല്‍ നിഷ്ക്രിയനായ ധനമന്ത്രി ഡോ. തോമസ് ഐസക്ക് സിപിഎമ്മില്‍ നിന്ന് ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ആറിന് തെരഞ്ഞെടുപ്പു കഴിഞ്ഞ്, ഏപ്രില്‍ ഏഴു മുതല്‍ ഒരു വര്‍ഷത്തേക്കാണ് അവധിക്ക് അപേക്ഷിച്ചത്. ഡോക്റ്ററേറ്റ് സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ക്കായാണ് അവധി തേടിയത്. ‘കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും’ എന്ന വിഷയത്തില്‍ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തോമസ് ഐസക്ക് ഡോക്റ്ററേറ്റ് നേടിയത്.
മുതിര്‍ന്ന നേതാക്കളെ, വി.എസ് മോഡലില്‍ വെട്ടി നിരത്തി, എതിരാളികളെ മുഴുവന്‍ ഒതുക്കി പിണറായി വിജയന് പാര്‍ട്ടി കൈപ്പിടിയിലാക്കിക്കഴിഞ്ഞു. കാര്യങ്ങള്‍ പിണറായി നിശ്ച്ചയിച്ചുറിപ്പിച്ച രീതിയിലാണ് നീങ്ങുന്നതെങ്കിലും ജനങ്ങള്‍, പ്രത്യേകിച്ച് സിപിഎമ്മിനോട് ആഭിമുഖ്യമുള്ളവര്‍ ഇതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. പാര്‍ട്ടി അണികള്‍ ഇതിനെ ന്യായീകരിക്കുകയാണെങ്കിലും പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ ഇതിനെ അന്യായമായി തന്നെയാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: