കോട്ടയം: സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ സിപിഎമ്മും കോണ്‍ഗ്രസും അധികാരം നേടാനുള്ള പുകമറ മാത്രമാക്കി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്‌ക്ക് മാങ്ങാനം ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ സോളാര്‍ അഴിമതിക്കേസുണ്ടായി. അന്ന് സര്‍ക്കാരിനെതിരെ ഇടതുപക്ഷം സമരം നടത്തി. എന്നാല്‍, ഇതിനുശേഷം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെങ്കിലും സോളാര്‍ അഴിമതിക്കേസില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. അഞ്ചു വര്‍ഷം ഭരണത്തിലിരുന്നിട്ടും ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍, ഏറ്റവും ഒടുവില്‍ അധികാരം നഷ്ടമാകാറായപ്പോള്‍ സോളാര്‍ കേസ് സിബിഐയ്‌ക്കു വിട്ടു.
സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്‌ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ പര്യാപത്മായ തെളിവില്ലെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇപ്പോള്‍ പറയുന്നത്. പിന്നെ എന്തിന് സമരം നടത്തിയതെന്ന് സിപിഎം വിശദീകരിക്കണം. കേസെടുക്കാന്‍ തെളിവില്ലാതെയായത് എങ്ങിനെയാണെന്ന് സിപിഎമ്മാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഭരണത്തില്‍ കോണ്‍ഗ്രസ് സ്വര്‍ണ്ണക്കടത്ത്, സ്പ്രിങ്ക്ളര്‍, ആഴക്കടല്‍ മത്സ്യബന്ധന വിവാദം എന്നിവ അടക്കം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, എങ്ങാനും ഉമ്മന്‍ചാണ്ടി അധികാരത്തില്‍ എത്തിയാല്‍ ഈ കേസുകള്‍ അന്വേഷിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. തെരഞ്ഞെടുപ്പ് സമയത്ത് തെറ്റിദ്ധാരണ പടര്‍ത്താന്‍ മാത്രമാണ് യുഡിഎഫും എല്‍ഡിഎഫും കേസുകളെയും ആരോപണങ്ങളെയും ഉപയോഗിക്കുന്നത്.
ഇരുമുന്നണികളും ഒത്തുകളി രാഷ്‌ട്രീയമാണ് നടത്തുന്നത്. അധികാരം രണ്ടു മുന്നണികള്‍ തമ്മിലുള്ള വെച്ചുമാറലായിരുന്ന കാലം കേരളത്തില്‍ അവസാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ദിരം കവലയില്‍ നിന്നാരംഭിച്ച റോഡ്‌ഷോയില്‍ കഞ്ഞിക്കുഴിവരെ വി. മുരളീധരന്‍ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹനൊപ്പം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക