”കുറെ കാലമായി ഞാന്‍ മലയാളം ഗായകന് മെഹ്ബൂബിനെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുകയായിരുന്നു എന്നാല്‍ വളരെ കുറച്ചു വിവരങ്ങളെ ലഭ്യമായുള്ളൂ. അവസാനം വളരെ മികച്ച, ആലോചനാമൃതവും വൈകാരികവും ആയി വെണ്ണല മോഹന്‍ മലയാളം ഓണപ്പതിപ്പില്‍ എഴുതിയ ലേഖനം വായിച്ചു. ഈ സ്നേഹിക്കപ്പെടേണ്ട, ആരാധിക്കപ്പെടേണ്ട ഗായകനെ കുറിച്ച് വലിയ ഉള്‍ക്കാഴ്ചയാണ് അത് നല്‍കിയത്. എന്നെ ഇതിലേക്ക് നയിച്ച ബ്ലോഗര്‍ എബ്രഹാം തരകന് നന്ദി.”
അമേരിക്കയിലെ സൗത്ത് കരോളിനയില്‍ താമസിക്കുന്ന മാഡിസ് രാംബലിങ് എന്നപേരില്‍ ബ്ലോഗുകള്‍ എഴുതുന്ന മാഡിയില്‍ നിന്നാണ് വെണ്ണല മോഹന്‍ ഏഴു കടലും കടന്ന് ഈ പ്രശംസ എത്തുന്നത്. മ്യൂസിക്കല്‍ എവെന്യൂസ് എന്ന ബ്ലോഗ് പരമ്പരയിലൂടെ ലോക സംഗീതത്തെയും ഗായകരെയും നമുക്ക് പരിചയപ്പെടുത്തുന്ന വ്യക്തിയാണ് എഞ്ചിനീയര്‍ കൂടിയായ മാഡി. നിസ്വനായ സാധാരണക്കാരില്‍ സാധാരണക്കാരനായ, മഹാനായ കലാകാരനെക്കുറിച്ച് ഒരു പുസ്തകം മോഹന്‍ കൈരളിക്കു സമ്മാനിച്ചു: ”മെഹബൂബ് – പാട്ടിന്റെ പാനപാത്രം.”
സാധാരണത്വത്തില്‍ നിന്ന് പരീക്ഷണത്തിലൂടെ തന്റെ ആശയങ്ങളെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചുകൊണ്ട് ദേശീയതലത്തില്‍ വെണ്ണല മോഹന്‍ അംഗീകാരങ്ങള്‍ കരസ്ഥമാക്കുകയാണ്. അദ്ദേഹത്തിന്റെ ‘നുറുങ്ങുകള്‍’ കഥയോ കവിതയോ അല്ല, തന്മാത്ര രൂപത്തിലുള്ള സാമൂഹ്യവും സാംസ്കാരികവും ആദ്ധ്യാത്മികവും തത്വചിന്താപരവുമായ ഗദ്യമാണെന്നും, അത് പുതിയൊരു സാഹിത്യ രൂപമാണെന്നും ‘ബേസ്ഡ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സ്’ അംഗീകരിക്കുന്നു, ഒരു മിനിറ്റുകൊണ്ട് വായിക്കാവുന്ന നുറുങ്ങുകള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുകയാണ്.
അന്തര്‍ദേശീയവും ദേശീയവുമായ അംഗീകാരത്തിന്റെ നിറവില്‍ നില്ക്കുന്ന വെണ്ണല മോഹന്‍ മാര്‍ച്ച് 28 നു അറുപതു വയസ്സു തികയുകയാണ്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരകഥാകൃത്ത്, ഗാനരചയിതാവ്, കവി, നടന്, പത്രപ്രവര്ത്തകന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, സംസ്കാരിക പ്രവര്ത്തകന് എന്നിങ്ങനെ വിവിധമേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച വെണ്ണല മോഹന്റെ ജീവിതത്തിലേക്ക്.
- ബാല്യം, സാഹിത്യം
1961 ല്‍ വെണ്ണല ഗ്രാമത്തില്‍ പ്രഭാകര കുറുപ്പിന്റെയും അംബുജാക്ഷി കുഞ്ഞമ്മയുടെയും മകനായി പി. പി. മോഹന്‍ കുമാര്‍ എന്ന വെണ്ണല മോഹന്‍ ജനിച്ചു. വെണ്ണല സ്കൂളിലും മഹാരാജാസ് കോളേജിലും ആയിരുന്നു വിദ്യഭ്യാസം. പതിമൂന്നാം വയസ്സില്‍ ഒരു ‘നുണയുടെ കഥ’യുമായാണ് മോഹന്‍ സാഹിത്യ രംഗത്തേക്ക് കടന്നുവന്നത് 1974 ഇല് . ‘ബാലലോകം മാസിക’യിലൂടെ അത് അച്ചടിമഷി പുരണ്ടതോടെ വീണ്ടും എഴുതി. ‘ദുഃഖം’ എന്ന കഥ അങ്ങനെ തളിര് മാസികയിലൂടെ 1975 ല്‍ പുറത്തുവന്നു. തന്റെ രചനകള്‍ക്ക്, സാഹിത്യത്തിന് വെണ്ണല യുടെ ആകാശത്തോടും നക്ഷത്രങ്ങളോടും ജനങ്ങളോടും കടപ്പാട് ഉണ്ടെന്നു മോഹന്‍ വിശ്വസിക്കുന്നു. പിന്നീട് എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞ അദ്ദേഹം കുരുക്ഷേത്ര, ഡി.സി ബുക്സ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, ബുദ്ധ ബുക്സ് തുടങ്ങിയവയിലൂടെ, വിവിധ ശാഖകളിലായി മുപ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
- ടെലിവിഷന്‍ പരിപാടികള്‍
തന്റെ സര്‍ഗാത്മകത ഇക്കാലത്തെ പുതിയ സാങ്കേതികതയായ ടെലിവിഷന്‍ രംഗത്തും പ്രയോജനപ്പെടുത്താന്‍ മോഹന്‍ കഴിഞ്ഞു. ധാരാളം ടെലിവിഷന്‍ പരിപാടികളുമായി അദ്ദേഹം സഹകരിച്ചു. മലയാളം ദൂരദര്‍ശനിലെ ‘എന്നുണ്ണി കണ്ണനുറങ്ങാന്‍’ എന്നതിന് തിരക്കഥ-സംഭാഷണം, ഏഷ്യാനെറ്റിലെ ‘സ്നേഹാഞ്ജലി’യില്‍ തിരക്കഥ, ഭാരത് ടിവിയില്‍ ‘കണ്ണാടിയിലെ മഴ’യുടെ തിരക്കഥ-സംഭാഷണം, ഏഷ്യാനെറ്റില്‍ ‘അഗ്നിപുത്രിയുടെ സംഭാഷണം,’ ജീവന് ടിവിയിലെ ‘സ്ത്രീധന’ത്തിന് കഥ-തിരക്കഥ, സംഭാഷണം ഏഷ്യാനെറ്റിലെ ‘ഒരമ്മയെ ആവശ്യമുണ്ട്’ എന്ന ടെലിഫിലിമില്‍ കഥ, സ്ക്രിപ്റ്റ്, ഏഷ്യാനെറ്റിലെ ‘പുഴ പറയുകയാണ്’ എന്നതിന് കഥ-തിരക്കഥ, സൂര്യ ടിവിയിലെ ‘കണ്ണന്റെ കാര്യങ്ങള്‍’ എന്നതില്‍ കഥ-തിരക്കഥ, സൂര്യ ടിവിയിലെ ‘നിലാവ് തൊടുമ്പോള്‍’ എന്നതില്‍ കഥ, സ്ക്രിപ്റ്റ്, സൂര്യടിവിയിലെ ‘പൊന്നുവിനും ഒരു ദിവസം’ എന്നതിന് തിരക്കഥ ഏഷ്യാനൈറ്റില്‍ ഗായിക മഞ്ജരിയുമായി അഭിമുഖം, സ്ക്രിപ്റ്റ് എന്നിവ അവയില്‍ ചിലതുമാത്രം
- മാസികകളുമായുള്ള ബന്ധം
ഒരു സാഹിത്യകാരന് എന്നതിനു പുറമെ പല പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സാഹിത്യ ചരിത്രത്തിന്റെ ഒരു ഭാഗമായതിനാല്‍ അവയില്‍ ചിലതു പരാമര്‍ശിക്കുന്നു. ‘ബാലലോക’ത്തിലും ‘വാര്‍ത്ത വീക്കിലി’യിലും പത്രാധിപ സമിതിയംഗം, ‘ദുര്‍മോഹം’ സായാഹ്ന പത്രത്തിന്റെ ലേഖകന്‍, ‘ജന്മഭൂമി’ ഓണം വിശേഷാല്‍ പ്രതിയില്‍ എഡിറ്റര്‍, ‘സഖി’ വാരികയുടെ എഡിറ്റര്‍, ലക്ഷദ്വീപില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദീപപ്രഭ’ വാര്‍ത്ത പത്രികയുടെ എഡിറ്റര്‍, ‘കൊച്ചി ഇന്റര്‍നാഷണല്‍ ബുക്ഫെസ്റ്റിവല്’ സുവനീര്‍ എഡിറ്റര്‍, ‘ധര്‍മപ്രകാശന്‍’ ബുള്ളറ്റിന് എഡിറ്റര്‍, അമേരിക്കയില്‍ നിന്നുള്ള ‘ജനനി’ മാസികയിലെ ലേഖനങ്ങള്‍, ‘ഇന്റര്‍നാഷണല്‍ മലയാളി അമേരിക്ക’യില്‍ ലേഖനങ്ങള്‍ കൂടാതെ ജര്‍മനിയില്‍ നിന്നുള്ള ‘രസ്മി’ ദൈ്വവാരികയില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി നോവലുകളും എഴുതുന്നു.
- പ്രബന്ധാവതരണം
സൃഷ്ടിപരമായ രചനകള്‍ക്കപ്പുറം ആഴമേറിയ പഠനങ്ങള്‍ നടത്താനും, അവ കേരളത്തിലും സംസഥാനത്തിനപ്പുറവും അവതരിപ്പിക്കാനും മോഹന്‍ കഴിഞ്ഞു.
രാമായണത്തെക്കുറിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരും ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയും സംയുക്തമായി നടത്തിയ സെമിനാറില്‍ മലയാള ഭാഷയെ പ്രതിനിധീകരിച്ച് മോഹന്‍ പങ്കെടുത്തു. അതുപോലെ അയ്യന്‍കാളി ചെയറും കേരള സര്‍വകലാശാലയും നടത്തിയ സെമിനാറില്‍ പണ്ഡിറ്റ് കറുപ്പനെക്കുറിച്ചു പ്രബന്ധം അവതരിപ്പിച്ചു. ‘നവോത്ഥാനവും ദിശാബോധവും’ എന്ന പേരില്‍ സര്‍വകലാശാല പ്രസിദ്ധികരിച്ചിട്ടുണ്ട്
- പുരസ്കാരങ്ങള്‍
‘മനസ്സില്‍ ഒരു മഞ്ചാടി’ എന്ന കൃതിക്ക് ജെ.സി ഫൗണ്ടേഷന് ഫൗണ്ടേഷന് അവാര്‍ഡ്, ‘കാവ്യങ്ങള്ക്കുള്ളിലെ കഥകള്‍’ എന്ന കൃതിക്ക് അറ്റ്ലസ് കൈരളി ടിവി അവാര്‍ഡ്, ‘അഗ്നിപൂക്കുന്ന മനസ്സുകള്‍’ക്ക് ആത്മായനങ്ങളുടെ ഖസാക് അവാര്‍ഡ്, ചെറുകഥയ്ക്കുള്ള സോളമന് ജോസഫ് അവാര്‍ഡ്, ”നുറുങ്ങുകള്‍”ക്കു ബേസ്ഡ് ഓഫ് ഇന്ത്യ തുടങ്ങിയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഒരു ഡബ്ബിങ് ആര്ടിസ്റ് എന്ന നിലയില്‍ ‘ബാഹുബലി’യില്‍ മോഹന്‍ പ്രശംസാര്‍ഹമായ പ്രകടനം കാഴ്ച വെച്ചു
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ സാംസ്കാരിക യാത്രയിലെ അംഗവും യാത്ര നായകനും ആയി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പി. രാജലക്ഷി, മകള്‍ സൗപര്‍ണിക. ഉദയംപേരൂര്‍ ‘സൗപര്‍ണിക’യില്‍ താമസിക്കുന്ന വെണ്ണല മോഹന്‍ തപസ്യയുടെ എറണാകുളം ജില്ലാ രക്ഷാധികാരി ആണ്. മോഹന്റെ മഷിയുണങ്ങാത്ത തൂലികയില്‍ നിന്ന് സഹൃദയര്‍ ഏറെ പ്രതീക്ഷിക്കുന്നു.
സുരേഷ് പത്മനാഭന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: