പുനലൂര്‍: ഇരുള് നിറഞ്ഞ ജീവിതത്തില്‍ കേന്ദ്ര പദ്ധതിയിലൂടെ സൗജന്യ വൈദ്യുത കണക്ഷന് ലഭിച്ച സന്തോഷത്തിലാണ് കരവാളൂര്‍ വട്ടവിള വീട്ടില്‍ അനില്‍-രാഖി ദമ്പതികള്‍. വയറിംഗ് ചെയ്ത് വൈദ്യുത കണക്ഷനുവേണ്ടി ശ്രമിച്ചപ്പോള്‍ നിരവധി നൂലാമാലകളില്‍ കുരുങ്ങി വൈദ്യുതി ലഭ്യമാകാതിരുന്ന സാഹചര്യത്തിലാണ് ‘ദീന് ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതിയോജന’ പദ്ധതിയിലേയ്ക്ക് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചത്.
അപേക്ഷ നല്കി ഏറെ വൈകാതെ പദ്ധതി വഴി വൈദ്യുതി ലഭ്യമാക്കുനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായി. സൗജന്യമായി മൂന്ന് വൈദ്യുത പോസ്റ്റുകള്‍ ഉള്‍പ്പെടെ ഇവര്‍ക്ക് സ്ഥാപിച്ചു കിട്ടി. വര്‍ഷങ്ങളായി മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചിരുന്ന കുടുംബത്തിന് വൈദ്യുതി ലഭിച്ചത് ഇപ്പോള്‍ ഏറെ ആശ്വാസമായിരിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളിയായ അനില്‍കുമാറും തൊഴിലുറപ്പ് തൊഴിലാളിയായ രാഖിയും മക്കളായ അനുരാഗ് (7), അമ്പാടി (4) എന്നിവര്‍ അടങ്ങിയ കുടുംബം ഇന്ന് കേന്ദ്രസര്‍ക്കാരിന് നന്ദി പറയുകയാണ്.
ഇത്തരത്തില്‍ നിരവധി ആളുകള്‍ക്കാണ് പദ്ധതിയിലൂടെ വൈദ്യുതി ലഭ്യമായിട്ടുള്ളതെങ്കിലും ഇത് കേന്ദ്ര വിഹിതമാണെന്നുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അറിയുന്നതെന്ന് ഇവര്‍ പറയുന്നു. ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ വൈദ്യുത വിതരണ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ആവിഷ്ക്കരിച്ച പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ ആയവര്‍ ഏറെയാണ്. ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്കായി സംസ്ഥാനത്തിന് പദ്ധതി വിഹിതത്തിലേയ്ക്ക് കോടികള്‍ നല്കുമ്പോഴും ഇതൊക്കെ തങ്ങളുടെ പദ്ധതിയാക്കി മാറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് മാറ്റം വരണമെന്നും ഇത്തരം പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയും അനിവാര്യമായ രാഷ്ട്രീയ മാറ്റം കേരളത്തിന് ആവശ്യമാണെന്നും അനില്‍ കുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: