കമ്മ്യൂണിസ്റ്റ് ഭീകരതയും ഇടത്-വലത് മുന്നണികള്‍ അറുപത്തിയഞ്ച് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ജനവഞ്ചനയും തുറന്നുകാട്ടിയാണ് സദാനന്ദന്‍ മാസ്റ്ററുടെ മുന്നേറ്റം. 1994 ജനുവരി 25നാണ് അന്ന് ആര്‍എസ്എസ് ജില്ലാസഹകാര്യവാഹ് ആയിരുന്ന സി. സദാനന്ദന്‍ മാസ്റ്ററെ മട്ടന്നൂര്‍ ഉരുവച്ചാലില്‍ വെച്ച് സിപിഎം സംഘം അക്രമിച്ച് ഇരുകാലുകളും വെട്ടി മാറ്റി ദൂരെ എറിഞ്ഞത്. എന്നാല്‍ സംഘബലവും ആത്മബലവും കൊണ്ട് അദ്ദേഹം കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കരാളതയെ അതിജീവിച്ചു. കാലുകള്‍ നഷ്ടപ്പെട്ട ശേഷവും വര്‍ധിത വീര്യത്തോടെ കൃത്രിമ കാലുപയോഗിച്ച് സംഘാദര്‍ശത്തിന്റെ വ്യാപനത്തിനു വേണ്ടിയും കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന്റെ ജീര്‍ണ്ണതകള്‍ തുറന്നുകാട്ടി മുന്നേറി.
ഇടത്-വലത് മുന്നണികളുടെ പൊള്ളത്തരങ്ങള്‍ക്കെതിരെ ഇക്കുറി മണ്ഡലത്തിലെ ജനം വിധിയെഴുതും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് ശക്തി കേന്ദ്രങ്ങളില്‍ നിന്നു പോലും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടും കൂത്തുപറമ്പ് നഗരസഭയിലടക്കം പ്രാതിനിധ്യം നേടാന്‍ സാധിച്ചതിലുളള ആത്മ വിശ്വാസവും മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. കൂത്തുപറമ്പില്‍ വിപ്ലവം വരുമെന്നു പറയുമ്പോള്‍ സംശയലേശമന്യേ സദാനന്ദന്‍ മാസ്റ്റര്‍ പറയും, ‘വരും കാവിവിപ്ലവം.’ സോഷ്യലിസ്റ്റുകാരും പിന്നീട് കമ്യൂണിസ്റ്റ് മാടമ്പികളും ഒരു ജനതയെ കാല്‍കീഴിലാക്കി അടിച്ചമര്‍ത്തിയ ഇന്നലെകളില്‍ നിന്നും നാടിന്റെ മോചനം അകലെയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട് സദാനന്ദന്‍ മാസ്റ്റര്‍ മണ്ഡലത്തില്‍ പര്യടനം തുടരുകയാണ്.
ജനതാദള്‍ നേതാവ് മുന്‍ മന്ത്രി കെ.പി. മോഹനനാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിനു വേണ്ടി മുസ്ലീംലീഗിലെ പൊട്ടങ്കണ്ടി അബ്ദുള്ളയാണ് മത്സരിക്കുന്നത്.
കണ്ണൂര്‍ മട്ടന്നൂര്‍ പെരിഞ്ചേരി സ്വദേശിയാണ് സദാനന്ദന്‍ മാസ്റ്റര്‍. പഠനകാലത്ത് എബിവിപിയിലൂടെ ആര്‍എസ്എസിലേക്കെത്തി. ജന്മഭൂമി സബ് എഡിറ്റര്‍, ആര്‍എസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ്, തൃശൂര്‍ രാഷ്‌ട്രസേവാസമിതി സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം തൃശൂര്‍ ജില്ലാസെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എന്‍ടിയു സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചു. തൃശൂര്‍ പേരാമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി കഴിഞ്ഞ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ചേര്‍പ്പ് സിഎന്‍എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പാനൂര്‍ അണിയാരം സ്വദേശിനി വനിതാറാണിയാണ് ഭാര്യ. മകള്‍: യമുനാഭാരതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: