കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) എതിരെ മൂഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. അവരില്‍ പ്രമുഖര്‍ അനേ്വഷണപരിധിയില് വരും. ഇതോടെ, ഉദ്യോഗസ്ഥര്‍ കൂട്ടമായി പിണറായി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
മന്ത്രിസഭാ തീരുമാനം എന്നാണ് പ്രസ്താവനയെങ്കിലും ജുഡീഷ്യല്‍ അന്വേഷണക്കാര്യത്തില്‍ മന്ത്രിസഭയില്‍ കാര്യമായ കൂടിയാലോചനയുണ്ടായില്ല. നിയമവകുപ്പിലെ ചിലരുടെ ഉപദേശമാണ് അടിസ്ഥാനം. ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ തടസമുണ്ടാക്കുന്നതാണ് തീരുമാനം. പക്ഷേ, ഇനി തീരുമാനം നടപ്പായാല്‍ കുടുങ്ങുന്നത് സംസ്ഥാന പോലീസ് ഡിജിപി മുതല്‍ ചീഫ് സെക്രട്ടറിവരെയാണെന്ന് നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു.
സ്വര്‍ണ-ഡോളര്‍ കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ പരാതിയുടെ നിജസ്ഥിതിയും നടപടിക്രമവും ഉദ്യോഗസ്ഥരുടെ പങ്കും കണ്ടെത്താനാണ് ജുഡീഷ്യല്‍ അന്വേഷണമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സ്വപ്ന സുരേഷിനെ വനിതാ ജയിലില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി, ഭീഷണിപ്പെടുത്തി ചിലരെ കേസില്‍ പ്രതിയാക്കാന്‍ മൊഴിയെടുപ്പിച്ചുവെന്ന് ആക്ഷേപമുണ്ടെന്നാണ് പരാതി. ഇത് സ്വപ്നയുടെ പരാതിയല്ല. സന്ദീപ് നായരും ഇ ഡിയെക്കുറിച്ച് അങ്ങനെ പരാതിപ്പെട്ടതായി കത്ത് പുറത്തുവന്നിട്ടുണ്ട്. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അതിനും മേലെ ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജയില്‍ ഡിജിപി ഋഷിരാജ്സിങ്, ജയില്‍ സോണല്‍ ഡിഐജി അജയ്കുമാര്‍ എന്നിവരെ കമ്മീഷന് ചോദ്യം ചെയ്യേണ്ടിവരും.
ഈ കേസില്‍ ഒരു ഭാഗം മാത്രമായി അന്വേഷണം ചുരുക്കാനാവില്ല. തുടക്കം മുതല്‍ അന്വേഷണ ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ‘ഏറ്റുമുട്ടല്‍’ സംഭവങ്ങളില്‍ തെളിവെടുപ്പ് വേണ്ടിവരും. അപ്പോള്‍ സെക്രട്ടേറിയറ്റിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് വിവരങ്ങള്‍ കൈമാറാത്തത്, തീപ്പിടിത്തം, പ്രോട്ടോക്കോള്‍ ഓഫീസറുടെ പരാതി, മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്തത് തുടങ്ങിയ സംഭവങ്ങളെല്ലാം അന്വേഷിക്കേണ്ടിവരും. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരെയും ചീഫ് സെക്രട്ടറിയേയും മുന്‍ ചീഫ് സെക്രട്ടറിമാരെയുംവരെ കമ്മീഷന് തെളിവെടുക്കാന്‍ വിളിപ്പിക്കേണ്ടിവരുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാരിലെ മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജന്‍സികളിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയിരിക്കുന്ന സംസ്ഥാന ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ വരാം. കേന്ദ്ര ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ അനുഭാവികളുടെ പ്രത്യേക സംഘത്തെക്കുറിച്ചുള്ള അന്വേഷണവും വരും. 2020 ഡിസംബര്‍ 16 ന് സ്വപ്ന സുരേഷ് ഇ ഡിക്ക് നല്കിയ മൊഴിയില്‍ ജയിലില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഒരു വനിതാ പോലീസുദ്യോഗസ്ഥ കേസില്‍ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തതും ഉന്നതനായ ഉദ്യോഗസ്ഥനോട് ഫോണില്‍ സംസാരിച്ചതും ജയില്‍ ഡിജിപി, ജയില്‍ സൗത്ത് സോണ്‍ ഡിജിപി എന്നിവര്‍ പലതവണ കാണാന്‍ വന്നതും മറ്റും ആ മൊഴിയിലുണ്ട്.
സ്വപ്നയുടെ മൊഴി ചോര്‍ന്നു, ശബ്ദസന്ദേശം വന്നു, അതിന്റെ വിശ്വാസ്യതയെത്ര തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് മേധാവിയുടെ വിശദീകരണങ്ങളും വന്നിരുന്നു. മാധ്യമങ്ങളുടെ വെളിപ്പെടുത്തലും വാര്‍ത്തകളും അടിസ്ഥാനമാക്കി കമ്മീഷന്റെ അന്വേഷണ പരിധിയില്‍ അവരും വരും. മുഖ്യമന്ത്രി നല്കിയ വിശദീകരണവും ന്യായീകരണവും പരിഗണിച്ചാല്‍ പിണറായി വിജയനും കമ്മീഷന് വിശദീകരണം നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: