തിരുവനന്തപുരം: ശബരിമല യുവതി പ്രവേശം വിശ്വാസത്തിന്റെ വിഷയമല്ലെന്നും ലിംഗസമത്വത്തിന്റെ വിഷയമാണെന്നും ദേശീയ മഹിള ഫെഡറേഷന് ജനറല്‍ സെക്രട്ടറി ആനി രാജ. കേവലം പത്തു വോട്ടുകള്‍ക്കുവേണ്ടിയോ രണ്ടോ മൂന്നോ സീറ്റുകള്‍ക്കു വേണ്ടിയോ നിലപാട് മാറ്റില്ലെന്നും ആനിരാജ പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് മാപ്പു പറഞ്ഞതിനെകുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്നായിരുന്നു അവരുടെ മറുപടി. ആരെങ്കിലും ഏതെങ്കിലും ക്ഷേത്രത്തില്‍ കയറുന്നുണ്ടോ പള്ളിയുടെ അള്‍ത്താരയില്‍ കയറി കുര്‍ബാന ചൊല്ലുന്നുണ്ടോ ബാങ്ക് വിളിക്കുന്നുണ്ടോ എന്നതല്ല വിഷയം. വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് അവരുടെ നിലപാടാണെന്നും ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടി രുന്നതായും അവര്‍ പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം. ശബരിമല വിഷയം കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ സിപിഎം അഭിമാനിക്കുന്നു എന്ന് മുഹമ്മദ് സലിം വ്യക്തമാക്കി. ലിംഗത്തിന്റെ പേരില്‍ വേര്‍തിരിവ് പാടില്ല. ശബരിമല വിഷയത്തിലെ നിലപാട് സിപിഎം തിരുത്തിയിട്ടില്ല. വിഷയം പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചാണ്. കേരള സിപിഎം ഘടകം വിജയകരമായി പ്രശ്നം കൈകാര്യം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. മേലെത്തട്ട് മുതല്‍ താഴേത്തട്ട് വരെ സിപിഎമ്മില്‍ ഒരേ നിലപാടാണെന്നും യെച്ചൂരി പറഞ്ഞു. വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ ഒന്നും വിശദീകരിക്കാനാകില്ല. വിധി വന്ന ശേഷം എല്ലാവരുടെയും അഭിപ്രായം ആരായുമെന്നും യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോള്‍ പ്രതികരിക്കുന്നത് അനുചിതമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: