ന്യൂദൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിൽ (JEE) നൂറു ശതമാനം മാർക്ക് നേടി ചരിത്രം കുറിച്ച് ദൽഹി സ്വദേശിനി കാവ്യ ചോപ്ര. ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്ന ആദ്യ പെൺകുട്ടിയാണ് കാവ്യ. മുന്നൂറിൽ മുന്നൂറ് മാർക്കും കരസ്ഥമാക്കിയ കാവ്യ, ഐഐടി പ്രവേശന പരീക്ഷയ്‌ക്കായി തയ്യാറെടുക്കുകയാണ്.
ഫെബ്രുവരിയിൽ നടന്ന പരീക്ഷയിൽ 99.9% മാര്‍ക്ക് നേടിയ കാവ്യ, സ്കോർ മെച്ചപ്പെടുത്തുന്നതിനായാണ് മാർച്ചിൽ വീണ്ടും പരീക്ഷ എഴുതിയത്. ഇതിൽ മുഴുവൻ മാർക്കും നേടുകയും ചെയ്തു. ആദ്യം നേടിയ 99.9% സ്കോർ അടിസ്ഥാനമാക്കി തന്നെ ജെഇഇ അഡ്വാൻസ്ഡിന് യോഗ്യത നേടാൻ കഴിയുമായിരുന്നുവെങ്കിലും അതിൽ തൃപ്തയായിരുന്നില്ലെന്നാണ് കാവ്യ പറയുന്നത്. കൂടുതൽ മികച്ചത് ചെയ്യാനാകുമെന്ന് അറിയാമായിരുന്നുവെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു.
ഐഐടി-ദില്ലിയിൽ നിന്നോ ഐഐടി-ബോംബെയിൽ നിന്നോ കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് ലക്ഷ്യമിടുന്നത്. ആറുലക്ഷത്തോളം പേർ എഴുതിയ പരീക്ഷയിൽ പതിമൂന്ന് കുട്ടികളാണ് മുഴുവൻ മാർക്കും നേടിയിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന പരീക്ഷയിൽ ഒമ്പത് കുട്ടികൾ 100% വിജയം കരസ്ഥമാക്കിയിരുന്നു. NTA മെയിൽ നടത്തുന്ന പരീക്ഷ കൂടി കഴിഞ്ഞ ശേഷമാകും ആൾ ഇന്ത്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: