കൊച്ചി: സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകള്‍ അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. അന്വേഷണം വഴിമുട്ടിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനുമുള്ള ആസൂത്രിത നീക്കങ്ങള്‍ക്ക് കൃത്യമായ മറുനീക്കങ്ങളാണ് ഏജന്‍സികള്‍ നടത്തുന്നത്.
സ്വര്‍ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഇദ്ദേഹത്തിന് സര്‍ക്കാരില്‍ വലിയ സ്വാധീനമുണ്ടെന്നും ഇത് ദുരുപയോഗം ചെയ്ത് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവരികയാണെന്നും ഇ ഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസിനെക്കൊണ്ട് കേസ് എടുപ്പിച്ചതും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിവശങ്കര്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന് ഇ ഡി പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന, സുരക്ഷയ്ക്ക് നിയോഗിച്ച വനിതാ പോലീസിന്റെ മൊഴിയും അപേക്ഷയില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇ ഡി ചൂണ്ടിക്കാട്ടി. സ്വപ്ന കോടതിയില്‍ നല്കിയ മൊഴിയാണെന്നും സമ്മര്‍ദത്തിന് വഴങ്ങി പറഞ്ഞതല്ലെന്ന് സ്വപ്ന തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അപേക്ഷയില്‍ ഇ ഡി ചൂണ്ടിക്കാട്ടി. കള്ളമൊഴികള്‍ നല്കി പോലീസുകാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജിതേന്ദ്ര കുമാര്‍ ഗോഗിയ നല്കിയ അപേക്ഷയില്‍ പറയുന്നു.
അതിനിടെ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പുറമേ ആദായ നികുതി വകുപ്പും കിഫ്ബിയെപ്പറ്റി അന്വേഷണം ആരംഭിച്ചു. അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കിഫ്ബിക്ക് നോട്ടീസയച്ചു. നേരത്തേ ഇ ഡിയും പദ്ധതികളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. പദ്ധതിയുടെയും കരാറുകാര്‍ക്ക് നല്കിയ പണത്തിന്റെയും വിശദാംശങ്ങളും ഓരോ പദ്ധതിയുമായി ബന്ധപ്പെട്ട് നല്കിയ നികുതി എത്ര തുടങ്ങിയ കാര്യങ്ങളും അറിയിക്കാനാണ് നിര്‍ദേശം.
ലൈഫ് മിഷന് കോഴയായി ലഭിച്ച ഐ ഫോണുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസ്, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും നോട്ടീസ് നല്കി. 23ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സന്തോഷ് ഈപ്പന് നല്കിയ ഫോണ്‍ വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുന്‍പ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും തനിക്ക് ലഭിച്ചില്ലെന്നു പറഞ്ഞ് ഹാജരായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: