എം ശ്രീഹര്ഷന്
ഒരു ഇരമ്പലും ചീറ്റലും. ഞെട്ടിയുണര്‍ന്നു. ഒരു വണ്ടി വന്നുനിന്നതാണ്.
തേനീച്ചക്കൂടിന് ഏറ് കിട്ടിയപോലെ ഓരോ വാതിലില്‍നിന്നായി ആളുകള്‍ പുറത്തേക്ക് തെറിക്കുന്നു. യാത്രക്കാരും പെട്ടിഭാണ്ഡങ്ങളും. ആളൊഴുക്ക്. അങ്ങോട്ടുമിങ്ങോട്ടും. ഇറങ്ങിയവര്‍ പുറത്തേക്കു കടക്കാന്‍ തിക്കിത്തിരക്കുന്നു. ചിലര്‍ ഒഴിഞ്ഞസ്ഥലം നോക്കി വിരിവയ്ക്കാനൊരുങ്ങുന്നു. വണ്ടിയില്‍ കയറാനുള്ളവര്‍ കമ്പാര്‍ട്ടുമെന്റുകള്‍ തിരഞ്ഞ് പരക്കം പായുന്നു. പത്തുമിനിട്ടിനകം വണ്ടി നീങ്ങി. ശാന്തം.
എന്റെ നേരെ മുന്നിലെ കമ്പാര്‍ട്ടുമെന്റില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ ഇറങ്ങിയിരിക്കയാണ്. വൃദ്ധരും യുവാക്കളും കുട്ടികളും. സ്ത്രീകളും പുരുഷന്മാരും. ഇരുപതോളം പേര് വരും. ഒരുപാട് ബാഗുകളും ഭാണ്ഡങ്ങളും മാറാപ്പുകളും ഇറക്കിവച്ചിരിക്കുന്നു. വലിയ പാത്രങ്ങളും ഡബ്ബകളും ഉണ്ട്. സ്റ്റൗവും മറ്റുചില സാമഗ്രികളും.
ഞാനിരിക്കുന്ന കസേരയ്ക്ക് തൊട്ടടുത്ത് രണ്ടുമൂന്നു വിരികള്‍ ചേര്‍ത്തുവിരിച്ചു. കെട്ടുവട്ടങ്ങള്‍ നടുക്കു കൂട്ടിവച്ചു. ചിലര്‍ ബാത്ത്റൂമിലേക്കു പോവുന്നു. ചിലര്‍ വെള്ളമെടുക്കാന്‍ പോവുന്നു. ചിലര്‍ ചുറ്റിലും നടക്കുന്നു. ബാക്കിയുള്ളവര്‍ വിരിയില്‍ വട്ടമിട്ടു ഇരിക്കുന്നു.
കൂട്ടത്തില്‍ പ്രായമുള്ള ഒരു തടിച്ച സ്ത്രീ വലിയ ഡബ്ബകള്‍ തുറക്കുകയാണ്. മറ്റു രണ്ടു സ്ത്രീകള്‍ കുറേ പ്ലെയിറ്റുകള്‍ എടുത്ത് ടാപ്പിനടുത്തുപോയി കഴുകുന്നു. ഒരു സ്ത്രീ പ്ലെയിറ്റുകളില് ഭക്ഷണപദാര്‍ഥങ്ങള്‍ വിളമ്പി വയ്ക്കുന്നു. റൊട്ടി, സബ്ജി, ഡാല്‍, ചോറ്, തൈര്, മുളകരച്ച ഒരുതരം എണ്ണക്കറി, അച്ചാറ്, വെജ്റ്റബിള്‍ സലാദ്. വിളമ്പിവച്ച പ്ലെയിറ്റുകള്‍ ഓരോരുത്തര്‍ക്കായി എടുത്തു കൊടുത്തുകൊണ്ടിരിക്കുകയാണ് ഒരു തടിയന്.
വൃദ്ധയായ ഒരു സ്ത്രീ ഒരു പ്ലെയിറ്റുമായി വന്ന് എനിക്കു നേരെ നീട്ടി. തെല്ലരൊമ്പരപ്പോടെ ഞാനവരെ നോക്കി. അയ്യോ! അവര്‍ വിളമ്പുന്നതും കഴിക്കുന്നതും ശ്രദ്ധിച്ചുകൊണ്ടിക്കുന്നത് കണ്ടിട്ടാവുമോ! വല്ലാത്ത ഒരു ജാള്യത തോന്നി.
”ഹരേ സാബ് കാഓ.” അവര്‍ പുഞ്ചിരിച്ചു.
വേണ്ട എന്നു ഞാന്‍ കൈയാഗ്യം കാട്ടി. നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ പ്ലെയിറ്റ് നീട്ടിപ്പിടിച്ച് നില്ക്കയാണ്. ഉടനെ കൂട്ടത്തിലെ ഒരാള്‍ എന്റെ അടുത്ത കസേരയില്‍ വന്നിരുന്നു. ഒരു ചെറുപ്പക്കാരന്.
”കാഓ സാബ്. അച്ചാ ഭോജന്. ഹമേ ഐസെ ബനായാ.”
വൃദ്ധയുടെ കൈയില്‍നിന്ന് അയാള്‍ അതു വാങ്ങി എന്റെ കൈയില്‍ പിടിപ്പിച്ചു. അയാളും എന്റെ അടുത്തിരുന്ന് കഴിക്കാന്‍ തുടങ്ങി. നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞാന്‍ കൈകഴുകി വന്ന് അവരോടൊപ്പം കൂടി. നല്ല വിശപ്പുമുണ്ടായിരുന്നു. അതിരാവിലെ ഭക്ഷണം കഴിച്ചതാണല്ലോ.
ബംഗാളില്‍ ഹുഗ്ലിയിലാണവര്‍. ഒരു വലിയ കുടുംബം. എന്റെ അടുത്തിരിക്കുന്ന ചെറുപ്പക്കാരന് എഞ്ചിനിയറാണ്. അവിനാഷ് റായ്. മുപ്പത്തഞ്ചോളം വയസ്സേ വരൂ. അയാളുടെ മാതാപിതാക്കളും അമ്മൂമ്മയും അപ്പൂപ്പനും സഹോദരങ്ങളും കുട്ടികളും ബന്ധുക്കളുമാണ് മറ്റുള്ളവര്‍. അവിനാഷ് ഓരോരുത്തരെയായി പരിചയപ്പെടുത്തി. ഞാന്‍ അധ്യാപകനാണെന്നും യാത്രകള്‍ ചെയ്യാറുണ്ട് എന്നും അറിഞ്ഞപ്പോള്‍ മുഖം കുനിച്ച് അവര്‍ എന്നെ വണങ്ങി.
അവര്‍ വീട്ടില്‍നിന്നിറങ്ങിയിട്ട് ഒന്നര മാസമായത്രേ. ദീര്‍ഘമായ തീര്‍ഥയാത്ര കഴിഞ്ഞ് മടക്കമാണ്. ഗയ, അയോദ്ധ്യ, കാശി, മധുര, പ്രയാഗ്, ഹൃഷീകേശ്, ഹരിദ്വാര്‍, ഷിര്‍ദ്ദി, പുട്ടപര്‍ത്തി എന്നിവിടങ്ങിളിലൂടെ ഇവിടെയെത്തി. ഇനി പുരിയില്‍ കൂടെ പോവാനുണ്ട്. അതു കഴിഞ്ഞ് നാട്ടിലേക്ക്.
അവിനാഷിന്റെ കുടുംബം കര്‍ഷകരാണ്. അയാള്‍ മാത്രമേ അക്കൂട്ടത്തില്‍ ഉദ്യോഗസ്ഥനായി ഉള്ളൂ. കാര്‍ഷികവൃത്തിക്ക് കൊള്ളാത്തവനായാണത്രേ ബന്ധുക്കള്‍ അയാളെ കണക്കാക്കുന്നത്. സഹോദരങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണെങ്കിലും കൃഷി ജീവിതോപാധിയാക്കിയവരാണ്.
വിളവെടുപ്പ് കഴിഞ്ഞ് എല്ലാ വര്‍ഷവും അവര്‍ തീര്‍ഥാടനത്തിനിറങ്ങും. ഭക്ഷണധാന്യങ്ങളും പാത്രങ്ങളും മറ്റു സന്നാഹങ്ങളുമായി ഒരു സഞ്ചാരം. ഒന്നര രണ്ടു മാസം. അവര്‍ മാത്രമല്ല. അന്നാട്ടിലെ പല കുടുംബങ്ങളും അങ്ങനെയത്രേ.
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള സത്രങ്ങളിലോ സംന്യാസിമഠങ്ങളിലോ ആശ്രമങ്ങളിലോ ആവും താമസം. ചിലപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലും. വെപ്പും തീനും കുളിയും കിടപ്പും എല്ലാമങ്ങനെ.
അടുത്ത വര്‍ഷം തമിഴ്നാട്ടിലും കേരളത്തിലും വരാനാണത്രേ പദ്ധതി. പോവേണ്ട സ്ഥലങ്ങളൊക്കെ അയാള്‍ക്ക് നല്ല തിട്ടമുണ്ട്. കൃത്യമായ വിവരങ്ങളുണ്ട്. ഇങ്ങനെ സഞ്ചരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് എല്ലാ വിശദാംശങ്ങളും പരസ്പരം കൈമാറുമത്രേ.
എഞ്ചിനീയറിങ്ങിന് മലയാളിവിദ്യാര്‍ഥികള്‍ കൂടെയുണ്ടായിരുന്നതിനാല്‍ കേരളത്തെക്കുറിച്ച് അവിനാഷിന് ധാരാളമറിയാം. ഒരിക്കല്‍ കൂട്ടുകാരനോടൊപ്പം തൃശൂരില്‍ വന്നിട്ടുമുണ്ട്.
കേരളത്തിനു പുറത്തുള്ള സമൂഹത്തില്‍ കൊല്ലംതോറുമുള്ള ഇത്തരം യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. കൂട്ടായ്മയും സന്തോഷവും സാഫല്യവും. ജനനവും നാമകരണവും വിവാഹവും മരണവും പോലെ അനിവാര്യമായ ഒരു ജീവിതാനുഷ്ഠാനം. കര്‍മ്മനിയോഗങ്ങളുടെ നൂലാമാലകളില്‍ കോര്‍ത്തിട്ട മിന്നുന്ന മുത്തുകള്‍.
യാത്രതന്നെ ജീവിതം. ജീവിതം തന്നെ യാത്രയും.
യാത്രയിലൂടെ അവര്‍ മനുഷ്യരെ അറിയുന്നു. ഭാഷകള്‍ അറിയുന്നു. സംസ്കാരങ്ങള്‍ അറിയുന്നു. പ്രകൃതിയെ അറിയുന്നു. ഗ്രാമങ്ങളും നഗരങ്ങളും അറിയുന്നു. ജീവിതങ്ങള്‍ അറിയുന്നു. പൈതൃകത്തെ അറിയുന്നു. ലോകവിവരങ്ങള്‍ അറിയുന്നു. രാഷ്ട്രത്തെ അറിയുന്നു. ജ്ഞാനവും സിദ്ധിയും നേടുന്നു.
യാത്രകളിലൂടെ അവരുടെ മനസ്സ് വളര്‍ന്നുകൊണ്ടിരിക്കയാണ്. അവരുടെ ലോകം വിശാലമായിക്കൊണ്ടിയിരിക്കുന്നു.
”ആണ്ടിലൊരിക്കല്‍
മൂകനായി ഊരുചുറ്റുക.
കല്ലില്‍ കൊത്തിയെടുത്ത സൂര്യരഥം കാണുക.
കറുത്ത പക്ഷിയുടെ ഭൈരവി കേള്‍ക്കുക.”
ഡി. വിനയചന്ദ്രന്റെ വരികളാണ്. ‘കവിത മനസ്സിലാവാത്തവരോട്’ എന്ന കവിതയില്‍.
പരസ്പരം പരിചയപ്പെട്ട് വിശേഷങ്ങള്‍ പറഞ്ഞ് സൗഹൃദം പങ്കുവച്ച് ഭക്ഷണം കഴിച്ചു. നല്ല രുചിയുള്ള ഭക്ഷണം. വിജയവാഡയില്‍ വണ്ടിയിറങ്ങി ഇന്ന് അതിരാവിലെ വണ്ടി കയറുന്നതിനു മുന്‍പ് അവിടെവച്ച് പാകം ചെയ്തെടുത്തതാണത്രേ അവ.
ദിവസങ്ങള്‍ക്കു മുന്‍പ് മഹേഷ് മഹാപത്രയുടെ വീട്ടില്‍നിന്നു ലഭിച്ച ഭക്ഷണം ജഗന്നാഥന്റെ പ്രസാദമായിരുന്നു. പുരിയിലെ അവധൂതന് നല്കിയതും ജഗന്നാഥപ്രസാദം തന്നെ. ശങ്കരാചാര്യമഠത്തില്‍ നിന്നു ലഭിച്ചത് ആശ്രമപ്രസാദം. ഖണ്ഡഗിരിയിലെ വാനരന്മാര് നല്‍കിയത് പ്രകൃതിയുടെ പ്രസാദമായിരുന്നു.
ഈശ്വരാ, ഇത് ആരുടെ പ്രസാദമാണ്!
അപരിചിതമായ ഏതോ ഒരു കുടുംബത്തിന്റെ സൗഹൃദപ്രസാദം. ‘ദേശങ്ങള്‍ക്കപ്പുറത്തെ അയല്‍വീട്ടു’കാരുടെ ഉപചാരം. സുമനസ്സുകളുടെ ധന്യത. തലമുറകളിലൂടെ ഊറിവന്ന ജീവിതസംസ്കാരത്തിന്റെ പ്രസാദം. ജഗന്നാഥപ്രസാദം തന്നെ.
ക്ഷണികസൗഹൃദങ്ങളുടെ പാഥേയം!
ഭക്ഷണമെല്ലാം കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി അടുക്കിക്കെട്ടി. എല്ലാവരും വിരിയില്‍ കൂടിയിരിപ്പായി. ഒരു കുട്ടി കൈയടിച്ച് പാട്ട് പാടാന്‍ തുടങ്ങി. ഏതോ ഒരു ബംഗാളിനാടോടിഗാനം. മറ്റു കുട്ടികളും ഒപ്പം ചേര്‍ന്നു. പിന്നീട് മുതിര്‍ന്ന രണ്ടു പേര്. ബാക്കി ഓരോരുത്തരായി പിന്നാലെയും. കൈയടിച്ച് താളം പിടിച്ച്. ഉച്ചത്തിലുള്ള കൂട്ടപ്പാട്ട്. ഒപ്പം ഞാനും താളം പിടിച്ചു.
എന്റെ വണ്ടിയുടെ സമയം ആവുന്നു. അവരോട് നന്ദി പറഞ്ഞ് എന്ക്വയറിയിലേക്ക് നടന്നു. അവിടെ ഒരു തടിയന്. ഇരിക്കുന്ന കസേര വിമ്മിട്ടപ്പെടുന്നുണ്ട്.
വണ്ടിയെക്കുറിച്ച് ചോദിച്ചു. ആശാന് ഒന്നും മിണ്ടുന്നില്ല. വായ നിറയെ മുറുക്കാനാണ്. വണ്ടി നമ്പറും മറ്റും തുണ്ട്കടലാസില്‍ എഴുതി കാണിച്ചു. ‘മൂം…’ എന്നു മൂളിക്കൊണ്ട് അയാള്‍ ഡിസ്പ്ലെ ബോര്‍ഡിലേക്ക് ചൂണ്ടിക്കാണിച്ചു. വണ്ടി രണ്ടു മണിക്കൂര്‍ പിന്നെയും ലേറ്റ്.
എന്താ ചെയ്യുക!
പതുക്കെ തിരിച്ചു നടന്നു. പ്ലാറ്റ്ഫോമിലേക്ക് ഒരു വണ്ടി വരുന്നുണ്ട്. ആളു കുറഞ്ഞ ഒരു പാസഞ്ചര്‍വണ്ടി. വലിയ ഒച്ചപ്പാടില്ലാതെ പതുക്കെ വന്നു നിന്നു. പുരിയിലേക്കാണ്.
നേരത്തെ ഇരുന്ന സ്ഥലത്തേക്കു നോക്കി. ബംഗാളിക്കൂട്ടം കെട്ടുഭാണ്ഡങ്ങളുമായി വണ്ടിയിലേക്ക് കയറാനുള്ള ഒരുക്കത്തിലാണ്. ദൂരെ മാറി അവരെ നോക്കിക്കൊണ്ട് നിന്നു.
വെപ്രാളമൊന്നുമില്ല. ശാന്തരായി കയറിപ്പറ്റുകയാണ്. കുഞ്ഞുകുട്ടികളും പരിവാരങ്ങളും കെട്ടുഭാണ്ഡങ്ങളും എല്ലാമകത്തായി. ദീര്‍ഘസഞ്ചാരത്തിലെ അടുത്ത യാത്രപ്പെട്ടി.
ഒരു സ്റ്റാളില്‍നിന്ന് കുറച്ച് ചോക്ളേറ്റ് വാങ്ങി. അവര്‍ കയറിയ കമ്പാര്‍ട്ട്മെന്റിനരികിലേക്ക് പതുക്കെ നടന്നു. കുട്ടികള്‍ വെളിയിലേക്ക് കൈയിട്ട് എന്നോട് യാത്ര ചൊല്ലുന്നു. ചോക്ലേറ്റുകള്‍ ആ കൈകളില്‍ വച്ചുകൊടുത്തു.
”സാബ്, ഹം ജാ രഹേ ഹെം. ഭഗവാന് ജഗന്നാഥ് ആപ്പ്കോ ആശിര്‍വാദ് ദേന്‍. കഹീം തോ ഹം കഭീ ദുബാര മിലേംഗേ.”
അവിനാഷ് കൈവീശി യാത്ര ചൊല്ലി. വണ്ടി പതുക്കെ നീങ്ങി.
ഇത്തിരി നേരത്തേക്കുള്ള സൗഹൃദം. ഒന്നിച്ചുള്ള ഭക്ഷണം. വിശേഷങ്ങള്‍ പറയല്‍. ആഹ്ലാദം പങ്കുവയ്ക്കല്‍. മനസ്സൊരുമ. ജീവിതത്തിലൂടെ മിന്നിക്കടന്നുപോവുന്ന ചില പൊരിവെട്ടങ്ങള്‍. വീശിവന്ന് കടന്നുപോവുന്ന തണുത്ത ഒരിളങ്കാറ്റ് പോലെ… വിടര്‍ന്ന് കൊഴിഞ്ഞുവീഴുന്ന പൂവുപോലെ…
വണ്ടി ഇനിയും എത്ര നേരം വൈകുമായിരിക്കും! ഈ പകല്‍ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിയാനാവും നിയോഗം! വരുമ്പോള്‍ വരട്ടെ.
നേരത്തെയിരുന്ന കസേരയില്‍പ്പോയി നീണ്ടുനിവര്‍ന്നിരുന്നു. മുഖമുയര്‍ത്തി മുകളിലേക്ക് നോക്കി. മേല്‍ക്കൂരയിലെ കമ്പികളില്‍ പ്രാവുകള്‍ വീണ്ടും പാറി വന്നിരിക്കുന്നുണ്ട്. അവിടെയിരുന്ന് അവ കുറുകുന്നു. തൂവല്‍ ചിക്കുന്നു. ചിറകൊതുക്കുന്നു. ഓരോ പറക്കലും അവസാനിക്കുന്നത് ഈ കമ്പികളിലാണ്.
ഓരോ യാത്രകളും അവസാനിക്കുന്നത് സ്വന്തം വീട്ടിലാണ്. എല്ലാ വഴികളും തിരിച്ചെത്തുന്നത് വീട്ടിലേക്കാണ്. വീടാണ് സാന്ത്വനം. വീടാണ് സുരക്ഷ. വീടാണ് സമാശ്വാസം. വീടത്രേ എല്ലാ യാത്രകളുടെയും പരിപൂര്‍ണത. കണ്ണുകളടച്ച് ചാരിയിരുന്നു.
ഓരോ യാത്രയും ഓരോ നിയോഗമാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഒന്നില്‍നിന്നു അടുത്തതിലേക്ക് പകര്‍ന്ന് മറ്റൊന്നായി പരിണമിച്ച് ജീവിതത്തിന്റെ എല്ലാ കുണ്ടുവഴികളും പെരുവഴികളും താണ്ടി ജന്മപരമ്പരകള്‍ക്കപ്പുറത്തേക്ക് നീണ്ടുപടര്‍ന്നുകൊണ്ടേയിരിക്കും.
”സഞ്ചരിക്കുന്നവനേ മധു കിട്ടുകയുള്ളൂ. സഞ്ചരിക്കുന്നവനേ ഫലം കിട്ടുകയുള്ളൂ. എത്ര സഞ്ചരിച്ചിട്ടും തളരാത്ത സൂര്യന്റെ തേജസ്സു നോക്കുക.”
‘ചരൈവേതി ചരൈവേതി.’
യാത്രയുടെ നേരുകള്‍. ജിജ്ഞാസ. ആകാംക്ഷ. കൗതുകങ്ങള്‍. അനുഭൂതികള്‍… യാത്രയുടെ പടവുകള്‍. യാത്രയുടെ രുചികള്‍. ഗന്ധങ്ങള്‍. സ്പന്ദനങ്ങള്‍… യാത്രയുടെ നിറങ്ങളും നാദങ്ങളും… മാഞ്ഞും തെളിഞ്ഞും…
ഓര്‍മ്മക്കൂട്ടിലെ അറകളില്‍ നിറഞ്ഞു കുമിയുന്ന തേന്‍കണങ്ങള്‍.
ദൂരെ നേര്‍ത്ത ഇരമ്പല്‍. മടക്കവണ്ടി വരികയാണോ. അതോ വീശിവരുന്ന ചാറ്റല്‍മഴയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: