തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ തൊഴില്‍ നല്‍കാതെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി. പുരന്ദേശ്വരി. പിന്‍വാതിലിലൂടെ പാര്‍ട്ടി അണികളെയും പ്രവര്‍ത്തകരെയും ഇടതുസര്‍ക്കാര്‍ നിര്‍ബാധം ഉദ്യോഗങ്ങളില്‍ തിരുകി കയറ്റി. ഇതിന്റെ ഫലമായാണ് അര്‍ഹതയുണ്ടായിട്ടും തൊഴില്‍ ലഭിക്കാതെ തിരുവനന്തപുരത്ത് അനു എന്ന ചെറുപ്പക്കാരന് ആത്മഹത്യ ചെയ്യാനിടയാക്കിയതെന്നും അവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ പാര്‍ട്ടികളും അധികാരം ലക്ഷ്യമിടുന്നത് ഭരണത്തില്‍ കയറി സുഖിക്കാനാണ്. എന്നാല്‍ ബിജെപിക്ക് അധികാരമെന്നാല്‍ ജനസേവനമാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയുടെ മുഴുവന്‍ കേഡര്‍മാരും രാജ്യത്തെങ്ങും പ്രവര്‍ത്തിച്ചത് ഇതിന് തെളിവാണ്. പക്ഷേ കോവിഡിനെ നേരിടുന്നതില്‍ പിണറായിസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇന്ന് രാജ്യത്തെ കോവിഡ് രോഗികളുടെ 40 ശതമാനവും കേരളത്തിലാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേരളത്തില്‍ 32 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. മാര്‍ക്സിസ്റ്റ് ഭീകരരാല്‍ അരുംകൊല ചെയ്യപ്പെട്ട കോണ്‍ഗ്രസുകാരായ കൃപേഷ്, ശരത്ലാല് എന്നിവരെക്കുറിച്ച് ആ പാര്‍ട്ടി പോലും മിണ്ടുന്നില്ല. പീഡനത്തിനിരയായി കൊല്ലപ്പെട്ട വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കാന്‍ തല മുണ്ഡനം ചെയ്ത് പിണറായിക്കെതിരെ ധര്‍മടത്ത് മത്സരിക്കേണ്ട ഗതി വന്നു. സ്ത്രീകളെ ശക്തിപ്പെടുത്താനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനുമായി മോദിസര്‍ക്കാര്‍ നൂറുകണക്കിന് പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം അരക്ഷിതാവസ്ഥ നേരിടുന്നത്. ജാതിമതവര്‍ഗവര്‍ണലിംഗ പരിധിയില്ലാതെ ബിജെപി അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്കുമ്പോള് കേരളത്തിലെ ഇടതുവലത് സര്‍ക്കാരുകള്‍ അതെല്ലാം വോട്ട് ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാക്കി. തുര്‍ക്കിയിലെ ഇസ്ലാമിക ഭരണകൂടം ഹാഗിയസോഫിയ എന്ന ക്രിസ്ത്യന്‍പള്ളി പിടിച്ചെടുത്തതിനെ ന്യായീകരിച്ച് പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിലെ പ്രമുഖ അംഗം രംഗത്തെത്തിയത് പ്രത്യേക മതവിഭാഗത്തിന് കേരളത്തില്‍ സ്വാധീനം വര്ധിച്ചെന്നതിന്റെ വ്യക്തമായ സൂചനയാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് ലക്ഷങ്ങളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത 1921 ലെ മാപ്പിള കലാപത്തിന്റെ ശതാബ്ദി ഒരുവര്‍ഷം നീളുന്ന ഉത്സവമാക്കി ആഘോഷിക്കാന്‍ ഇടതുവലത് മുന്നണികള്‍ മത്സരിക്കുകയാണ്. പിണറായി മാത്രമല്ല പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്ലിംലീഗിന് കീഴ്പ്പെട്ടിരിക്കുകയാണെന്നും പുരന്ദേശ്വരി പറഞ്ഞു.
മോദിസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ആനുകൂല്യങ്ങളുടെ പട്ടികനിരത്തി പുരന്ദേശ്വരി
തിരുവനന്തപുരം: കേരളത്തിന് മോദിസര്‍ക്കാര്‍ കഴിഞ്ഞ ഏഴുവര്‍ഷവും അനുവദിച്ച പദ്ധതികളുടെയും നല്കിയ പണത്തിന്റെയും കണക്ക് നിരത്തി പുരന്ദേശ്വരി. ദേശീയപാതകള്‍ അടക്കം കേരളത്തിലെ റോഡുവികസനത്തിനും നവീകരണത്തിനുമായി മോദിസര്‍ക്കാര്‍ നല്‍കിയത് 65,000 കോടിരൂപയാണ്. കൊച്ചി മെട്രോക്ക് 1957 കോടി, സ്വയം ഭരണത്തിന് 12,544 കോടി, പ്രളയം അടക്കമുള്ള ദുരന്തനിവാരണത്തിന് 1738 കോടി, ആരോഗ്യമേഖലയ്ക്ക് 607 കോടി, കോടതികളുടെ പ്രവര്‍ത്തനം നവീകരിക്കാന്‍ 405 കോടി, ഉന്നതവിദ്യാഭ്യാസത്തിന് 181 കോടി, കൃഷിക്ക് 1086 കോടി, പ്രത്യേകസഹായം 1,100 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. പോരാത്തതിന് റവന്യൂ കമ്മി നികത്താന്‍ കേരളത്തിന് കേന്ദ്രം 19,891 കോടി രൂപയും നല്കി.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും അഴിമതി തുടരുകയാണ്. യുഡിഎഫ് ഭരണത്തില്‍ സരിതയായിരുന്നു അഴിമതിക്ക് നേതൃത്വം നല്കിയതെങ്കില് എല്‍ഡിഎഫിന്റെ കാലത്ത് സ്വപ്നയായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്. സ്വപ്ന പ്രതിയായ സ്വര്‍ണ-ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മാത്രമല്ല ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പോലും ഉള്‍പ്പെട്ടിരിക്കുന്നു. കരയിലും കടലിലും ഒരുപോലെ അഴിമതി നടത്തിയ സര്‍ക്കാരാണിത്. എന്നാല്‍ ഏഴുവര്‍ഷമായി രാജ്യഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കോ എതിരെ വിരല്‍ ചൂണ്ടാനുള്ള ആരോപണം പോലും ഉയര്‍ന്നിട്ടില്ല. ബിജെപിക്ക് സദ്ഭരണമെന്നാല് അഴിമതി മുക്തമായിരിക്കണമെന്ന നിര്‍ബന്ധം കൂടിയുണ്ട്. വിഭജന രാഷ്ട്രീയത്തിലല്ല എല്ലായിടത്തും എല്ലാവര്ക്കും വികസനം എന്നതിലാണ് ബിജെപി വിശ്വസിക്കുന്നതെന്നും പുരന്ദേശ്വരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: