തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിന് 81 വയസ്. 1940 മാര്‍ച്ച് 19നാണ് പദ്ധതി കമ്മീഷന് ചെയ്തത്. പെരിയാറിന്റെ പോഷക നദികളില്‍ ഒന്നായ മുതിരപ്പുഴയാറിന് കുറുകെ മൂന്നാര്‍ ടൗണില്‍ ഡാം നിര്‍മ്മിച്ച് ഇവിടെ നിന്നും ടണല്‍ വഴി പള്ളിവാസലിലെ പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത്.
രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്സ് ഡാം എന്നാണ് പദ്ധതിയുടെ ഡാം അറിയപ്പെടുന്നത്. 1935 മാര്‍ച്ച് ഒന്നിന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ രാമവര്‍മയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഇദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി പ്രദേശത്തിന് ചിത്തിരപുരം എന്ന് പേരിട്ട് സ്തൂപം സ്ഥാപിച്ചു. 1928-ല്‍ തിരുവനന്തപുരത്തെ ഡീസല്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതി അപര്യാപ്തമായപ്പോഴാണ് പള്ളിവാസലില്‍ ജലവൈദ്യുത പദ്ധതിക്ക് തിരുവിതാംകൂര്‍ രാജകുടുംബം അനുമതി നല്‍കിയത്.
രാജകുടുംബത്തിന്റെ എഞ്ചിനീയറായ കെ.പി.പി. മേനോന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 1933 ല്‍ അന്നത്തെ ദിവാന് ടി. ഓസ്റ്റിനാണ് ടണല്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. അഞ്ചു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ പള്ളിവാസല്‍ പദ്ധതിയുടെ ഉദ്ഘാടനം ദിവാന് സര് സി.പി. രാമസ്വാമി അയ്യരാണ് നിര്‍വഹിച്ചത്. ഇതുകൊണ്ടാണ് ഡാമിന് ഇദ്ദേഹത്തിന്റെ പേര് നല്‍കിയത്.
നാലര മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള മൂന്നു ജനറേറ്ററുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചത്. 1947ല്‍ കുണ്ടള സേതുപാര്‍വതി ഡാമും 1954ല്‍ രാജ്യത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡാമായ മാട്ടുപ്പെട്ടിയും നിര്‍മ്മിച്ച് പഴയ മൂന്നാറിലെ ഹെഡ് വര്‍ക്സ് ഡാമിലേക്ക് ജലം എത്തിച്ചു. ചെറിയ സംഭരണ ശേഷി മാത്രമുള്ള ഡാമില്‍ നിന്ന് ഇതുപയോഗിച്ച് വൈദ്യുതി ഉത്പാദനം കൂട്ടാനായി.
ഹെഡ് വര്‍ക്സ് ഡാമില്‍ നിന്നും പെന്‍സ്റ്റോക്ക് വഴി പള്ളിവാസല്‍ നിലയത്തില്‍ എത്തിച്ച് രണ്ടാംഘട്ടവും പ്രവര്‍ത്തനം തുടങ്ങി. ഇതോടെ പദ്ധതിയുടെ ഉത്പ്പാദനശേഷി 37.5 മെഗാവാട്ടായി. എസ്എന്‍സി ലാവ്ലിന് കമ്പനിയുടെ നവീകരണത്തോടെ സമീപകാലങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യം ലഭിച്ച പദ്ധതിയാണ് പള്ളിവാസല്‍. 2000-2002 ലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണത്തിന്റെ പേരില്‍ എസ്എന്‍സി ലാവ്ലിന് കമ്പനി കോടികളാണ് തട്ടിയത്. പള്ളിവാസല്‍ പദ്ധതിയില്‍ നിന്നും അധിക വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പള്ളിവാസല്‍ എക്സ്റ്റെന്ഷന് സ്കീമിന്റെ നിര്‍മ്മാണം 14 വര്‍ഷമായി തുടരുകയാണ്. നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് തുടക്കമിട്ട പദ്ധതിയാണ് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: