ന്യൂദല്‍ഹി: ബാങ്ക് വായ്പ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരെ തിരിച്ചെത്തിച്ച് വിചാരണചെയ്യുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. വിജയ് മല്ലയെയും നീരവ് മോദിയെയും യുകെയില്‍നിന്ന് കൊണ്ടുവരാനുള്ള നടപടികള്‍ നടന്നു വരികയാണ്.
ചോക്സി ആന്റിഗ്വയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂവരേയും തിരിച്ചെത്തിച്ചശേഷം നിയമ നടപടികള്‍ എല്ലാം ആരംഭിക്കും. കേന്ദ്രമന്ത്രി രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 90,000 കോടി രൂപയാണ് വായ്പയിനത്തില്‍ തിരിച്ചടയ്ക്കാനുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 14,500 കോടി രൂപയുടെ ബാധ്യതവരുത്തി മുങ്ങിയെന്നാണ് നീരവ് മോദിക്കും അമ്മാവന് മെഹുല്‍ ചോക്സിക്കുമെതിരെയുള്ള ആരോപണം.
യുകെയില്‍ നിന്നും വിജയ് മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് കേന്ദ്ര സര്‍ക്കാരും അടുത്തിടെ അറിയിച്ചിരുന്നു. ഇത് കൂടാതെ ഗീതാഞ്ജലി ഗ്രൂപ്പിന്റെയും ചോക്സിയുടെയും 14.45 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് കണ്ടുകെട്ടിയിരുന്നു. ഇവരുടെ 2,550 കോടി മൂല്യമുള്ള സ്വത്തും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: