പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് സിപിഎം സീറ്റ് നല്‍കാത്തതിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കമ്മീഷന് കണ്ടെത്തിയിട്ടും പികെ ശശിക്ക് സീറ്റ് നിഷേധിച്ചത് ശരിയായില്ല. അദേഹത്തിന് സീറ്റ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അണികളോട് സിപിഎം വിശദീകരിക്കണമെന്നും ഷൊര്‍ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികൂടിയായ സന്ദീപ് പറഞ്ഞു.
തനിക്ക് നേരെ പികെ ശശി എംഎല്‍എ ലൈംഗിക അതിക്രമം നടത്തി എന്ന് പരാതിയുമായി വനിതാ നേതാവ് രംഗത്തുവന്നിരുന്നു. ജില്ലാ നേതൃത്വത്തിന് മുന്നില്‍ ആദ്യമെത്തിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും പരാതിയുമായി സമീപിച്ചു. ഇതോടെ വിഷയം വിവാദമായി. തുടര്‍ന്നാണ് സിപിഎം പരാതി അന്വേഷിക്കുന്നതിന് മന്ത്രി എകെ ബാലനേയും പികെ ശ്രീമതിയേയും അംഗമായ അന്വേഷണ കമ്മീഷനെ നിയോഗച്ചത്. എന്നാല്‍ പരാതിക്കാരി ഉന്നയിക്കുന്നയത്ര തീവ്രത അതിക്രമത്തിന് ഇല്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷനും തയ്യാറായിരു്ന്നില്ല.
ഷൊര്‍ണൂരില്‍ ഇത്തവണ പി.മമ്മിക്കുട്ടിയാണ് സിപിഎം സ്ഥാനാര്‍ഥി. യുഡിഎഫിനായി ടിഎച്ച് ഫിറോസ് ബാബുവാണ് മത്സര രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പികെ ശശി നിയമ സഭയില്‍ എത്തിയത്. കോണ്‍ഗ്രസിലെ സി സംഗീതയും ബിഡിജെഎസിലെ വിപി ചന്ദ്രനുമായിരുന്നു അന്ന് എതിരാളികള്‍.
2011 ല്‍ നേടിയ വോട്ടിന്റെ മൂന്നിരട്ടിയോളം നേടിയാണ് എന്‍ഡിഎ കഴിഞ്ഞ തവണ ശക്തി തെളിയിച്ചത്. ബിഡിജെഎസില്‍ നിന്നും ഇത്തവണ സീറ്റ് ബിജെപി ഏറ്റെടുത്തു. സംസ്ഥാന വക്താവിനെ തന്നെ മത്സരിപ്പിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ദേശീയ ജനാധിപത്യ സഖ്യം പ്രതീക്ഷിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: