ജനതാ കര്‍ഫ്യൂ ദിവസം രാവിലെയാണ് ഉതുപ്പാന് ഒരു ആശയം തോന്നിയത്. മാസങ്ങളായി തങ്ങള്‍ ചെയ്തുവരുന്ന ജോലി എത്രമാത്രം ഫലപ്രദമായെന്ന് ഒന്നു പരിശോധിക്കണ്ടേ. പ്രത്യുഷും കൂട്ടുകാരും വരുംമുമ്പ് തങ്ങള്‍ നേരിട്ടൊന്നു ബോധ്യപ്പെടണം. വിവരം പറഞ്ഞപ്പോള്‍ കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഷിബു സാമുവലിനും ഡയറക്ടര്‍മാരായ ഇസ്മയിലിനും ശരത്കുമാറിനും സന്തോഷം. മറ്റൊരു ഡയറക്ടറാണ് ഉതുപ്പാന്.
യന്ത്രമനുഷ്യരെ വികസിപ്പിക്കുന്ന കമ്പനിയായതിനാല്‍ ലാബും സ്റ്റുഡിയോയും എല്ലാം ചേര്‍ന്ന വലിയൊരു കെട്ടിടമാണ്. ഡയറക്ടര്‍മാര്‍ക്കും സിഒഒയ്ക്കും താമസിക്കാന്‍ പ്രത്യേകം പ്രത്യേകം മുറികളുണ്ട്. അതിഥികള്‍ക്കായി രണ്ടു മുറികളും ജീവനക്കാര്‍ക്കു വേണ്ടി ചെറിയൊരു ഡോര്‍മിറ്ററിയും വേറെ. തത്ക്കാലം കമ്പനി ലാഭമുണ്ടാക്കിത്തുടങ്ങിയിട്ടില്ലെങ്കിലും ഇടയ്ക്കിടെയുള്ള ചര്‍ച്ചകള്‍ക്കും പകലും രാത്രിയും ജോലി ചെയ്യുന്നതിനും എല്ലാവരും ഒന്നിച്ചു താമസിക്കുന്നതാണ് നല്ലത് എന്ന തോന്നലിലാണ് ഇത്രയും വലിയ കെട്ടിടമെടുത്തത്. പക്ഷേ, ചെലവ് താങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ താമസസൗകര്യം ഒഴിവാക്കി ലാബിനും സ്റ്റുഡിയോയ്ക്കും മാത്രം സൗകര്യമുള്ള ചെറിയ കെട്ടിടം നോക്കണമെന്ന വിചാരവും ഡയറക്ടര്‍ ബോര്‍ഡിനുണ്ട്. പുതിയ കെട്ടിടം കണ്ടെത്തുംവരെ ഒന്നിച്ചു താമസിച്ച് പരമാവധി ജോലി തീര്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. അങ്ങനെയാണ് ജനതാ കര്‍ഫ്യൂവിനും വീട്ടില്‍ പോകാതെ എല്ലാവരും അവിടെ തന്നെ തങ്ങിയത്.
ലാബിലാണ് കാലാംഗനയെ ഇരുത്തിയിരിക്കുന്നത്. ഇരിക്കുകയും നില്‍ക്കുകയും നടക്കുകയുമൊക്കെ ചെയ്യും. പക്ഷേ, തത്കാലം ഇരുന്നു തന്നെ ട്രയല്‍ നടത്താം എന്നവര്‍ തീരുമാനിച്ചു. കാലാംഗനയുടെ മുന്നില്‍ നിരനിരയായിടുന്ന കസേരകളില്‍ കാണികള്‍ക്ക് ഇരിക്കാം. എല്ലാവര്ക്കും ത്രിഡി കണ്ണടയുണ്ടാവും. ചെവിയില്‍ പിടിപ്പിക്കാന്‍ ബ്ലൂ ടുത്തും നല്‍കും. കോളജിലും സ്കൂളിലുമൊക്കെ ക്ലാസെടുക്കുമ്പോള്‍ കാലാംഗന അണിഞ്ഞൊരുങ്ങിയ സുന്ദരി ടീച്ചറായിരിക്കും. പക്ഷേ, ചരിത്രത്തിനൊപ്പം കാലത്തിനു പിന്നിലേക്കും മുന്നിലേക്കും സംഭവങ്ങളിലേക്കുമൊക്കെ പോകണമെങ്കില്‍ ഇരുട്ടുമുറി വേണം. അപ്പോള്‍ കാലാംഗനയുടെ മുഖത്തോടു ചേര്‍ത്ത് വലിയൊരു സ്ക്രീന്‍ പിടിപ്പിക്കും. തിയറ്ററിലിരിക്കുന്നതു പോലെ തോന്നും. ഒരുതരം വെര്‍ച്വല്‍ റിയാലിറ്റി ഷോ.
അന്തിത്തുടുപ്പ് ഇതള്‍ കൊഴിഞ്ഞുവീണ റെയില്‍പ്പാളം, അഴകുനീര്ത്തി വിരിച്ച പരന്ന പാടം. കുട നീര്‍ത്തിയ കരിമ്പനകള്‍, തോണികള്‍ നീന്തുന്ന ഭാരതപ്പുഴ, പച്ച മരതകക്കുന്ന് പട്ടാമ്പി.അന്ന് മലയാള കവിതയുടെ കേന്ദ്ര തലസ്ഥാനമായിരുന്നു പട്ടാമ്പി. അലിഞ്ഞ മിഴികളാല്‍ ശിഷ്യരെ ഉഴിയുന്ന ഗുരുനാഥന്. മലനാടിന്റെ ഗുരുനാഥന്. ശ്രീ പുന്നശ്ശേരി നീലകണ്ഠ ശര്‍മ. ഉച്ചിരോമം പാറി, നെറ്റിയിലും മാറത്തും കൈകളിലും തെളിഭസ്മം പൂശി, സ്വര്‍ണം കെട്ടിയ ഗൗരീശങ്കര രുദ്രാക്ഷമാല ധരിച്ച്, കോടിയലക്കിയ പാവുടുത്ത്, ഇടങ്കൈയ്യില്‍ തോര്‍ത്തും കൊച്ചോലക്കുടയുമായി ഗുരുനാഥന് ദേവീഭജനം കഴിഞ്ഞ് അമ്പലത്തില്‍ നിന്നെഴുന്നള്ളുന്നു. ചുണ്ടില്‍ മുഴങ്ങുന്ന സ്തോത്ര നിര്‍ഘോഷങ്ങള്‍. ഭാരതത്തിന്റെ, കേരളത്തിന്റെ യുഗാചാര്യനായ ഗുരുനാഥന്. സാക്ഷാല്‍ വിദ്വാന് പണ്ഡിതരാജന്‍ പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠ ശര്‍മ…..
ചക്രത്തിന് താണിറങ്ങാന്‍ സമയമായി. കടലാസ് മടക്കി പോക്കറ്റിലിട്ടുകൊണ്ട് ഷിബു മറ്റുള്ളവരെ നോക്കി. ഭൂമിയെ തൊടുമ്പോഴുള്ള പ്രത്യേക ശബ്ദമുയര്‍ന്നു കേട്ടപ്പോള്‍ യാത്രികര്‍ ചക്രത്തിലെ ആണ്ടുപലകയില് നോക്കി. 1889 വിദ്യാരംഭദിനം. പുന്നശ്ശേരി ഇല്ലത്തെ പത്തായപ്പുരയില്‍ ചരിത്രത്തിലേക്കു കടന്നിരിക്കാനുള്ള ഒരു പാഠശാല പിറക്കുകയാണ്. ഗുരുനാഥന് നീലകണ്ഠശര്‍മ നാവുയര്‍ത്തി അതിനു പേരിടുന്നു. സാരസ്വതോദ്യോതിനി സംസ്കൃതപാഠശാല. ലക്ഷ്യം ജാതിമതഭേദം കൂടാതെ എല്ലാവരെയും സംസ്കൃതം പഠിപ്പിക്കുക.
അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്തായിരിക്കാം? ഏറെക്കാലമായുള്ളൊരു നെഞ്ചുനീറ്റല്‍. ഭാരതം അറിവുകളുടെ വലിയ കടലാണ്. പക്ഷേ, ആ കടലില്‍ നിന്ന് ഒരു കൈക്കുമ്പിളില്‍ പോലും വെള്ളം കോരിയെടുക്കാന്‍ ജനസമുദ്രത്തിനു കഴിയുന്നില്ല. കാരണം അതിന്റെ അതിരുകളും ആഴങ്ങളുമൊക്കെ നിര്‍മിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതം കൊണ്ടാണ്. സംസ്കൃതം പഠിക്കാനോ അറിഞ്ഞു പെരുമാറാനോ അവകാശമുള്ളത് ബ്രാഹ്മണര്‍ക്കു മാത്രം. അവരില്‍ തന്നെ വളരെ കുറച്ചുപേര്‍ക്കേ അറിവുകളോടു താല്പര്യമുള്ളൂ. തീണ്ടല് ജാതിക്കാര്‍ക്ക് ഈ അറിവുകളെല്ലാം നിഷേധിക്കപ്പെടുന്നു. കാരണം അവര്‍ക്കു സംസ്കൃതം പഠിക്കാന്‍ അവകാശമില്ല.
എല്ലാവര്ക്കും അവകാശപ്പെട്ട അറിവുകളുടെ വലിയശേഖരം ആര്‍ക്കും പ്രയോജനപ്പെടാതെ നശിച്ചുപോകുന്നുവെന്നതായിരുന്നു അദ്ദേഹത്തിന്റെ നെഞ്ചുനീറ്റല്‍. തനിക്കു ചുറ്റുമുള്ള സമൂഹത്തെക്കുറിച്ചു ചിന്തിച്ചു വേദനിക്കുമ്പോഴൊക്കെ ഇഷ്ടപരദേവതയായ ഈഹാപുരേശ്വരി ഉള്ളില്‍ വന്നു പറഞ്ഞുകൊണ്ടിരുന്നു. നീയാണതു ചെയ്യേണ്ടത്. നിന്റെ കടമയാണ്.
അന്തഃപ്രേരണ ശക്തമായപ്പോള്‍ സരസ്വതീദേവിക്ക് തീണ്ടലില്ല എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് സ്വന്തം ഇല്ലത്തിന്റെ പത്തായപ്പുരയില്‍ പുതിയ പാഠശാലയ്ക്ക് ആരംഭം കുറിച്ചു.
നമുക്കിനി നമ്പിയോടൊപ്പം കുറച്ചു സഞ്ചരിക്കാം. ചിലതൊക്കെ കണ്ടു മനസ്സിലാക്കാം.
ചക്രം പറഞ്ഞു. നാല്‍വര്‍ തലകുലുക്കി.
സംസ്കൃത ഭാഷയും വ്യാകരണവും ശാസ്ത്രങ്ങളും എല്ലാം പഠിപ്പിക്കും, ആര്‍ക്കും വരാം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പാഠശാല തുടങ്ങിയതെങ്കിലും കുറച്ചു ബ്രാഹ്മണര്‍ മാത്രമാണ് കുട്ടികളെ അയയ്ക്കുന്നത്. കുട്ടികളെ വിടാനാവശ്യപ്പെട്ടുകൊണ്ട് അവര്‍ണരുടെ വീടുകളിലേക്ക് ആളുകളെ പറഞ്ഞുവിടുന്നുണ്ട്. സമൂഹത്തിലെ മേല്‍ക്കോയ്മക്കാരായ ബ്രാഹ്മണരെ ഭയന്നിട്ടോ അപകര്ഷതാബോധത്താലോ, പരിസരങ്ങളില്‍ താമസിക്കുന്ന അവര്ണരൊന്നും പാഠശാലയിലേക്കു വരുന്നില്ല. കുട്ടികളെ വിടുന്നുമില്ല. അപ്പോഴാണ് അദ്ദേഹത്തിന് ഒരു ബുദ്ധി തോന്നുന്നത്. ഉത്തമസുഹൃത്ത് ശ്രീനാരായണഗുരുവിന്റെ സഹായമഭ്യര്‍ഥിക്കുക. വിശദമായൊരു കത്തിലൂടെ നമ്പി ശ്രീനാരായണഗുരുവുമായി സംസാരിക്കുന്നു.
നമ്പിയുടെ മനസ്സുനീറ്റത്തിന്റെ ആഴം ഗുരുദേവന് അറിയുന്നു. ആ നീറ്റം മാറ്റേണ്ടത് തന്റെ ചുമതലയാണെന്ന് അദ്ദേഹത്തിനു തോന്നുന്നു. പിന്നെ താമസമില്ല. തിരുവിതാംകൂറില്‍ നിന്നുള്ള ഈഴവവിദ്യാര്ഥികളെ ഗുരു പട്ടാമ്പിക്കു പറഞ്ഞുവിടാന്‍ തുടങ്ങുന്നു. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റാവാനിരിക്കുന്ന എം.കെ. ഗോവിന്ദന് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സംസ്കൃതം പഠിക്കുന്നത് നീലകണ്ഠശര്‍മയുടെ മുഖത്തു നിന്നാണ്.
പലപ്പോഴായി ശ്രീനാരായണഗുരു പറഞ്ഞയച്ച ഇരുനൂറിലേറെ കുട്ടികള്‍ നമ്പിയുടെ ശിക്ഷണത്തില്‍ സംസ്കൃതം പഠിച്ച് പണ്ഡിതരായിക്കൊണ്ടിരിക്കുന്നതറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ മതങ്ങളിലും ജാതികളിലും പെട്ട അറിവുതേടികള് പട്ടാമ്പിയിലേക്ക്. അവര്‍ക്കൊക്കെ ആ സാത്വികബ്രാഹ്മണന് ഗുരുവും കാണപ്പെട്ട ദൈവവുമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: