വലിയൊരു ആകാശ ദൗത്യം വിജയിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇന്ന് ശാസ്ത്രലോകം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ‘നാസ’ തൊടുത്തുവിട്ട ‘പേഴ്സിവിയറന്‍സ്’ ഒരു വെള്ളിയാഴ്ച പുലര്‍ച്ചെ ചൊവ്വാഗ്രഹത്തില്‍ പറന്നിറങ്ങിയിരിക്കുന്നു. ചുവന്ന ഗ്രഹത്തിലെ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തുകയെന്നത് ലക്ഷ്യം. ഏതാണ്ട് 350 കോടി വര്‍ഷം മുന്‍പ് ജലവും ജീവനും നിലനിന്നിരുന്നുവെന്ന് കരുതപ്പെടുന്ന ‘ജസീറോ’ ക്രേറ്റ റിലാണ് പെഴ്സിവിയറന്‍സ് അന്വേഷണയാത്ര ആരംഭിക്കുന്നത്.
‘പെഴ്സിവിയറന്‍സ്’ എന്നാല്‍ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ മനുഷ്യനിര്‍മിത റോവര്‍. സോജനര്, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയുടെ പിന്‍ഗാമി. പക്ഷേ അവരെക്കാളൊക്കെ കരുത്തുറ്റവന്‍. ആധുനികന്. ചുവന്ന ഗ്രഹത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡില്‍ നിന്ന് ഓക്സിജനെ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ‘മോക്സി.’ ചൊവ്വയിലെ കാലാവസ്ഥ ഇഴകീറി വിശകലനം ചെയ്യാന്‍ മികവുള്ള ‘മെഡ’, മണ്ണിന്റെയും പാറയുടെയും ഘടന ആഴത്തില്‍ പഠിക്കുന്ന ‘ഷെര്‍ലക്’ തുടങ്ങി എത്രയോ യന്ത്രങ്ങളാണ് പെഴ്സിവിയറന്‍സിന്റെ കരുത്ത്. കൂട്ടിന് ‘ഇന്‍ജെനുവിറ്റി’ എന്നൊരു കുഞ്ഞന്‍ ഹെലികോപ്റ്ററുമുണ്ട്.
2020 ജനുവരി 30 ന് ഭൂമിയില്‍നിന്ന് തിരിച്ച ഈ ചൊവ്വാ ദൗത്യം കേവലം ഏഴുമാസം കൊണ്ടാണ് ചുവന്ന ഗ്രഹത്തില്‍ കാല്‍തൊട്ടത്. അതും അതീവ സാഹസികമായ ഒരു ശ്രമത്തിലൂടെ ഏഴുമാസംകൊണ്ട് 48 കോടി കിലോമീറ്റര്‍ യാത്ര. അതിനുവേണ്ടി വന്ന ചെലവ് 270 കോടി ഡോളര്‍. റോവര്‍ ദൗത്യം തുടങ്ങിക്കഴിഞ്ഞു. തീരെ സാന്ദ്രതയില്ലാത്ത ചൊവ്വയിലെ അതീവ ദുഷ്കരമായ അന്തരീക്ഷത്തില്‍ ‘പെഴ്സിവിയറന്‍സ്’ നേട്ടമുണ്ടാക്കുമെന്നു തന്നെയാണ് ശാസ്ത്രലോകം കരുതുന്നത്.
പക്ഷേ അതുവരെ കാത്തിരിക്കാന്‍ ‘ഇലോണ്‍ മസ്ക്’ തയ്യാറില്ല. ടെസ്ലോ കാര്‍ കമ്പനിയുടെ ഉടമയായ ശതകോടീശ്വര്‍ ഇലോണ്‍ മസ്ക്. ‘സ്പേസ്-എക്സ്’ എന്ന റോക്കറ്റ് വിക്ഷേപണ കമ്പനിയുടെ ഉടമയാണ് ഇലോണ്‍ മസ്ക്. ബഹിരാകാശത്തേക്ക് സ്വന്തം റോക്കറ്റ് കരുത്തില്‍ ഒരു വൈദ്യുത കാറിനെ എത്തിച്ച രസികന്‍. ചൊവ്വാഗ്രഹത്തിലേക്ക് ആളെ കയറ്റിയിറക്കാനുള്ള കൂറ്റന്‍ ആകാശക്കപ്പല്‍ നിര്‍മിക്കുന്ന തിരക്കിലാണ് മസ്ക്. ഒരു ട്രിപ്പില്‍ ചുരുങ്ങിയത് നൂറ് പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇലോണ്‍ തരപ്പെടുത്തുക. ചൊവ്വയില്‍ നഗരങ്ങള്‍ പടുത്തുയര്‍ത്തുന്നതും, അവിടെ പതിനായിരങ്ങള്‍ അന്തിയുറങ്ങുന്നതും വൈകാതെ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ ഭൂമിയിലെ മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന് ഭീഷണി ഉണ്ടാവുന്ന പക്ഷം ഏക രക്ഷ ഈ ചുവന്ന ഗ്രഹം മാത്രമാണെന്ന് ഇലോണ്‍ പറയുന്നു. അന്യഗ്രഹങ്ങളില്‍ കോളനി തീര്‍ക്കുന്നതിനെക്കുറിച്ച് 2016 ല്‍ മെക്സിക്കോയില്‍ നടന്ന ഒരു അന്തര്‍ദ്ദേശീയ സമ്മേളനത്തിലാണ് ഇലോണ്‍ വ്യക്തത വരുത്തിയത്.
സ്പേസ്-എക്സ് രൂപപ്പെടുത്തുന്ന ആകാശക്കപ്പലിന്റെ ആദിമാതൃക ടെക്സസിലെ ‘ബൊക്കാചിക്ക’യിലുള്ള പണിപ്പുരയില്‍ തയ്യാറായിക്കഴിഞ്ഞു. ചില പരീക്ഷണ വിക്ഷേപണങ്ങളും നടത്തി. ‘സൂപ്പര്‍ ഹെവി’ എന്നുവിളിക്കുന്ന റോക്കറ്റും ‘സ്പേസ് ക്രാഫ്ട്’ എന്നറിയപ്പെടുന്ന യാത്രായാനവും ചേര്‍ന്നതാണ് ഇലോണ്‍ മസ്കിന്റെ ആകാശക്കപ്പല്‍. പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീല്‍കൊണ്ട് നിര്‍മിച്ചത്. നിരവധി ട്രിപ്പുകള്‍ ഓടിക്കാന്‍ പറ്റിയതായിരിക്കുമത്രേ ഈ ആകാശക്കപ്പല്‍. വിക്ഷേപണത്തിനുപയോഗിക്കുന്ന ബൂസ്റ്റര്‍ റോക്കറ്റുകള്‍ പോലും താഴെ വീഴാതെ പുനരുപയോഗത്തിനായി ശേഖരിക്കാനുള്ള സംവിധാനവും സ്പേസ് എക്വിന്റെ പ്രത്യേകതയാണ്.
വിക്ഷേപണ സൗകര്യത്തിന് കടലിനെപ്പോലും പരുവപ്പെടുത്താമെന്നതാണ് ഇലോണിന്റെ ഈ കമ്പനിയുടെ ലക്ഷ്യം. കടലില്‍ പൊങ്ങിക്കിടക്കുന്ന സ്പേസ് പോര്‍ട്ടുകള്‍ (ഫ്ളോട്ടിങ് സ്പേസ് പോര്‍ട്ട്) ഉപയോഗിച്ച്. മെക്സിക്കോ ഉള്‍ക്കടലിലെ തുറമുഖ നഗരമായ ബ്രൗണ്‍സ് വില്ലയില്‍ ഇത്തരമൊരു സംരംഭം ലക്ഷ്യമിട്ട് ഇലോണ്‍ മസ്ക് രണ്ട് ഓയില്‍ റിഗ്ഗുകള്‍ വാങ്ങിക്കഴിഞ്ഞുവെന്നാണ് വാര്‍ത്ത. ഏതാണ്ട് 8500 അടി ആഴത്തില്‍ എണ്ണ ഖനനത്തിനുറപ്പിച്ചവ. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളായ ‘ഡിമോസ്’, ‘ഫൊബോസ്’ എന്നീ പേരുകളാണത്രെ രണ്ട് റിഗ്ഗുകള്‍ക്കും നല്‍കിയിരിക്കുന്നത്.
തന്റെ ചൊവ്വാ വിമാനത്തില്‍ 40 കാബിനുകളാണ് മസ്ക് പണിതീര്‍ക്കുന്നത്. ഓരോ കാബിനിലും രണ്ടോ മൂന്നോ പേര് വീതം. ചുവന്ന ഗ്രഹയാത്രയ്ക്കു മാത്രമല്ല, ചാന്ദ്രയാത്രയ്ക്കും മസ്കിന്റെ ആകാശക്കപ്പല്‍ ഉപയോഗപ്പെടുത്താമത്രേ. ഭൂമിയിലെ വിദൂരനാടുകളിലേക്ക് അതിവേഗമെത്താനും ഇവ ഉപയോഗപ്പെടും. ചാന്ദ്രദൗത്യങ്ങള്‍ക്കായി ആകാശക്കപ്പലുകളെ രൂപകല്‍പ്പന ചെയ്യുന്നതിന് ‘നാസ’ 135 ദശലക്ഷം ഡോളര്‍ സ്പേസ് എക്സിനു നല്കിയ വാര്‍ത്തയും ഇവിടെ കൂട്ടിവായിക്കാം.
പക്ഷേ ഈ യാത്ര അത്ര എളുപ്പമല്ല. ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്യേണ്ടതുണ്ട്. ഒട്ടേറെ അപകടങ്ങളെ ഒഴിവാക്കേണ്ടതുമുണ്ട്. യാത്രക്കിടയിലുണ്ടായേക്കാവുന്ന അയണീകരണ വികിരണ ഭയവും, ചൊവ്വയിലെ തീരെ സാന്ദ്രതയില്ലാത്ത നേര്‍ത്ത അന്തരീക്ഷവും അതില്‍ ചിലത് മാത്രം.
വാല്‍ക്കഷണം
കൊറോണയെ മണത്തു പിടിക്കുന്നവര്‍-വന്‍തുകയൊന്നും ലബോറട്ടറികള്‍ക്കു നല്‍കാതെ മണം പിടിച്ച് കൊറോണ/കൊവിഡ് രോഗികളെ കണ്ടുപിടിക്കാമെന്ന് ജര്‍മ്മന്‍ പോലീസ്. ജര്‍മന്‍ സ്നിഫര്‍ പട്ടികള്‍ 94 ശതമാനം കൃത്യതയോടെ കൊവിഡ് രോഗികളെ മണത്തുപിടിക്കുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ത്താക്കുറിപ്പ്. രോഗം ബാധിച്ച വ്യക്തികളുടെ കോശങ്ങളില്‍ നിന്നു പുറപ്പെടുന്ന ഗന്ധമാണത്രേ പരിശീലനം നേടിയ ഈ നായ്ക്കള്‍ കണ്ടെത്തുന്നത്. ഇവയുടെ ജോലി വിമാനത്താവളങ്ങളിലാണ്. ഫിന്‍ലാന്റിന്റെ തലസ്ഥാനമായ ഹെല്‍സിങ്കി വിമാനത്താവളത്തില്‍ വൈറസ് ബാധിതരായ യാത്രികരെ കണ്ടെത്താന്‍ ഈ പട്ടികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ഒരു രോഗിയെ മണത്തുപിടിക്കാന്‍ അവയ്ക്കുവേണ്ടത് വെറും 10 സെക്കന്റ് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: