തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ഇടതുമുന്നണിയില്‍ നിന്നും അനിശ്ചിതത്വം തുടരുന്ന കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര് ബിജെപിയില്‍ ചേര്‍ന്നേക്കും. ബിജെപിയിലേക്കുള്ള ഒഴുക്കില്‍ ഇരുമുന്നണികളും അങ്കലാപ്പിലാണ്. പൊതുജന സ്വീകാര്യതയുള്ള പ്രമുഖര്‍ അംഗത്വം സ്വീകരിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ബിജെപിലേക്ക് വരുന്നവരുടെ എണ്ണം വര്‍ധിച്ചു. പ്രതിപക്ഷത്തിന്റെ റോള്‍ ബിജെപി ഏറ്റെടുത്തതോടെ എന്‍ഡിഎ-എല്‍ഡിഎഫ് പോരിലേക്ക് തെരഞ്ഞെടുപ്പ് രംഗം വഴിമാറി. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്തെ സംബന്ധിച്ച് ചര്‍ച്ച കൊടുമ്പിരികൊള്ളുകയാണ്.
ഇടതു-വലതു മുന്നണികളിലെ ചില പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ വരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുമായി എന്‍ഡിഎ നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേഡര്‍ സ്വഭാവം പുലര്‍ത്തുന്ന സിപിഎമ്മില്‍ നിന്നു പോലും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന ഭീഷണി മുഴക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലയളവില്‍ കൂടുതല്‍ പേര് സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ പോകുമെന്ന് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങളും സമ്മതിക്കുന്നു. ഇതിന് തടയിടാന്‍ വ്യാജപ്രചാരണ, ഭീഷണികള്‍ വിവിധ ഇടങ്ങളില്‍ സ്വീകരിച്ചു കഴിഞ്ഞു.
ഇടതുമുന്നണിയില്‍ നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ പോയേക്കാമെന്ന ചര്‍ച്ച സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ചാഞ്ചാടി നില്ക്കുന്നവരുമായി സംസ്ഥാന നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്ന നിര്‍ദേശം കഴിഞ്ഞ 10ന് ചേര്‍ന്ന സമ്പൂര്‍ണ സെക്രട്ടേറിയറ്റിലുണ്ടായി. തെരഞ്ഞെടുപ്പ് പ്രമാണിച്ച് എല്ലാ ദിവസവും ചേരുന്ന അവയിലബിള്‍ സെക്രട്ടേറിയറ്റിലും ഇതു സംബന്ധിച്ച് വിവരങ്ങള്‍ വിലയിരുത്തുന്നുണ്ട്.
ഏറ്റവും ഒടുവില്‍ വിജയന് തോമസ് കൂടി ബിജെപിയില്‍ എത്തിയതോടെ കോണ്‍ഗ്രസ് ക്യാമ്പ് ആകെ ഭയപ്പാടിലാണ്. അതു കൊണ്ടു തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം ധൃതിപിടിച്ചു വേണ്ടെന്ന നിലപാടിലാണ് കെപിസിസിയും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുന്നതോടെ കൂടുതല്‍ പേര് പാര്ട്ടിവിട്ടേക്കാമെന്ന വിലയിരുത്തല്‍ യുഡിഎഫ് ക്യാമ്പിലുണ്ട്. സ്ക്രീനിങ് കമ്മിറ്റിയിലും കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അഭിപ്രായവ്യത്യാസം കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു പറഞ്ഞു. ഇന്നു മുതല്‍ ചേരുന്ന പ്രചാരണ കമ്മിറ്റി യോഗത്തിലും കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകും.
അബ്ദുള്ളക്കുട്ടി മുതല്‍ വിജയന് തോമസ് വരെയുള്ളവരുടെ ബിജെപി പ്രവേശനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇരുമുന്നണികളും. അതേസമയം, സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും അടിസ്ഥാന പ്രവര്‍ത്തനങ്ങളുമായി എന്‍ഡിഎ സംവിധാനം മുന്നോട്ട് പോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: