മലപ്പുറം: പച്ചയായ മക്കള്‍ രാഷ്ട്രീയത്തിന് വഴങ്ങിക്കൊടുത്ത് മുസ്ലിംലീഗ്. വെള്ളിയാഴ്ച ലീഗിന്റെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കളമശേരിയില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകന് വി.ഇ. അബ്ദുള്‍ ഗഫൂര്‍ സ്ഥാനാര്‍ത്ഥി.
ഉദ്ഘാടനത്തിന് ശേഷം പാലാരിവട്ടം പാലം തകര്‍ന്ന കേസില്‍ വിജിലന്‍സും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഇബ്രാഹിംകുഞ്ഞിന് സീറ്റ് കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അതോടെ, ഇബ്രാഹിം കുഞ്ഞ് മകന് കളമശ്ശേരി സീറ്റ് നല്കാന് ചരടുവലി തുടങ്ങി.
ലീഗിന് ഇത്രയേറെ മാനക്കേടുണ്ടാക്കിയ കേസായിട്ടും മക്കള്‍ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ലീഗും കോണ്‍ഗ്രസ് മാതൃക പിന്തുടരുന്നുതില് മടികാട്ടിയില്ല. ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് കൊടുക്കാന്‍ ലീഗ് നേതൃയോഗം പച്ചക്കൊടി വീശുകയും ചെയ്തു.
മകന് സീറ്റ് കിട്ടിയ വാര്‍ത്തയറിഞ്ഞപ്പോള്‍ കണ്ഠമിടറിക്കൊണ്ടായിരുന്നു ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളെ കണ്ടത്. നാല് പ്രാവശ്യം എംഎല്‍എ ആകാനും രണ്ട് പ്രാവശ്യം മന്ത്രിയാകാനും അവസരം നല്കിയ പാര്‍ട്ടിക്ക് ഇബ്രാഹിം കുഞ്ഞ് നന്ദി പറഞ്ഞു. തന്റെ മകന് എന്ന നിലയിലല്ല വി.ഇ. അബ്ദുള്‍ ഗഫൂര്‍ എത്തുന്നതെന്നും മസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറി എന്ന നിലയിലാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
ഹൈക്കോടതിയില്‍ അഭിഭാഷകനാണ് അബ്ദുള്‍ ഗഫൂര്‍. കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായി കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂത്ത് ലീഗിന്റെ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: