കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വി.വി. രമേശനെ സ്ഥാനാര്‍ഥിയാക്കിയതോടെ സിപിഎമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. മണ്ഡലത്തില്‍ സുപരിചിതരായ നേതാക്കള്‍ ഉണ്ടായിരിക്കെ കെട്ടിയെഴുന്നള്ളിച്ച സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം പ്രവര്‍ത്തകര്‍.
സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ മണ്ഡലം കമ്മിറ്റി തള്ളിയിരുന്നു. സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേര്‍ന്ന ശേഷമാണ് കെ.ആര്. ജയാനന്ദ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. മണ്ഡലം കമ്മിറ്റി ഈ നിര്‍ദേശം തള്ളുകയായിരുന്നു. മുന്‍ എംഎല്‍എ കെ.പി. സതീഷ്ചന്ദ്രന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫ എന്നിവരുടെ പേരുകളാണ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത്. എന്നാല്‍, ജില്ലാ കമ്മിറ്റിക്ക് തീരുമാനമെടുക്കാന്‍ സാധിച്ചില്ല.
ജില്ലാ കമ്മിറ്റി നിര്‍ദേശം മണ്ഡലം കമ്മിറ്റി തള്ളിയതോടെയാണ് മണ്ഡലത്തിന് പുറത്ത് നിന്നുള്ള വിവി. രമേശനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കാഞ്ഞങ്ങാട് നഗരസഭ മുന്‍ അധ്യക്ഷനാണ് വി.വി. രമേശന്. സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ തീരുമാനം തള്ളിയ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് വി.വി. രമേശനെ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, രമേശന്റെ സ്ഥാനാര്‍ഥിത്വം സിപിഎമ്മിന് കൂനിന്മേല് കുരുവായിരിക്കുകയാണ്.
സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച കെ.ആര്. ജയാനന്ദനെയും ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച ശങ്കറൈയും മണ്ഡലം കമ്മിറ്റി തള്ളി. ഇരുവരും ഇതേ മണ്ഡലത്തിലെ താമസക്കാരായിട്ടും കമ്മിറ്റിയിലെ ചേരിതിരിവാണ് ഇരു പേരുകളും തള്ളാന്‍ കാരണം. ഇതിനിടെ, ഒരു പേര് അടിയന്തരമായി നല്കാന് സംസ്ഥാന സമിതി ജില്ലാ കമ്മിറ്റിക്ക് അന്ത്യശാസനം നല്‍കിയതോടെയാണ് പുറത്ത് നിന്നൊരാളെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതോടെ കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്മാന് വി.വി. രമേശനെ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന് വിജയപ്രതീക്ഷ തീരെയില്ല. മണ്ഡലത്തിന് പുറത്ത് നിന്നും തീര്‍ത്തും അപരിചിതനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുളള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മഞ്ചേശ്വരം മേഖലയിലെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ മഞ്ചേശ്വരം മേഖലയില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്നാണ് സൂചന. ചില നേതാക്കളും പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി വിടാനുള്ള നീക്കം ആരംഭിച്ചതായും അറിയുന്നു.
വൈ. കൃഷ്ണദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: