തിരുവനന്തപുരം: മാര്‍ച്ച് 12 മുതല്‍ 19 വരെ വെര്‍ച്വലായി നടത്തുന്ന നാലാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്)പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. (കോഴിക്കോട് വെച്ച് നടന്ന രണ്ടാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസറ്റിവെല്ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്. 12 ന് വൈകിട്ട് 6 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആയുഷ് മന്ത്രാലയത്തിന്റെ ചുമതലകൂടി വഹിക്കുന്ന കേന്ദ്ര യുവജന മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര സഹമന്ത്രിയും സംഘാടക സമതി ചെയര്‍മാനുമായ വി. മുരളീധരന്, ഫിക്കി പ്രസിഡന്റ് ഉദയ് ശങ്കര്‍, ഫിക്കി മുന്‍ പ്രസിഡന്റ് ഡോ. സംഗീത റെഡി, സിസ്സ പ്രസിഡന്റും , ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സെക്രട്ടറി ജനറല്‍ ഡോ. ജി.ജി ഗംഗാധരന്, തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയിന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്, കേന്ദ്ര ആയുഷ് അഡൈ്വസര്‍ വൈദ്യ മനോജ് നേസരി, തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും).
2020 മേയ് മാസത്തില്‍ അങ്കമാലിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെസ്റ്റിവെല്‍ കൊവിഡ് കാരണം അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത്തവണ ഫെസ്റ്റിവെല്‍ വെര്‍ച്വലിലേക്ക് മാറ്റിയത്. 8 ദിവസങ്ങളിലായുള്ള ഫെസ്റ്റിവെല്ലില്‍ അന്താരാഷ്ട്ര സെമിനാര്‍, ആഗോള എക്സിബിഷന്, ബിസിനസ് മീറ്റ് തുടങ്ങിയവയുമുണ്ട്.
പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണത്തിലും, പേപ്പറുകള്‍ അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞന്മാരുടേയും, രാജ്യങ്ങളുടേയും എണ്ണത്തിലും, പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങളുടെ എണ്ണത്തിലും സര്‍വ്വകാല റെക്കോര്‍ഡാണ് ഇത്തവണ ഫെസ്റ്റിവെലില്‍ ഉള്ളത്. അഞ്ച് വെര്‍ച്വല്‍ വേദികളിലായി എട്ട് ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ട് നില്ക്കുന്ന ശാസ്ത്ര സമ്മേളനത്തില്‍ 35 രാജ്യാന്തര പ്രശസ്തരായ ശാസ്ത്രജ്ഞന്മാരും, 150 തില്‍ പരം ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരും പ്രഭാഷണങ്ങള്‍ നടത്തും, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 1150 ഗവേഷണ പ്രബന്ധങ്ങളില്‍ 650 എണ്ണം നേരിട്ടും, 500 എണ്ണം പോസ്റ്റര്‍ പ്രസന്റേഷനുമായി അവതരിപ്പിക്കും.
ശാസ്ത്ര സമ്മേളനങ്ങള്‍ പ്രതിനിധികള്‍ക്ക് മാത്രമായി പരിമിധിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ചുള്ള ഡിജിറ്റല്‍ എക്സിബിഷനില്‍ പൊതു ജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. അനായി gaf.co.in എന്ന വെബ്സൈറ്റിലൂടെ എക്സിബിഷനിലൂടെ പ്രവേശിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: