ജയ്പൂര്‍: വനിതകള്‍ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയസ്ഥാപനമായ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആത്മീയാചാര്യ രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി വിടവാങ്ങി. ഈ പ്രസ്ഥാനത്തിന്റെ ആഗോള ആചാര്യയായിരുന്ന അവര്‍ക്ക് 93 വയസ്സായിരുന്നു.
അന്ത്യശുശ്രൂഷകള്‍ മാര്‍ച്ച് 13 ശനിയാഴ്ച രാജസ്ഥാനിലെ മൗണ്ട് അബുവിലെ ബ്രഹ്മകുമാരീസ് ആസ്ഥാനത്തെ ശാന്തിവന്‍ ക്യാംപസില്‍ നടക്കും.
മനുഷ്യന്റെ കഷ്ടതകള്‍ ദൂരീകരിക്കാനും സമൂഹത്തെ ശക്തിപ്പെടുത്താനും നടത്തിയ അസംഖ്യം പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജയോഗിനി ദാദി ഹൃദയ മോഹിനി ജി ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്ജലിയില്‍ പറഞ്ഞു. ആഗോളതലത്തില്‍ തന്നെ ബ്രഹ്മകുമാരീസ് കുടുംബത്തിന്റെ നന്മയുടെ സന്ദേശം പരത്തിയതില്‍ അവര്‍ നിര്ണ്ണായകപങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം വയസ്സില്‍ തുടങ്ങിയ അവരുടെ ആത്മീയസേവനം ഏകദേശം എട്ടരദശകത്തോളം തുടര്‍ന്നു. ഇക്കാലയളവില്‍ ബ്രഹ്മകുമാരീസ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പടര്‍ന്ന് പന്തലിച്ചു. ഇന്ന് 140 രാജ്യങ്ങളിലായി 8000ല്‍ അധികം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം സ്ഥാപിച്ചതിന് പിന്നില്‍ ദാദി ഗുല്‍സാര്‍ എന്നറിയപ്പെടുന്ന ഡോ. ദാദി ഹൃദയമോഹിനിയുടെ കര്മ്മകുശലതയ്ക്ക് നിര്‍ണ്ണായകപങ്കുണ്ട്. വ്യക്തികളുടെ കാഴ്ചപ്പാട് ഭൗതികതയില്‍ നിന്ന് ആത്മീയതയിലേക്ക് മാറ്റുന്നതിന് സഹായിക്കുന്ന സംഘം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: