കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കുള്ളില്‍ കനത്ത പ്രതിഷേധം. ധനമന്ത്രി തോമസ് ഐസകിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രൂക്ഷ വിമര്‍ശനവുമായി ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. സിപിഎമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
പി. ജയരാജനും ജി.സുധാകരനും ഉള്‍പെടെയുള്ള പ്രമുഖരെ തഴഞ്ഞതുകൊണ്ടുള്ള ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ട്ടിക്ക് ഇത്തവണ തിരിച്ചടിയാകും. വോട്ടുകള്‍ നഷ്ടപ്പെടും. പി ജയരാജനെ ഒഴിവാക്കിയതില്‍ വലിയ അമര്‍ഷമുണ്ട്. ഒഴിവാക്കിയത് ശരിയല്ല. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. ജി സുധാകരനേയും ഒഴിവാക്കി. ഐസക്ക് ഏറ്റവും നല്ല ധനമന്ത്രിയാണ്. ഒഴിവാക്കരുതെന്ന് കോടിയേരിയെ അടക്കം ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജില്ലാകമ്മിറ്റി പറയുന്നതാണ് പരിഗണിക്കേണ്ടെത്.
പിണറായിയുടെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാര്‍ത്ഥിയാകില്ല. സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചതിനാലാണ് പ്രതിഷേധം തെരുവിലെത്തിയത്. ഐസക്കിനെ തട്ടിയതിന്റെ ഉത്തരവാദിത്തം പിണറായിക്കാണെന്നാണ് തോന്നുന്നത്. വിഭാഗീയത നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് ഇത് കാണിക്കുന്നതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സൂചിപ്പിച്ചു. പരസ്യമായി മാപ്പ് പറഞ്ഞിട്ടും പിണറായി കാണാന്‍ എത്താത്തതില്‍ നിരാശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ന് സ്ഥാനാര്‍ത്ഥികളെ കുറിച്ച് പ്രഖ്യാപനം നടത്താനിരിക്കേ ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തില്‍ അണികളില്‍ പലരും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണ്. ആലപ്പുഴ തണ്ണീര്‍മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. പി.എസ്. ജ്യോതിസ് സിപിഎം നിലപാടുകളില്‍ പ്രതിഷധിച്ച് പാര്‍ട്ടി വിട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി. രണ്ട് ദിവസം മുമ്പ് വരെ സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുകയും, ഉറപ്പാണ് എല്‍ഡിഎഫ് എന്ന് തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ എന്ന് പ്രചാരണം നടത്തുകയും ചെയ്ത ആള്‍ ഇപ്പോള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ആയത് പാര്‍ട്ട് വന്‍ തിരിച്ചടി ആയിട്ടുണ്ട്. ജില്ലയിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു ജ്യോതിസ്. അതുകൊണ്ട് തന്നെ തണ്ണീര്‍മുക്കത്ത് സിപിഎം വിരുദ്ധ വികാരവും ഉടലെടുത്തിട്ടുണ്ട്.
ഇത് കൂടാതെ പൊന്നാനിയില്‍ പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്ത മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ടി.എം. സിദ്ദീഖ് സ്ഥാനാര്‍ഥി ആകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തള്ളി.
പാലക്കാട്ടെ കോങ്ങാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ. ശാന്തകുമാരിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ 8 ലോക്കല്‍ കമ്മിറ്റികളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നു. മഞ്ചേശ്വരത്ത് കെ.ആര്‍ ജയാനന്ദയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാന്‍ ഇന്നലത്തെ മണ്ഡലം കമ്മിറ്റി യോഗത്തിനും കഴിഞ്ഞില്ല. മലമ്പുഴയിലെ സ്ഥാനാര്‍ഥി എ. പ്രഭാകരനെതിരെ ‘സേവ് കമ്യൂണിസ’ത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചു. ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണം നടക്കുകയാണ്. കേസുകളില്‍ പ്രതിയായായതിന്റെ പേരില്‍ നടപടി നേരിട്ട ഏരിയ സെക്രട്ടറി സക്കീര്‍ ഹുസെന്റെ ഗോഡ്ഫാദറാണ് പി. രാജീവെന്നും അദ്ദേഹത്തെ വേണ്ടെന്നും ആവശ്യപ്പെട്ട് കളമശ്ശേരിയിലും പോസ്റ്റര്‍ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: