ന്യൂദല്‍ഹി: ഇന്ത്യയില്‍ മുതലെടുപ്പിനായി ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒന്നിച്ച് നിര്‍ത്തി ഭൂരിപക്ഷക്കാരായ ഹിന്ദുക്കളെ എതിര്‍ക്കുന്ന രീതിയാണ് മതേതരസ്വതന്ത്രവാദികളും അവസരവാദികളുമായ രാഷ്ട്രീയക്കാര്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള സാംസ്കാരിക ഏറ്റുമുട്ടല്‍ എന്നത് അംഗീകൃതമായ ചരിത്രസത്യമാണ്. ഈ ആഗോള, ഭാരതീയ പരിതസ്ഥിതികളിലാണ് മാര്‍പാപ്പ യുദ്ധത്താല്‍ തകര്‍ന്ന ഇറാഖിലേക്ക് കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായെത്തിയത്.
‘ക്രിസ്ത്യനായി നിലനില്ക്കാന് മാപ്പ് നല്കല് അനിവാര്യമാണ്,’ – തീവ്രവാദത്തിന്റെ ഉണങ്ങാത്ത മുറിവുകളാല്‍ തകര്‍ന്ന ഇറാഖിലെ നഗരത്തിലെ ജനങ്ങളോട് പോപ്പ് പറഞ്ഞു. അബ്രഹാമിന്റെ ജന്മസ്ഥലമായ ഉര് നഗരമുള്‍പ്പെടെ ഇറാഖിലെ ഏതാനും നഗരങ്ങളില്‍ പോപ്പ് സന്ദര്‍ശനം നടത്തി. ഉല്‍പ്പത്തിപുസ്തകത്തില്‍ ജൂതന്മാരുടെയും, ക്രിസ്ത്യാനികളുടെയും മുസ്ലിം പിതാമഹനായ അബ്രഹാമിന്റെയും (അറബിക് ഭാഷയില്‍ ഇബ്രാഹിം) ജന്മസ്ഥലമാണ് ഉര് എന്നറിയപ്പെടുന്ന ഉര് കാസ്ദിം.
‘മതംനിറഞ്ഞ മനസ്സില്‍ ശത്രുത, തീവ്രവാദം, അക്രമം എന്നിവ ഉണ്ടാകില്ല. മതത്തിന്റെ ഒറ്റുകാരാണ് അങ്ങിനെയുള്ളവര്‍,’ പോപ്പ് പറഞ്ഞു. ഷിയ മുസ്ലിങ്ങളുടെ ബഹുമാന്യ നേതാവായ 90 വയസ്സുള്ള ആയത്തൊള്ള അലി അല്‍-സിസ്റ്റാനിയുമായി നജഫില്‍ 45 മിനിറ്റ് നേരം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പോപ്പ് ഫ്രാന്‍സിസ് ഉറില്‍ എത്തിയത്. ഇതാദ്യമായാണ് ഇറാഖില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്.
മാര്‍ച്ച് ഏഴിനാണ് 84കാരനായ പോപ്പ് ഫ്രാന്‍സില്‍ ഇറാഖിലെ വടക്കന്‍ പട്ടണമായ ഖറക്വാഷില് എത്തിയത്. ഇറാഖിലെ നിനെവെ സമതലങ്ങളിലാണ് 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദസംഘടന ആഞ്ഞടിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ സമൂദായമാണ് നിനെവെ സമതലത്തിലുണ്ടായിരുന്നത്. അവരെ ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കുകയായിരുന്നു. ‘നാശനഷ്ടങ്ങള്‍ നികത്തി പൂര്‍ണ്ണമായും പഴയ സ്ഥിതിയിലേക്ക് മടങ്ങിപ്പോകാന്‍ ഇനിയും സമയമെടുക്കും. പക്ഷെ ആരും നിരാശപ്പെടരുത്,’ പോപ്പ് അവിടെ കൂടിയ വിശ്വാസികളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: